ന്യൂഡൽഹി / 2026 / ഒക്ടോബർ 15
മതിയായ നിലവാരമില്ലാതെ പ്രവർത്തിക്കുകയും വ്യാജ ബിരുദങ്ങൾ നൽകുകയും ചെയ്യുന്ന സ്വകാര്യ കാർഷിക കോളേജുകളെ നിയന്ത്രിക്കാൻ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാനും കാർഷിക വിദ്യാഭ്യാസത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കാനും കാർഷിക കൗൺസിൽ ഉടൻ രൂപീകരിക്കും. ഒക്ടോബർ 14ന് ഡൽഹിയിലെ പൂസയിൽ അഗ്രിവിഷന്റെ പത്താമത് ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക, വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുക, രാജ്യത്തിന്റെ വികസനത്തിൽ കാർഷിക മേഖലയുടെ സംഭാവന ശക്തിപ്പെടുത്തുക എന്നിവയിലാണ് സർക്കാരിന്റെ ശ്രദ്ധ. കർഷകരുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം സ്വന്തം ഭക്ഷ്യാവശ്യങ്ങൾ നിറവേറ്റുന്നതിൽ മാത്രം ഒതുങ്ങാതെ വരുംവർഷങ്ങളിൽ ലോകത്തിന്റെ ഭക്ഷ്യകലവറയായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യക്ഷാമത്തിൽനിന്ന് സ്വയംപര്യാപ്തതയിലേക്കും റെക്കോർഡ് ഉൽപ്പാദനത്തിലേക്കും
പി.എൽ.-480 പദ്ധതിയിലൂടെ ഇറക്കുമതി ചെയ്ത ഭക്ഷ്യധാന്യങ്ങളെ ആശ്രയിച്ചിരുന്ന കാലത്തുനിന്നുള്ള ഇന്ത്യൻ കാർഷിക മേഖലയുടെ മുന്നേറ്റം മന്ത്രി ഓർമിപ്പിച്ചു. കർഷകരുടെ കഠിനാധ്വാനവും ആധുനിക നയങ്ങളും വഴി ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ രാജ്യം പൂർണ സ്വയംപര്യാപ്തത കൈവരിച്ചു. 2014 മുതൽ 2024 വരെയുള്ള പത്തുവർഷത്തിനിടെ ഇന്ത്യയുടെ മൊത്തം കാർഷിക ഉൽപ്പാദനം 49 ശതമാനം വർധിച്ചു. അരി ഉൽപ്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ ഇപ്പോൾ ലോകത്ത് ഒന്നാമതാണ്. ഗോതമ്പ് ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുമാണ്. ഉൽപ്പാദനം വർധിപ്പിക്കുക എന്നത് മാത്രമല്ല ഇനി രാജ്യം നേരിടുന്ന വെല്ലുവിളി. ശാസ്ത്രീയ സംഭരണം, കാര്യക്ഷമമായ പരിപാലനം, ആഗോള വിപണികളിലേക്കുള്ള കയറ്റുമതി വിപുലീകരണം എന്നിവയ്ക്കും ശ്രദ്ധ നൽകണം. ഇവ ശക്തിപ്പെടുത്തിയാൽ കാർഷികോൽപ്പന്നങ്ങൾ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനും കർഷകർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.
ആശയങ്ങൾ നൽകൂ, നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കും
നയരൂപീകരണത്തിൽ വിദ്യാർഥികളുടെയും കർഷക സംഘടനകളുടെയും അറിവും അനുഭവവും ഏറെ പ്രധാനമാണെന്ന് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുക്കുന്ന വിദഗ്ധരും വിദ്യാർഥികളും ആഴത്തിൽ ചർച്ച നടത്തി ആശയങ്ങളുടെ സത്ത് മുന്നോട്ടുവയ്ക്കണം. അവ രാജ്യതാൽപ്പര്യത്തിന് അനുസരിച്ച് പങ്കുവയ്ക്കാനും നയങ്ങളാക്കി നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കും. കാർഷിക വികസനത്തിന് സഹായിക്കുന്നതും കർഷകരും വിദ്യാർഥികളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുമായ പ്രായോഗിക നിർദേശങ്ങളാണ് ചർച്ചകളിൽനിന്ന് ഉയരേണ്ടത്. സമ്മേളനത്തിന്റെ നിഗമനങ്ങളെ അടിസ്ഥാനമാക്കി വിശദമായ പ്രവർത്തനപദ്ധതി തയ്യാറാക്കാൻ അടുത്ത 15 ദിവസത്തിനും ഒരുമാസത്തിനുമിടയിൽ പ്രതിനിധികളുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുന്നതിലായിരിക്കും തുടർചർച്ചകളുടെ ശ്രദ്ധ. സമ്മേളനത്തിലെ നിർദേശങ്ങൾ വ്യക്തമായ നടപടികളായി മാറുന്നുവെന്ന് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ഫീസ് വാങ്ങി ബിരുദം നൽകുന്ന കച്ചവടം അനുവദിക്കില്ല
