ന്യൂഡൽഹി / 2026 / ഒക്ടോബർ 15
ടെലികോം മേഖലയ്ക്കായി ഇന്ത്യൻ നയങ്ങൾക്കിണങ്ങുന്ന ഏജന്റിക് നിർമിതബുദ്ധി സംവിധാനങ്ങൾ വികസിപ്പിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ടീമുകളെ ഒന്നിച്ചെത്തിച്ച് ബിൽഡ്-എ-തോൺ 5.0. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ന്യൂഡൽഹിയിലെ യശോഭൂമിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026-ന്റെ അവസാന ദിവസമായിരുന്നു പ്രായോഗിക പരിശീലനത്തിലൂടെ ശേഷി വികസിപ്പിക്കുന്ന ഈ പരിപാടി. ‘ഫൈവ് ജിയിൽ നൂതന ഏജന്റുകളെ സൃഷ്ടിക്കുക’ എന്നതായിരുന്നു പ്രമേയം. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറും സ്റ്റഡി ഗ്രൂപ്പ്സ് ആൻഡ് പോളിസി വിഭാഗം മേധാവിയുമായ ഡോ. ബിലാൽ ജമൂസി ഉദ്ഘാടനം ചെയ്തു. ടെലികോം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും വിദ്യാഭ്യാസ, വ്യവസായ, അന്താരാഷ്ട്ര സംഘടനാ, സാങ്കേതിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
രാജ്യത്തിന്റെ സാഹചര്യവും നിയമങ്ങളും നിർണായകം
രാജ്യത്തിന്റെ സാഹചര്യങ്ങൾക്കിണങ്ങുന്നതും അന്താരാഷ്ട്ര നിലവാരങ്ങൾ പാലിക്കുന്നതും പ്രാദേശിക നയങ്ങൾക്ക് വിധേയവുമായ ഏജന്റിക് നിർമിതബുദ്ധി സംവിധാനങ്ങൾ ആവശ്യമാണെന്ന് ഡോ. ജമൂസി പറഞ്ഞു. ജോലിയുടെ വിവിധ ഘട്ടങ്ങളിൽ നിർമിതബുദ്ധി ഉൾപ്പെടുത്തുന്നതിന്റെ പ്രയോജനം പൂർണമായി ലഭിക്കണം. ഇതിനായി യഥാർഥ നിർമിതബുദ്ധി സംവിധാനങ്ങൾ ഉപയോഗിച്ച് നയങ്ങളിലെ വിടവുകൾ കണ്ടെത്തുകയും നിയന്ത്രണച്ചട്ടങ്ങളിലൂടെ അവ പരിഹരിക്കുകയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി. ടെലികോം വകുപ്പിലെ സാറ്റലൈറ്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രഭാത് ദീക്ഷിതിന്റെയും എ.എസ്.-രണ്ട് വിഭാഗം ഡയറക്ടർ ബിഷ്ണു ദുബെയുടെയും നേതൃത്വം പരിപാടിയുടെ വിജയത്തിൽ നിർണായകമായി. സി-ഡോട്ടും സംഘാടക സംഘങ്ങളും പിന്തുണ നൽകി. ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ് സെന്ററിലെ എം.ടി. വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അമിത് ശ്രീവാസ്തവ, സി-ഡോട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബ്രജേഷ് മിശ്ര, ടെലികോം വകുപ്പിലെ മാധ്യമവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രചിഷ് ഖന്ന എന്നിവരും വിധികർത്താക്കളുടെ സംഘത്തിലുണ്ടായിരുന്നു.
