ഡൽഹി / 2026 / ഓഗസ്റ്റ് 14
രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് ഡൽഹിയിലെ ചെങ്കോട്ട ഒരുങ്ങി. ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. വന്ദേമാതരത്തിന്റെ 150 വർഷവും 2047ലെ വികസിത ഭാരതത്തിനായുള്ള യുവശക്തിയുടെ പങ്കും ഇത്തവണത്തെ ആഘോഷത്തിന്റെ പ്രധാന പ്രമേയങ്ങളാണ്. ചെങ്കോട്ടയിലെ സ്വാ തന്ത്ര്യദിനാഘോഷത്തിൽ ആദ്യമായി വന്ദേമാതരം ആലപിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് എന്നിവർ സ്വീകരിക്കും. തുടർന്ന് കര, നാവിക, വ്യോമ സേനകളും ഡൽഹി പൊലീസും ഉൾപ്പെടുന്ന സംയുക്ത ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി പരിശോധിക്കും. ഈ വർഷത്തെ ചടങ്ങുകളുടെ ഏകോപനച്ചുമതല കരസേനയ്ക്കാണ്. ലെഫ്റ്റനന്റ് കേണൽ അർജുൻ സിങ് ഗാർഡ് ഓഫ് ഓണറിന് നേതൃത്വം നൽകും.
ദേശീയപതാക ഉയർത്തുമ്പോൾ തദ്ദേശീയമായി നിർമിച്ച 105 മില്ലിമീറ്റർ ലൈറ്റ് ഫീൽഡ് ഗണ്ണുകൾ ഉപയോഗിച്ച് 21 ആചാരവെടികൾ മുഴങ്ങും. ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ പതാക ഉയർത്തുന്നതിൽ പ്രധാനമന്ത്രിയെ സഹായിക്കും. പതാക ഉയർന്നതിന് പിന്നാലെ സൈനിക ബാൻഡ് വന്ദേമാതരത്തിന്റെ ഈണം വായിക്കും. ചെങ്കോട്ടയിൽ സന്നിഹിതരായവർ ദേശീയഗാനം ആലപിക്കും. തുടർന്ന് വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തും. പ്രധാനമന്ത്രി പിന്നീട് രാജ്യത്തെ അഭിസംബോധന ചെയ്യും.
വന്ദേമാതരം ആഘോഷത്തിന്റെ കേന്ദ്രത്തിൽ
പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ച ശേഷം ദേശീയ കേഡറ്റ് കോർ അംഗങ്ങളും മൈ ഭാരത് സന്നദ്ധപ്രവർത്തകരും വന്ദേമാതരം ആലപിക്കും. പിന്നാലെ ദേശീയഗാനവും ഉണ്ടാകും. കര, നാവിക, വ്യോമ വിഭാഗങ്ങളിലെ കേഡറ്റുകളും മൈ ഭാരത് പ്രവർത്തകരുമായി 2,500 പേർ ആഘോഷത്തിൽ പങ്കെടുക്കും. ഇവർ ചെങ്കോട്ടയ്ക്ക് എതിർവശത്തെ ജ്ഞാൻപഥിൽ വന്ദേമാതരം എന്ന രൂപത്തിൽ അണിനിരക്കും. അവിടെ വികസിത ഭാരതം 2047 എന്ന പ്രമേയവും പ്രദർശിപ്പിക്കും.
അയ്യായിരത്തോളം പ്രത്യേക അതിഥികൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 5,000 പേരെ പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. വനിതാ സംരംഭകർ, ശുചീകരണ തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, യുവ നവോത്ഥാന പ്രവർത്തകർ, ശാസ്ത്രജ്ഞർ, സർക്കാർ ആശുപത്രി ജീവനക്കാർ, കരകൗശല തൊഴിലാളികൾ, വിവിധ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കൾ, മികച്ച വിദ്യാർത്ഥികൾ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 1,500-ലധികം പേർ പരമ്പരാഗത വേഷത്തിൽ ചടങ്ങിനെത്തും.
പുലർച്ചെ നാലുമുതൽ മെട്രോ
ചടങ്ങിനെത്തുന്നവർക്കായി ഓഗസ്റ്റ് 15ന് പുലർച്ചെ നാലുമുതൽ ഡൽഹി മെട്രോ സർവീസ് നടത്തും. ക്ഷണിതാക്കൾക്ക് മെട്രോ യാത്ര സൗജന്യമായിരിക്കും. ഇ-ക്ഷണക്കത്തിനൊപ്പം ക്യൂആർ കോഡും നൽകും. ആറിടങ്ങളിലായി 25 സാധനസൂക്ഷിപ്പുകേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ദേശീയ കേഡറ്റ് കോറിലെയും മൈ ഭാരതിലെയും 200 സന്നദ്ധപ്രവർത്തകർ സന്ദർശകരെ സഹായിക്കും. വീൽചെയർ സഹായവും മഴയ്ക്കുള്ള പ്രത്യേക മേൽവസ്ത്രങ്ങളും ലഭ്യമാക്കും.
മഴയ്ക്കും തിരക്കിനും പ്രത്യേക മുന്നൊരുക്കം
മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ചെങ്കോട്ടയിലും സമീപപ്രദേശങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അഴുക്കുചാലുകളും മലിനജല സംവിധാനങ്ങളും വൃത്തിയാക്കുന്നുണ്ട്. ആഘോഷത്തിന് ശേഷം ദേശീയ കേഡറ്റ് കോറും മൈ ഭാരത് പ്രവർത്തകരും ചേർന്ന് പ്രത്യേക ശുചീകരണവും നടത്തും. ഇരിപ്പിട മേഖലകൾക്ക് ഇത്തവണ ഇന്ത്യയിലെ പ്രധാന തടാകങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്.
രാജ്യമാകെ ദേശഭക്തി ബാൻഡ് പരിപാടികൾ
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാജ്യത്തെ 343 പ്രധാന കേന്ദ്രങ്ങളിൽ സൈനിക-അർധസൈനിക വിഭാഗങ്ങളുടെ ബാൻഡ് പരിപാടികളും നടക്കുന്നു. കര, നാവിക, വ്യോമ സേനകൾക്കൊപ്പം തീരസംരക്ഷണ സേന, കേന്ദ്ര സായുധ പൊലീസ് സേനകൾ, റെയിൽവേ സംരക്ഷണ സേന, അസം റൈഫിൾസ് തുടങ്ങിയവയും പങ്കെടുക്കുന്നു. ആൻഡമാൻ നിക്കോബാറിലും ലക്ഷദ്വീപിലും നാവികസേനയും പ്രാദേശിക ഭരണകൂടവും ചേർന്ന് ദേശീയപതാക ഉയർത്തും.
.