ന്യൂഡൽഹി / 2026 / സെപ്റ്റംബർ 10
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സെപ്റ്റംബർ 9 മുതൽ 11 വരെ നടക്കുന്ന ആദ്യ ഇന്നോപ്രോം ഇന്ത്യ 2026ൽ ദേശീയ വ്യവസായ ഇടനാഴി വികസന കോർപ്പറേഷൻ ഇന്ത്യയുടെ പുതിയ വ്യവസായ വികസന സാധ്യതകൾ അവതരിപ്പിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലെ വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ സ്ഥാപനമായ എൻഐസിഡിസിയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉൽപ്പാദനം, സാങ്കേതികവിദ്യ, നിക്ഷേപം, വ്യവസായ സഹകരണം എന്നിവ കൂടുതൽ ശക്തമാക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 9.45 ലക്ഷം കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇന്ത്യ-റഷ്യ വ്യവസായ സഹകരണത്തിന് പുതിയ വേദി
ഇന്ത്യയിൽ ആദ്യമായാണ് ഇന്നോപ്രോം സംഘടിപ്പിക്കുന്നത്. ഇന്ത്യ-റഷ്യ പ്രത്യേകവും വിശിഷ്ടവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള പ്രധാന വേദിയായാണ് പരിപാടിയെ കാണുന്നത്. ഇരു രാജ്യങ്ങളിലെയും സർക്കാർ പ്രതിനിധികൾ, ഉൽപ്പാദന കമ്പനികൾ, സാങ്കേതിക സ്ഥാപനങ്ങൾ, നിക്ഷേപകർ, വ്യവസായ സംഘടനകൾ എന്നിവരാണ് പങ്കെടുക്കുന്നത്.
ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെയും റഷ്യൻ ഫെഡറേഷന്റെ വ്യവസായ-വ്യാപാര മന്ത്രാലയത്തിന്റെയും പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. ഉൽപ്പാദനം, വ്യവസായ സാങ്കേതികവിദ്യ, പ്രാദേശിക ഉൽപ്പാദനം, നിക്ഷേപം, വ്യവസായ പങ്കാളിത്തം എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിലാണ് പ്രധാന ശ്രദ്ധ.
റഷ്യൻ കമ്പനികൾ, പ്രാദേശിക സർക്കാരുകൾ, സാങ്കേതിക സേവനദാതാക്കൾ, നിക്ഷേപകർ, ബിസിനസ് പ്രതിനിധി സംഘങ്ങൾ എന്നിവരുമായി നേരിട്ട് ചർച്ച നടത്താൻ എൻഐസിഡിസിക്ക് അവസരം ലഭിച്ചു. ഇന്ത്യയിലെ വ്യവസായ ഇടനാഴികളെ ദീർഘകാല ഉൽപ്പാദന നിക്ഷേപത്തിന് അനുയോജ്യമായ കേന്ദ്രങ്ങളായും അവതരിപ്പിച്ചു.
എൻഐസിഡിസിയുടെ പ്രദർശന സ്റ്റാളിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വ്യവസായ സ്മാർട്ട് സിറ്റികൾ, നിക്ഷേപത്തിന് സജ്ജമായ അടിസ്ഥാന സൗകര്യങ്ങൾ, ഭവ്യ, പി.എം. മിത്ര പാർക്കുകൾ, ഐ.സി.എൽ.പി., ഡിജിറ്റൽ ലോജിസ്റ്റിക്സ് പദ്ധതികൾ എന്നിവയിൽ പ്രതിനിധികൾ താൽപര്യം പ്രകടിപ്പിച്ചു.
നിക്ഷേപകരുമായി നേരിട്ടുള്ള ചർച്ചകൾ
എൻഐസിഡിസി പ്രതിനിധികൾ ബിസിനസ്-ടു-ബിസിനസ് യോഗങ്ങളിലും പ്രത്യേക ചർച്ചകളിലും പങ്കെടുത്തു. സാധ്യതയുള്ള നിക്ഷേപകർ, ഉൽപ്പാദകർ, സാങ്കേതിക കമ്പനികൾ, സർക്കാർ പ്രതിനിധികൾ എന്നിവരുമായി വ്യവസായ വികസനം, ഉൽപ്പാദന സഹകരണം, ഭാവിയിലെ സഹകരണ മേഖലകൾ എന്നിവ ചർച്ച ചെയ്തു.