ജൂലൈയിൽ തുടക്കം; പതിനാറ് മാതൃകകൾ സമർപ്പിച്ചു
ജൂലൈ ആദ്യമാണ് ബിൽഡ്-എ-തോൺ 5.0 ആരംഭിച്ചത്. ശരാശരി നാലുപേർ വീതമുള്ള ഇരുപത്തിയഞ്ചിലധികം ടീമുകൾ രജിസ്റ്റർ ചെയ്തു. തയ്യാറെടുപ്പിന്റെ ഭാഗമായി അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയനിലെയും ടെലികോം വകുപ്പിലെയും വിദഗ്ധർ അഞ്ച് ഓൺലൈൻ മാർഗനിർദേശ സെഷനുകൾ നടത്തി. മത്സരത്തിൽ പരിഹരിക്കേണ്ട പ്രശ്നങ്ങൾ, ഐ.ടി.യു.-ടി. വൈ.3172 മാനദണ്ഡപ്രകാരമുള്ള മെഷീൻ ലേണിങ് പൈപ്പ്ലൈൻ, നിർമിതബുദ്ധി പ്രയോഗങ്ങളുടെ സന്നദ്ധത വിലയിരുത്താനുള്ള ആഗോള മാനദണ്ഡമായ ഐ.ടി.യു. എ.ഐ. റെഡിനസ് 2.0 റിപ്പോർട്ട്, ഓപ്പൺ സോഴ്സ് ഡാറ്റാ സ്രോതസ്സുകൾ എന്നിവ വിശദീകരിച്ചു. പത്ത് മണിക്കൂറിലധികം നീണ്ട മാർഗനിർദേശത്തിന്റെ ഫലമായി മികച്ച രീതിയിൽ രൂപകൽപ്പന ചെയ്ത പതിനാറ് നിർമിതബുദ്ധി മാതൃകകൾ സമർപ്പിക്കപ്പെട്ടു. പ്രത്യേക മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വിജ്ഞാനശേഖരത്തെ അടിസ്ഥാനമാക്കിയ ഏജന്റുകൾ ഇവയിലുണ്ടായിരുന്നു. സംവിധാനത്തിനുള്ളിൽ സ്ഥാപനതല ചുമതല വഹിക്കുന്ന നയ, നിയമ ഉപദേശക ഏജന്റുകളും ഒന്നിലധികം ഏജന്റുകളെ ഏകോപിപ്പിക്കുന്ന കോഓർഡിനേറ്റർ ഏജന്റുകളും അവതരിപ്പിച്ചു.
നെറ്റ്വർക്ക് നിയന്ത്രണത്തിനൊപ്പം നിയമപരിശോധനയും
ചില മാതൃകകൾ പ്രത്യേക ശ്രദ്ധ നേടി. രാജ്യത്തിന് അനുയോജ്യമായ ഫൈവ് ജി, ടെലികോം വിജ്ഞാനശേഖരത്തെ ഒന്നിലധികം നിർമിതബുദ്ധി ഏജന്റുകളുടെ വിശകലനവുമായി കൂട്ടിച്ചേർക്കുന്നതായിരുന്നു ഒരു സംവിധാനം. ഘട്ടംഘട്ടമായി സങ്കീർണമാകുന്ന നെറ്റ്വർക്ക് തകരാർ സാഹചര്യങ്ങൾ, ബന്ധപ്പെട്ട നയങ്ങളും നിലവാരങ്ങളുമായുള്ള താരതമ്യം, വിടവുകൾ കണ്ടെത്തൽ, മനുഷ്യരുടെ മേൽനോട്ടം, പരിശോധനയ്ക്ക് വിധേയമാക്കാവുന്ന തെളിവുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തി. മറ്റൊരു സംവിധാനം നെറ്റ്വർക്ക് ട്രാഫിക്കിന്റെ മുൻഗണനയും സുരക്ഷയും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന നിർമിതബുദ്ധി ഏജന്റ് അധിഷ്ഠിത കൺട്രോളറായിരുന്നു. സേവനത്തിന്റെ ഉദ്ദേശ്യം, ലഭ്യമായ നെറ്റ്വർക്ക് വിഭവങ്ങൾ, വിവരങ്ങളുടെ സംവേദനക്ഷമത എന്നീ മൂന്ന് കാര്യങ്ങളാണ് ഇത് അടിസ്ഥാനമാക്കുന്നത്. മൂന്നാമത്തെ സംവിധാനം നിയന്ത്രണച്ചട്ടങ്ങളെ നേരിട്ട് നെറ്റ്വർക്ക് പ്രവർത്തനത്തിൽ ഉൾപ്പെടുത്തി. സ്പെക്ട്രം, ഊർജം, നെറ്റ്വർക്ക് സ്ലൈസിങ് എന്നിവ മെച്ചപ്പെടുത്താനുള്ള മൂന്ന് ഏജന്റുകൾ നടപടികൾ നിർദേശിക്കും. അവ തടയാനുള്ള അധികാരമുള്ള റെഗുലേറ്റർ ഏജന്റ്, ഇന്ത്യൻ ടെലികോം നിയമത്തെ അടിസ്ഥാനമാക്കിയ പത്ത് ചട്ടങ്ങൾ പ്രകാരം ഓരോ നിർദേശവും പരിശോധിക്കും. ഔദ്യോഗിക നിയമപാഠവും ചൂണ്ടിക്കാട്ടും. പതിനാറ് ഔദ്യോഗിക രേഖകളെ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾക്ക് നയ, നിയമ ഉപദേശക സംവിധാനം മറുപടി നൽകും. ഇന്ത്യൻ നിയമം വ്യക്തമായി ഒന്നും പറയാത്ത മേഖലകൾ കണ്ടെത്തുന്ന വിശകലന സംവിധാനവും ഇതിലുണ്ട്.
