ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 13
ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങാൻ വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർവകലാശാലാ ഗ്രാന്റ്സ് കമ്മീഷൻ 16 ഉദ്ദേശപത്രങ്ങൾ നൽകിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഓസ്ട്രേലിയ, ഇറ്റലി, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കാണ് അനുമതി നടപടികളുടെ ഭാഗമായി ഉദ്ദേശപത്രം നൽകിയത്. കർണാടകയിലും മഹാരാഷ്ട്രയിലും ആറ് വീതവും ഡൽഹി ദേശീയ തലസ്ഥാന മേഖലയിലെ മൂന്ന് സ്ഥാപനങ്ങൾക്കും തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിനുമാണ് ഉദ്ദേശപത്രം ലഭിച്ചത്.
മഹാരാഷ്ട്രയിൽ ഉദ്ദേശപത്രം ലഭിച്ച ആറ് സ്ഥാപനങ്ങളിൽ യോർക്ക് സർവകലാശാല, ബ്രിസ്റ്റോൾ സർവകലാശാല, അബർഡീൻ സർവകലാശാല, ഇല്ലിനോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ നാലു സ്ഥാപനങ്ങൾക്ക് മുംബൈയിൽ അക്കാദമിക പ്രവർത്തനം തുടങ്ങാൻ അംഗീകാരപത്രവും നൽകി. സതാംപ്ടൺ സർവകലാശാല ഗുരുഗ്രാമിലും ന്യൂ സൗത്ത് വെയിൽസ് സർവകലാശാല ബെംഗളൂരുവിലും ഇതിനകം ക്യാമ്പസുകൾ സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാർ രാജ്യസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് വിവരങ്ങൾ വ്യക്തമാക്കിയത്.
അതേസമയം ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദേശത്ത് സാന്നിധ്യം ശക്തമാക്കുകയാണ്. ഐഐടി മദ്രാസ് 2023ൽ സാൻസിബാറിലും ഐഐടി ഡൽഹി 2024ൽ അബുദാബിയിലും ഐഐഎം അഹമ്മദാബാദ് 2025ൽ ദുബായിലും ക്യാമ്പസുകൾ സ്ഥാപിച്ചു. വിദേശ സർവകലാശാലകളെ ഇന്ത്യയിലേക്കും ഇന്ത്യൻ സ്ഥാപനങ്ങളെ വിദേശത്തേക്കും എത്തിക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവൽക്കരണം ശക്തമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വിദേശത്തേക്ക് പഠിക്കാൻ പോകുന്നവരുടെ എണ്ണം കുറഞ്ഞു
പഠനത്തിനായി വിദേശത്തേക്ക് പോയതായി രേഖപ്പെടുത്തിയ ഇന്ത്യക്കാരുടെ എണ്ണം 2023ൽ 8,94,758 ആയിരുന്നു. 2024ൽ ഇത് 7,60,060 ആയി കുറഞ്ഞു. 2025ൽ 6,19,264 ആയി വീണ്ടും താഴ്ന്നു. 2021ൽ 4,45,580 പേരും 2022ൽ 7,52,100 പേരുമാണ് പഠനമോ വിദ്യാഭ്യാസമോ യാത്രയുടെ ലക്ഷ്യമെന്ന് അറിയിച്ചത്. വിദേശപഠനം സാമ്പത്തിക ശേഷി, വായ്പ ലഭ്യത, വിദേശ സമൂഹങ്ങളുമായുള്ള പരിചയം, പഠനവിഷയങ്ങളോടുള്ള അഭിരുചി തുടങ്ങിയ ഘടകങ്ങളെ ആശ്രയിക്കുന്ന വ്യക്തിപരമായ തീരുമാനമാണെന്നും സർക്കാർ വ്യക്തമാക്കി.
സാൻസിബാറിലും അബുദാബിയിലും ഇന്ത്യൻ സ്ഥാപനങ്ങളുടെ വളർച്ച
സാൻസിബാറിലെ ഐഐടി മദ്രാസ് ക്യാമ്പസിൽ ഡാറ്റാ സയൻസ്, നിർമ്മിതബുദ്ധി, ഓഷ്യൻ സ്ട്രക്ചേഴ്സ് വിഷയങ്ങളിലെ എംടെക് കോഴ്സുകളിൽ നിന്ന് ഇതുവരെ 35 പേർ ബിരുദം നേടി. ഡാറ്റാ സയൻസ്, കെമിക്കൽ പ്രോസസ് എൻജിനിയറിങ് വിഷയങ്ങളിലെ വിവിധ ബിഎസ് കോഴ്സുകളിൽ നൂറിലധികം വിദ്യാർഥികളുണ്ട്. അബുദാബിയിലെ ഐഐടി ഡൽഹി ക്യാമ്പസിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ തലങ്ങളിലായി ഒമ്പത് കോഴ്സുകളുണ്ട്. 2025-26 അധ്യയനവർഷത്തിൽ ഇവിടെ 171 വിദ്യാർഥികളുണ്ടായിരുന്നു.
ദുബായിൽ ഐഐഎം അഹമ്മദാബാദിന്റെ എംബിഎ
ഐഐഎം അഹമ്മദാബാദ് 2025 സെപ്റ്റംബറിൽ ദുബായ് ക്യാമ്പസിൽ ഒരു വർഷത്തെ മുഴുവൻ സമയ എംബിഎ പരിപാടി ആരംഭിച്ചു. മധ്യപൂർവദേശം, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രൊഫഷണലുകൾക്കായി ജനറൽ മാനേജ്മെന്റ് പരിപാടിയും ആരംഭിച്ചിട്ടുണ്ട്. എംബിഎ പരിപാടിയിൽ 35 വിദ്യാർഥികളുണ്ടെന്ന് സർക്കാർ അറിയിച്ചു.
ലോക റാങ്കിങ്ങിൽ ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം ഉയർന്നു
ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായി അടിസ്ഥാനസൗകര്യ വികസനം, പുതിയ സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും അക്രഡിറ്റേഷൻ, ഗവേഷണം, നവീകരണം, ഡിജിറ്റൽ വിദ്യാഭ്യാസം എന്നിവയ്ക്ക് സർക്കാർ പ്രാധാന്യം നൽകിയിട്ടുണ്ട്. 2027ലെ ക്യുഎസ് ലോക സർവകലാശാലാ റാങ്കിങ്ങിൽ 52 ഇന്ത്യൻ സ്ഥാപനങ്ങളുണ്ട്. 2015ൽ ഇത് 11 ആയിരുന്നു. 2025ലെ ആഗോള നവീകരണ സൂചികയിൽ ഇന്ത്യ 38-ാം സ്ഥാനത്താണെന്നും സർക്കാർ അറിയിച്ചു.
മഹാരാഷ്ട്രയിൽ 1,431.31 കോടി രൂപയുടെ പദ്ധതികൾ
രാജ്യത്ത് 1,289 സർവകലാശാലകളും 48,246 കോളജുകളും 15,221 സ്വതന്ത്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 87 സർവകലാശാലകളും 5,380 കോളജുകളും 2,426 സ്വതന്ത്ര സ്ഥാപനങ്ങളുമുണ്ട്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വിദ്യാർഥികളുടെ എണ്ണം ഏകദേശം 46.53 ലക്ഷമാണ്. രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാന്റെ വിവിധ ഘടകങ്ങളിലായി മഹാരാഷ്ട്രയിൽ 144 പദ്ധതികൾക്ക് 1,431.31 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ കേന്ദ്ര വിഹിതം 863.37 കോടി രൂപയാണ്.
.