പരിപാടിയിൽ പങ്കെടുത്ത മറ്റ് സ്റ്റാളുകളും എൻഐസിഡിസി സംഘം സന്ദർശിച്ചു. ഉയർന്നുവരുന്ന വ്യവസായ സാങ്കേതികവിദ്യകൾ, ഉൽപ്പാദന പരിഹാരങ്ങൾ, വിവിധ മേഖലകളിലെ ശേഷികൾ എന്നിവയെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു. അറിവും വ്യവസായ അനുഭവങ്ങളും പങ്കിടുന്നതിനൊപ്പം ഇന്ത്യ-റഷ്യ വ്യവസായ, സാങ്കേതിക സഹകരണം കൂടുതൽ ആഴത്തിലാക്കാവുന്ന മേഖലകളും കണ്ടെത്തി.
ഇന്നോപ്രോം ഇന്ത്യ 2026ൽ ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ സാധ്യതകളും എൻഐസിഡിസി അവതരിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ആസൂത്രിത വ്യവസായ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണിത്.
13 സംസ്ഥാനങ്ങളിൽ 20 വ്യവസായ സ്മാർട്ട് സിറ്റികൾ
ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതി 11 വ്യവസായ ഇടനാഴികളും 20 പുതിയ വ്യവസായ സ്മാർട്ട് സിറ്റികളും 13 സംസ്ഥാനങ്ങളിലായി വ്യാപിക്കുന്നു. നാല് വ്യവസായ സ്മാർട്ട് സിറ്റികൾ ഇതിനകം വികസിപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന 16 പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുകയാണ്.
ഈ പദ്ധതികൾ ആകെ ഏകദേശം 19,878 ഹെക്ടർ പ്രദേശത്താണ് വ്യാപിക്കുന്നത്. ഏകദേശം 5.35 ലക്ഷം കോടി രൂപയുടെ നിക്ഷേപ സാധ്യതയും 14 ലക്ഷം തൊഴിലവസര സാധ്യതയുമാണ് കണക്കാക്കുന്നത്.
പൂർത്തിയായതും വരാനിരിക്കുന്നതുമായ പദ്ധതികളിലായി 2,109 ഹെക്ടർ വിസ്തൃതിയിലുള്ള 469 വ്യവസായ പ്ലോട്ടുകൾ ഇതിനകം അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ ഏകദേശം 2.21 ലക്ഷം കോടി രൂപയുടെ നിക്ഷേപ സാധ്യതയും ഏകദേശം 1.29 ലക്ഷം തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു.
ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപ മേഖല, മഹാരാഷ്ട്രയിലെ ഷേന്ദ്ര-ബിഡ്കിൻ വ്യവസായ മേഖലയായ ഓറിക്, ഉത്തർപ്രദേശിലെ ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ഗ്രേറ്റർ നോയിഡ, മധ്യപ്രദേശിലെ ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് വിക്രം ഉദ്യോഗ്പുരി എന്നിവയാണ് ഇതിനകം വികസിപ്പിച്ച നാല് വ്യവസായ സ്മാർട്ട് സിറ്റികൾ.
നിക്ഷേപത്തിന് ഉടൻ ഉപയോഗിക്കാവുന്ന പ്ലഗ്-ആൻഡ്-പ്ലേ ഉൽപ്പാദന കേന്ദ്രങ്ങളായാണ് ഇവ വികസിപ്പിക്കുന്നത്. സേവനസജ്ജമായ വ്യവസായ ഭൂമി, വിശ്വസനീയ വൈദ്യുതി, ജലവിതരണം, മലിനജല സംവിധാനങ്ങൾ, വിവര-ആശയവിനിമയ സാങ്കേതിക അടിസ്ഥാന സൗകര്യം, ദേശീയപാതകൾ, റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുമായി ബഹുമുഖ ഗതാഗത ബന്ധം എന്നിവ ഇവിടെ ഒരുക്കുന്നു.
പി.എം. ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനുമായും പദ്ധതി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിലൂടെ വ്യവസായ വികസനത്തെ പ്രധാന ഗതാഗത, ലോജിസ്റ്റിക്സ് ശൃംഖലകളുമായി ഏകോപിപ്പിക്കാനാണ് ലക്ഷ്യം.