നിലവാരം പാലിക്കാതെ ഫീസ് വാങ്ങി ബിരുദങ്ങൾ വിതരണം ചെയ്യുന്ന കച്ചവടമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കാർഷിക വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തണം. യുവാക്കൾ നേടുന്ന കാർഷിക ബിരുദവും ബിരുദാനന്തര ബിരുദവും ഉൾപ്പെടെയുള്ള സാങ്കേതിക യോഗ്യതകളുടെ മൂല്യം നഷ്ടപ്പെടാൻ സർക്കാർ അനുവദിക്കില്ല. പഠനത്തിനായി വിദ്യാർഥികൾ ചെലവഴിക്കുന്ന സമയവും അധ്വാനവും പണവും സംരക്ഷിക്കണം. അതിന് കാർഷിക സ്ഥാപനങ്ങൾ നൽകുന്ന യോഗ്യതകൾ അർഥവത്തും വിശ്വാസയോഗ്യവുമാണെന്ന് ഉറപ്പാക്കണം. നിലവാരമില്ലാത്ത കോളേജുകളും വ്യാജ ബിരുദങ്ങളും പെരുകുന്നത് തടയുന്നതിനൊപ്പം കാർഷിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും വിശ്വാസ്യതയും നിലനിർത്താനാണ് നിർദിഷ്ട നിയന്ത്രണ നടപടികൾ ലക്ഷ്യമിടുന്നത്. വിദ്യാർഥികളുടെ ഭാവിക്ക് സഹായിക്കുന്നതും കാർഷിക മേഖലയിൽ ഫലപ്രദമായി സംഭാവന നൽകാൻ അവരെ പ്രാപ്തരാക്കുന്നതുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട കർഷകർക്ക് സംയോജിത കൃഷിയും ആധുനിക സാങ്കേതികവിദ്യയും
ഇന്ത്യയിലെ ശരാശരി കൃഷിഭൂമിയുടെ വിസ്തൃതി വെറും 0.96 ഹെക്ടറാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ചെറുകിട, നാമമാത്ര കർഷകരുടെ വരുമാനം വർധിപ്പിക്കാൻ കൃഷിവൈവിധ്യവൽക്കരണം അനിവാര്യമാണെന്ന് പറഞ്ഞു. ധാന്യകൃഷിയെ മാത്രം ആശ്രയിക്കാതെ വിവിധ കാർഷിക പ്രവർത്തനങ്ങൾ സംയോജിപ്പിച്ചാൽ ജീവിതം കൂടുതൽ സുരക്ഷിതവും സമൃദ്ധവുമാക്കാം. ഭക്ഷ്യധാന്യ ഉൽപ്പാദനത്തിനൊപ്പം പഴം, പച്ചക്കറി, ഔഷധസസ്യ കൃഷി, മൃഗസംരക്ഷണം, മത്സ്യകൃഷി, തേനീച്ച വളർത്തൽ, പ്രകൃതികൃഷി എന്നിവയും പ്രോത്സാഹിപ്പിക്കണം. ഇത് വരുമാനസ്രോതസ്സുകൾ വർധിപ്പിക്കുകയും ഒറ്റവിളയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും കർഷകകുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യും. കൃഷിയിൽ ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിന്റെ വേഗവും കൂട്ടണം. നിർമിതബുദ്ധി, മെഷീൻ ലേണിങ്, റോബോട്ടിക്സ് എന്നിവ കൃഷിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ്. കൃഷിരീതികൾ ആധുനികമാക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും ഇവ സഹായിക്കും. വൈവിധ്യമാർന്ന കൃഷിരീതികളും സാങ്കേതിക മുന്നേറ്റങ്ങളും ഒരുമിപ്പിക്കുന്നത് ഉൽപ്പാദനക്ഷമതയും കർഷകരുടെ ജീവിതനിലവാരവും ഉയർത്തും. പരിപാടിയിൽ അഗ്രിവിഷന്റെ പത്തുവർഷത്തെ യാത്ര രേഖപ്പെടുത്തിയ പ്രത്യേക ലഘുപുസ്തകം മന്ത്രി പ്രകാശനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി കാർഷിക ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർഥികളും സമ്മേളനത്തിൽ പങ്കെടുത്തു. കാർഷിക മേഖലയിലെ വെല്ലുവിളികൾ, ഭാവിയിലെ മുൻഗണനകൾ, വികസനസാധ്യതകൾ എന്നിവ ചർച്ച ചെയ്യാൻ വിദഗ്ധർക്കും യുവാക്കൾക്കും സമ്മേളനം അവസരമൊരുക്കി.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.