ന്യൂഡൽഹി / 2026 / നവംബർ 14
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ നവംബർ 15, 16 തീയതികളിൽ ഈജിപ്തിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വിപുലീകരിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, വ്യവസായ സഹകരണം വർധിപ്പിക്കുക, സംരംഭകർ തമ്മിലുള്ള ബന്ധം ശക്തമാക്കുക എന്നിവയാണ് ലക്ഷ്യം. ഇന്ത്യ–ഈജിപ്ത് സംയുക്ത വ്യാപാര സമിതിയുടെ ഏഴാമത് യോഗത്തിൽ ഗോയൽ സഹാധ്യക്ഷനാകും. സംയുക്ത ബിസിനസ് കൗൺസിൽ യോഗത്തിലും ബിസിനസ് ഫോറത്തിലും ഇന്ത്യൻ വ്യവസായ പ്രമുഖരും സ്റ്റാർട്ടപ്പുകളും പങ്കെടുക്കും. വിവിധ മേഖലകളിൽ നിന്നുള്ള 130ലധികം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരും മുതിർന്ന വ്യവസായ പ്രതിനിധികളും ഉൾപ്പെടുന്ന വലിയ സംഘവും സന്ദർശനത്തിന്റെ ഭാഗമാകും.
ചരിത്രബന്ധത്തിൽനിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്
ഇന്ത്യയും ഈജിപ്തും തമ്മിൽ ദീർഘകാലത്തെ ചരിത്രപരവും നാഗരികവുമായ ബന്ധമുണ്ട്. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലും അടുത്ത ബന്ധം നിലനിൽക്കുന്നു. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ, സാംസ്കാരിക മേഖലകളിലേക്ക് ഈ സഹകരണം വ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉഭയകക്ഷി ബന്ധത്തിന് പുതിയ വേഗം ലഭിച്ചു. തുടർന്ന് ബന്ധം തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്തി. സാമ്പത്തിക മേഖല ഉൾപ്പെടെ വിവിധ രംഗങ്ങളിൽ സഹകരണം വർധിപ്പിക്കാനുള്ള പൊതുപ്രതിബദ്ധതയും ഇരുരാജ്യങ്ങൾക്കുമുണ്ട്. സന്ദർശനത്തിനിടെ മുതിർന്ന ഈജിപ്ഷ്യൻ മന്ത്രിമാരുമായും പ്രമുഖ വ്യവസായ പ്രതിനിധികളുമായും ഗോയൽ കൂടിക്കാഴ്ച നടത്തും. ആഫ്രിക്കൻ കയറ്റുമതി–ഇറക്കുമതി ബാങ്കായ ആഫ്രെക്സിംബാങ്ക്, ഈജിപ്ഷ്യൻ ജൂനിയർ ബിസിനസ്മെൻ അസോസിയേഷൻ എന്നിവരുമായുള്ള കൂടിക്കാഴ്ചകളും പരിപാടിയിലുണ്ട്. ഈജിപ്ത്–ഇന്ത്യ സ്റ്റാർട്ടപ്പ് ഫോറത്തിലൂടെയും പുതിയ വ്യാപാര, നിക്ഷേപ, സംയുക്ത സംരംഭ സാധ്യതകൾ തേടും. വ്യാപാരം, നിക്ഷേപം, വ്യവസായ സഹകരണം, നൂതന ആശയങ്ങളിലെ പങ്കാളിത്തം എന്നിവയ്ക്ക് ഈ ചർച്ചകൾ പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.
കെയ്റോ യോഗത്തിൽ വിപണിപ്രവേശനം മുതൽ ഹരിത ഹൈഡ്രജൻ വരെ
നവംബർ 15ന് കെയ്റോയിൽ നടക്കുന്ന സംയുക്ത വ്യാപാര സമിതിയുടെ ഏഴാമത് യോഗത്തിൽ പീയൂഷ് ഗോയലും ഈജിപ്തിന്റെ നിക്ഷേപ–വിദേശ വ്യാപാര മന്ത്രി ഡോ. മുഹമ്മദ് ഫരീദ് സാലെയും സഹാധ്യക്ഷരാകും. സാമ്പത്തിക, വാണിജ്യ പങ്കാളിത്തത്തിന് ഇരുരാജ്യങ്ങളും നൽകുന്ന പ്രാധാന്യം പരിഗണിച്ച് സമിതിയെ മന്ത്രിതലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. വ്യാപാര, നിക്ഷേപ ബന്ധങ്ങളിലെ പുരോഗതി യോഗം വിലയിരുത്തും. പരസ്പരം വ്യാപാരം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വൈവിധ്യവും വ്യാപാരത്തിന്റെ വ്യാപ്തിയും കൂട്ടാനുള്ള നടപടികളും ചർച്ച ചെയ്യും. വിപണിപ്രവേശനം, തീരുവയേതര തടസ്സങ്ങൾ, വ്യാപാരപരിഹാര നടപടികൾ, കാർഷിക–ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഔഷധങ്ങൾ, ആരോഗ്യപരിചരണം, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, പെട്രോകെമിക്കൽസ്, വളങ്ങൾ, തുണിത്തരങ്ങൾ എന്നിവ ചർച്ചയിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, കസ്റ്റംസ് സഹകരണം, സേവനങ്ങൾ, പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ, ഗതാഗതം, ചരക്കുനീക്കം തുടങ്ങിയ പരസ്പര താൽപ്പര്യമുള്ള മേഖലകളും പരിഗണിക്കും.