ഒന്നാം സമ്മാനം ബെംഗളൂരുവിലെ നെറ്റാക്സിസിന്
പങ്കെടുത്ത ടീമുകളുടെ ഉത്സാഹവും സമർപ്പണവും വിധികർത്താക്കൾ പ്രശംസിച്ചു. ആശയവിനിമയ സെഷനിൽ ടീമുകളും വിധികർത്താക്കളും സജീവമായി ചർച്ച നടത്തി. ഓരോ പ്രയോഗവും പരിഹരിക്കുന്ന പ്രശ്നവും നയങ്ങൾ, നിലവാരങ്ങൾ, ആഗോള മാനദണ്ഡങ്ങൾ എന്നിവയുമായുള്ള ബന്ധവും അവതരണങ്ങളിൽ വ്യക്തമായി വിശദീകരിച്ചു. തകരാർ സാഹചര്യങ്ങളും നയങ്ങളിലെ വിടവുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വ്യക്തമായ തെളിവുകൾ നൽകുന്ന തത്സമയ പ്രദർശനങ്ങളും നടന്നു. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയനിലെയും ടെലികോം വകുപ്പിലെയും പ്രമുഖർ സമ്മാനങ്ങൾ വിതരണം ചെയ്തു. പരിമിതമായ വിഭവങ്ങളുള്ള ഫൈവ് ജി സംവിധാനങ്ങളിൽ സാഹചര്യത്തിനനുസരിച്ച് സേവനനിലവാരവും സുരക്ഷയും ഏകോപിപ്പിക്കുന്ന മാതൃകയ്ക്ക് ബെംഗളൂരു ആർ.വി.സി.ഇയിലെ ടീം നെറ്റാക്സിസ് ഒന്നാം സമ്മാനം നേടി. വിജ്ഞാനത്തെ അടിസ്ഥാനമാക്കിയ വിവരവീണ്ടെടുക്കൽ, നിശ്ചിത നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന പരിശോധന, ഒന്നിലധികം ഏജന്റുകൾക്കിടയിലെ തർക്കപരിഹാരം എന്നിവയ്ക്കുള്ള സംവിധാനവുമായി ടീം എസ്.എൻ.ആർ. രണ്ടാം സമ്മാനം നേടി. പ്രത്യേക പരിശീലനം നൽകിയ ചെറിയ ഭാഷാ മാതൃക ഉപയോഗിച്ച് സ്വകാര്യ ഫൈവ് ജി നെറ്റ്വർക്കിലെ തകരാറുകൾ സ്വയം പരിഹരിക്കുന്ന സഹകരണ മൾട്ടി ഏജന്റ് സംവിധാനമായ ‘ടെലിഏജന്റ്’ അവതരിപ്പിച്ച ടീം ഏജന്റ്നെറ്റ് മൂന്നാം സമ്മാനം നേടി. താഴ്ന്ന ഭൂഭ്രമണപഥത്തിലെ ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന നോൺ ടെറസ്ട്രിയൽ നെറ്റ്വർക്കുകളിൽ ട്രാഫിക് മുൻകൂട്ടി കണക്കാക്കി ബീം ഹോപ്പിങ് ക്രമീകരിക്കുന്ന മാതൃകയ്ക്ക് ചെന്നൈ എസ്.എൻ.യുവിലെ ടീം ഓർബിറ്റ്ഫ്ലോയും, ഫൈവ് ജി അടിയന്തര പ്രതികരണത്തിനുള്ള നിയമബോധമുള്ള നിർമിതബുദ്ധി ഏജന്റുകൾക്ക് ടീം ഹാൻഡ്ഷേക്ക് പ്രോട്ടോക്കോളും പ്രത്യേക വനിതാ പുരസ്കാരം നേടി. ഫൗണ്ടേഷൻ മോഡൽ ഉപയോഗിച്ചുള്ള രോഗനിർണയവും ഡിജിറ്റൽ ട്വിൻ ഉപയോഗിച്ചുള്ള മുൻകൂർ പരിശോധനയും ഉൾപ്പെടുത്തി ഫൈവ് ജി റേഡിയോ ആക്സസ് നെറ്റ്വർക്കിലെ തകരാറുകൾ സ്വയം കണ്ടെത്തി പരിഹരിക്കുന്ന ഏജന്റിന് ടീം നെറ്റ്ഹീലേഴ്സ് വിധികർത്താക്കളുടെ പുരസ്കാരം നേടി. ടെലികോം മേഖലയിലെ നിർമിതബുദ്ധി സംവിധാനങ്ങളിലും അവയെ നിയന്ത്രിക്കുന്ന നയരൂപീകരണത്തിലും മുന്നിൽ നിൽക്കാനുള്ള ഇന്ത്യയുടെ ശക്തമായ സാധ്യതയാണ് ബിൽഡ്-എ-തോൺ 5.0 വ്യക്തമാക്കിയത്.
.
.