റഷ്യൻ വ്യവസായ ക്ലസ്റ്ററിനും സാധ്യത
ഇന്ത്യയും റഷ്യയും തമ്മിൽ സഹകരിക്കാവുന്ന പ്രധാന ഉൽപ്പാദന മേഖലകളായി അത്യാധുനിക എൻജിനീയറിങ്, യന്ത്രസാമഗ്രികൾ, റെയിൽവേ-ഗതാഗത ഉപകരണങ്ങൾ, ലോഹങ്ങൾ, ഊർജം, പുനരുപയോഗ ഊർജം, വാഹനങ്ങൾ, ബഹിരാകാശം-പ്രതിരോധം, ഔഷധം, രാസവസ്തുക്കൾ, വസ്ത്രനിർമാണം, അത്യാധുനിക ഉൽപ്പാദന സാങ്കേതികവിദ്യകൾ എന്നിവ ചൂണ്ടിക്കാട്ടി.
റഷ്യയിൽ നിന്നുള്ളവ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ കമ്പനികൾ ഇതിനകം എൻഐസിഡിസി നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവയുടെ പ്രവർത്തനം സുഗമമായി തുടരുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
റഷ്യൻ സർക്കാർ സ്ഥാപനങ്ങൾ, നയതന്ത്ര പ്രതിനിധികൾ, വ്യവസായ സംഘടനകൾ, ബിസിനസ് സംഘങ്ങൾ എന്നിവരുമായി എൻഐസിഡിസി തുടർച്ചയായ ബന്ധം പുലർത്തുന്നുണ്ട്. ദ്വിപക്ഷ വേദികൾ, വ്യവസായ സന്ദർശനങ്ങൾ, നിക്ഷേപം, ഉൽപ്പാദനം, ലോജിസ്റ്റിക്സ്, വ്യവസായ വികസനം എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിയാണ് സഹകരണം തുടരുന്നത്.
മുൻ ചർച്ചകളിൽ ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണം വ്യവസായ മേഖലയും കർണാടകയിലെ തുമകുരു വ്യവസായ മേഖലയും റഷ്യൻ സഹകരണത്തിന് പരിഗണിക്കാവുന്ന എൻഐസിഡിസി നഗരങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ട്.
മോസ്കോ സർക്കാരുമായുള്ള എൻഐസിഡിസിയുടെ ചർച്ചകളിൽ ഇന്ത്യയിൽ നിക്ഷേപിക്കാൻ താൽപര്യമുള്ള മോസ്കോ ആസ്ഥാനമായ കമ്പനികളെ കണ്ടെത്തൽ, ബിസിനസ് പങ്കാളികളെ ബന്ധിപ്പിക്കൽ, ബിസിനസ് ദൗത്യങ്ങൾ, വ്യവസായ ക്ലസ്റ്ററുകളുടെയും പ്രത്യേക സാമ്പത്തിക മേഖലകളുടെയും അനുഭവങ്ങൾ പങ്കിടൽ, എൻഐസിഡിസി നഗരത്തിൽ റഷ്യൻ വ്യവസായ ക്ലസ്റ്റർ സ്ഥാപിക്കാനുള്ള സാധ്യത എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.
ഇത്തരമൊരു ക്ലസ്റ്ററിൽ റഷ്യൻ മുഖ്യ ഉൽപ്പാദകർ, ഘടക വിതരണക്കാർ, സാങ്കേതിക കമ്പനികൾ, ഇന്ത്യൻ പങ്കാളികൾ എന്നിവരെ ഒരുമിപ്പിക്കാനാകും. ഇതിലൂടെ പ്രാദേശിക ഉൽപ്പാദനം, സാങ്കേതിക പങ്കാളിത്തം, പ്രതിസന്ധികളെ നേരിടാൻ ശേഷിയുള്ള വിതരണ ശൃംഖലകൾ എന്നിവ ശക്തിപ്പെടുത്താനാണ് ലക്ഷ്യം.
പി.എം. മിത്ര മുതൽ ഡിജിറ്റൽ ലോജിസ്റ്റിക്സ് വരെ
വ്യവസായ ഇടനാഴികൾക്ക് പുറമേ വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഏഴ് പി.എം. മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജിയൻ ആൻഡ് അപ്പാരൽ പാർക്കുകളുടെ പദ്ധതി നിർവഹണ ഏജൻസിയായും എൻഐസിഡിസി പ്രവർത്തിക്കുന്നു. ആധുനിക അടിസ്ഥാന സൗകര്യവും മെച്ചപ്പെട്ട ലോജിസ്റ്റിക്സ് ബന്ധവും ഉള്ള സംയോജിത വസ്ത്ര ഉൽപ്പാദന കേന്ദ്രങ്ങളായാണ് ഈ പാർക്കുകൾ വിഭാവനം ചെയ്തിരിക്കുന്നത്.