ആറുമാസത്തെ ചരക്കുവ്യാപാരത്തിൽ 64 ശതമാനം വളർച്ച
2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്ത് ഇന്ത്യ–ഈജിപ്ത് ചരക്കുവ്യാപാരം 5.04 ബില്യൺ അമേരിക്കൻ ഡോളറിലെത്തി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 64 ശതമാനമാണ് വളർച്ച. 2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽനിന്ന് ഈജിപ്തിലേക്കുള്ള കയറ്റുമതി 3.87 ബില്യൺ ഡോളറും ഈജിപ്തിൽനിന്നുള്ള ഇറക്കുമതി 2.60 ബില്യൺ ഡോളറുമായിരുന്നു. മാംസം, കോഴിവളർത്തൽ ഉൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, ജൈവ രാസവസ്തുക്കൾ, പരുത്തി, യന്ത്രങ്ങൾ എന്നിവയാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. അസംസ്കൃത പെട്രോളിയം, വളങ്ങൾ, പരുത്തി, ധാതു ഉൽപ്പന്നങ്ങൾ എന്നിവയാണ് പ്രധാന ഇറക്കുമതികൾ. ഡയറക്ടറേറ്റ് ജനറൽ ഓഫ് കൊമേഴ്സ്യൽ ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളാണിത്. പരസ്പര വിപണികളിൽ കൂടുതൽ സംരംഭങ്ങൾക്ക് അവസരമൊരുക്കുക, സ്ഥാപനതല സംവിധാനങ്ങൾ ശക്തമാക്കുക, വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, നിക്ഷേപ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവയും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. സൂയസ് കനാൽ സാമ്പത്തിക മേഖല, വ്യവസായ വികസനം, ഉൽപ്പാദനം, അടിസ്ഥാനസൗകര്യം, തുറമുഖങ്ങൾ, ചരക്കുനീക്കം, പ്രാദേശിക മൂല്യശൃംഖലകൾ എന്നിവയിലെ സഹകരണ സാധ്യതകളും പരിഗണിക്കും. ഈജിപ്തിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്ര സ്ഥാനം അവിടെ സാന്നിധ്യം ശക്തമാക്കാനും ആഫ്രിക്ക, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ വിപണികളിലേക്ക് എത്താനും ഇന്ത്യൻ സംരംഭങ്ങൾക്ക് വലിയ അവസരം നൽകുന്നു.
സംയുക്ത സംരംഭങ്ങൾക്കും സാങ്കേതിക പങ്കാളിത്തത്തിനും അവസരം
ഇന്ത്യ–ഈജിപ്ത് സംയുക്ത ബിസിനസ് കൗൺസിൽ യോഗവും ബിസിനസ് ഫോറവും ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖർക്കും ബന്ധപ്പെട്ട മേഖലകളിലെ പ്രതിനിധികൾക്കും നേരിട്ട് ആശയവിനിമയം നടത്താനുള്ള വേദിയാകും. വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുക, സംയുക്ത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, സാങ്കേതിക പങ്കാളിത്തം വളർത്തുക, വ്യവസായ സഹകരണം ശക്തമാക്കുക എന്നിവയ്ക്കുള്ള സാധ്യതകൾ ഇവർ പരിശോധിക്കും. മുതിർന്ന ഈജിപ്ഷ്യൻ മന്ത്രിമാരുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളിലും വ്യാപാരം, നിക്ഷേപം, വ്യവസായ സഹകരണം എന്നിവയിൽ ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ആശയങ്ങൾ ഗോയൽ പങ്കുവയ്ക്കും. വടക്കേ ആഫ്രിക്കയിലെ പ്രധാന പങ്കാളിയും പ്രാദേശിക വിപണികളിലേക്കുള്ള തന്ത്രപ്രധാന പ്രവേശനകവാടവുമായ ഈജിപ്തുമായുള്ള സാമ്പത്തിക ബന്ധം വളർത്താനുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധതയാണ് സന്ദർശനം വ്യക്തമാക്കുന്നത്. ഉൽപ്പാദനം, ഔഷധനിർമാണം, വാഹനങ്ങൾ, തുണിത്തരങ്ങൾ, രാസവസ്തുക്കൾ, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, ഭക്ഷ്യസംസ്കരണം, പുനരുപയോഗ ഊർജം, ചരക്കുനീക്കം, നവീന സാങ്കേതികവിദ്യകൾ എന്നിവയിൽ സഹകരണം വിപുലീകരിക്കാൻ വലിയ സാധ്യതകളുണ്ട്. സന്ദർശനം സാമ്പത്തിക പങ്കാളിത്തത്തിന് പുതിയ വേഗം നൽകുമെന്നും സ്ഥാപനതല സഹകരണം ശക്തമാക്കുമെന്നും ഇരുരാജ്യങ്ങളിലെയും സംരംഭങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് പ്രതീക്ഷ.