2026-27 സാമ്പത്തിക വർഷം മുതൽ 2031-32 വരെ ഇന്ത്യയിലാകെ നിക്ഷേപത്തിന് സജ്ജമായ 100 പ്ലഗ്-ആൻഡ്-പ്ലേ വ്യവസായ പാർക്കുകൾ വികസിപ്പിക്കുന്ന ഭാരത് ഔദ്യോഗിക വികാസ് യോജനയായ ഭവ്യയ്ക്കും എൻഐസിഡിസി പദ്ധതി നിർവഹണ ഏജൻസിയായി പിന്തുണ നൽകുന്നു. പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 33,660 കോടി രൂപയാണ്.
വ്യവസായ ഇടനാഴി ലാൻഡ് പ്ലാറ്റ്ഫോമായ ഐ.സി.എൽ.പി.യും എൻഐസിഡിസി അവതരിപ്പിച്ചു. ഭൂമിശാസ്ത്ര വിവര സംവിധാനത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ദേശീയ പ്ലാറ്റ്ഫോമാണിത്. 4,000ത്തിലധികം വ്യവസായ പാർക്കുകളിലെ ഭൂമി ലഭ്യത, അടിസ്ഥാന സൗകര്യം, ഗതാഗത ബന്ധം തുടങ്ങിയ വിവരങ്ങൾ നിക്ഷേപകർക്ക് ലഭ്യമാക്കുന്നു. അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാൻ ഇത് സഹായിക്കും.
എൻഐസിഡിസി ലോജിസ്റ്റിക്സ് ഡാറ്റ സർവീസസ് ലിമിറ്റഡ് ഏകീകൃത ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റ്ഫോമും ലോജിസ്റ്റിക്സ് ഡാറ്റ ബാങ്കും വഴി ഇന്ത്യയുടെ ഡിജിറ്റൽ ലോജിസ്റ്റിക്സ് സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ്. ഇറക്കുമതി-കയറ്റുമതി കണ്ടെയ്നറുകളുടെ മുഴുവൻ യാത്രയും പിന്തുടരാൻ ലോജിസ്റ്റിക്സ് ഡാറ്റ ബാങ്കിന് സാധിക്കുന്നു. ഇതിനകം 10 കോടിയിലധികം കണ്ടെയ്നറുകളെ ഇത് പിന്തുടർന്നിട്ടുണ്ട്.
കോയല ശക്തി സ്മാർട്ട് കോൾ അനലിറ്റിക്സ് ഡാഷ്ബോർഡ്, ട്രാക്ക് യുവർ ട്രാൻസ്പോർട്ട്, ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം, ലോജിസ്റ്റിക്സ് ഇ-മാർക്കറ്റ്പ്ലേസ് തുടങ്ങിയ സംവിധാനങ്ങളും എൻഎൽഡിഎസ്എൽ വികസിപ്പിച്ചിട്ടുണ്ട്. ലോജിസ്റ്റിക്സ് രംഗത്ത് കൂടുതൽ വ്യക്തത, കാര്യക്ഷമത, വിവരാധിഷ്ഠിത തീരുമാനമെടുക്കൽ എന്നിവ മെച്ചപ്പെടുത്തുകയാണ് ഇവയുടെ ലക്ഷ്യം.
വ്യവസായ സ്മാർട്ട് സിറ്റികൾ, പി.എം. മിത്ര പാർക്കുകൾ, ഭവ്യ, ഐ.സി.എൽ.പി., ഡിജിറ്റൽ ലോജിസ്റ്റിക്സ് സംവിധാനം എന്നിവയിലൂടെ ഇന്ത്യയെ മത്സരക്ഷമമായ ഉൽപ്പാദന, പ്രാദേശികവൽക്കരണ, നിക്ഷേപ കേന്ദ്രമാക്കി മാറ്റാനാണ് എൻഐസിഡിസി ശ്രമിക്കുന്നത്. ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം വ്യവസായ നിക്ഷേപം, സാങ്കേതിക പങ്കാളിത്തം, തൊഴിലവസരങ്ങൾ, ശക്തമായ വിതരണ ശൃംഖലകൾ എന്നിവയാക്കി മാറ്റുകയാണ് ലക്ഷ്യം.
.