70 മടങ്ങ് കൊള്ള, അതും കാൻസർ മരുന്നിന്!
സെപ്റ്റംബർ 27, ബെംഗളൂരു. കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദർ കേന്ദ്രത്തിന് ഒരു കത്ത് കൊടുത്തു. എന്താ കാര്യം? കാൻസർ, വൃക്ക, എയ്ഡ്സ് മരുന്നുകൾ കമ്പനി ആശുപത്രിക്ക് കൊടുക്കണത് വെറും നൂറ് രൂപയ്ക്ക്, ആശുപത്രി നമ്മളോട് വാങ്ങണത് ഏഴായിരം രൂപയ്ക്ക്! 30 മടങ്ങ് തൊട്ട് 70 മടങ്ങ് വരെ ലാഭം. ആരാ ഇര? ICU-വിൽ കിടക്കണ രോഗി. എവിടെ? ഇന്ത്യയിലെ എല്ലാ സ്വകാര്യ ആശുപത്രിയിലും. എങ്ങനെ? രോഗി കുടുങ്ങിക്കിടക്കുവല്ലേ, പുറത്തോട്ട് പോയി മരുന്ന് വാങ്ങാൻ പറ്റില്ലല്ലോ.
മരുന്ന് ഏറ്റവും കൂടുതൽ അകത്താക്കുന്നത് നമ്മൾ മലയാളികൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് കഴിക്കുന്ന സംസ്ഥാനം ഏതാ? കേരളം തന്നെ. കേന്ദ്രം പാർലമെന്റിൽ പറഞ്ഞ കണക്ക് – ഒരു മലയാളി വർഷം Rs 2,567-ന്റെ മരുന്ന് കഴിക്കും. ബീഹാറുകാരൻ Rs 298 മാത്രം. നമ്മൾ മൊത്തം വർഷം Rs 15,000 കോടിയുടെ മരുന്ന് അകത്താക്കും.
അസുഖം പറയുന്നതിലും നമ്മളാ ഒന്നാമൻ. 100 പേരിൽ 40 പേർക്ക് അസുഖം, ദേശീയ ശരാശരി 13 പേർക്ക് മാത്രം. ആശുപത്രീന്ന് പറഞ്ഞാ 100-ൽ 66 പേരും ഓടണത് സ്വകാര്യ ആശുപത്രിയിലേക്ക്. സർക്കാർ ആശുപത്രിയിൽ 30 പേർ മാത്രം.
അതോണ്ട് കാശ് പോണതിലും നമ്മളാ ഒന്നാമൻ. ഒരാളുടെ കീശേന്ന് വർഷം Rs 7,889 പോകും. ഒന്ന് പെറ്റുകിടക്കാൻ Rs 39,893! ദേശീയ ശരാശരി Rs 15,595.
അപ്പോ കണക്ക് സിമ്പിളാ – ഏറ്റവും കൂടുതൽ അസുഖം, ഏറ്റവും കൂടുതൽ മരുന്ന്, ഏറ്റവും കൂടുതൽ ബിൽ. അപ്പോ 70 മടങ്ങ് കൊള്ള ഏറ്റവും കൂടുതൽ കൊള്ളയടിക്കുന്നതും നമ്മളെ തന്നെ.
നമ്മടെ KMSCL-ന്റെ കണക്ക് നോക്കിയാ കിളി പോകും
സർക്കാരിന്റെ മരുന്ന് വാങ്ങണ കമ്പനിയാ KMSCL. അവരുടെ 2025-ലെ വിലപട്ടികയുണ്ട്.
IMIPENEM ഇഞ്ചക്ഷൻ അവർ വിൽക്കണത് Rs 313-ന്, കവറിൽ MRP Rs 3,438! 10 മടങ്ങ്. IRON ഇഞ്ചക്ഷൻ Rs 35-ന് വാങ്ങി MRP Rs 285. ചെറിയ ORS പൊടി Rs 3-ന് വാങ്ങി Rs 20-ന് വിൽക്കും.
ഇത് സർക്കാർ നിരക്കാ. സ്വകാര്യ ആശുപത്രിയിൽ? മഹാരാഷ്ട്രയിൽ FDA ചെന്നു നോക്കിയപ്പോ Rs 11-ന്റെ IV സെറ്റിന് MRP Rs 325! 2,841% ലാഭം. Rs 6-ന്റെ സിറിഞ്ചിന് Rs 57.
കഴിഞ്ഞ കൊല്ലം ഇതേ KMSCL, ഒരേ കമ്പനീന്ന് ഒരേ മരുന്ന്, മെഡിക്കൽ കോളേജ് ഡ്രഗ് ബാങ്കിനേക്കാൾ Rs 190 കോടി കൂടുതൽ കൊടുത്ത് വാങ്ങി. സർക്കാർ വാങ്ങലിൽ പോലും കീശ കൊള്ള.
സുപ്രീം കോടതി പറഞ്ഞു – ഇത് പട്ടാപ്പകൽ കൊള്ള!
Rs 2,700-ന് കമ്പനി കൊടുക്കണ കാൻസർ മരുന്നിന് MRP Rs 27,000. 10 മടങ്ങ്. ഇതിനെ സുപ്രീം കോടതി വിളിച്ചത് “പട്ടാപ്പകൽ കൊള്ള” എന്നാ.
നാല് വലിയ ആശുപത്രീൽ NPPA ചെന്നു നോക്കിയപ്പോ മരുന്നിന് 1,192% ലാഭം. ചെറിയ സ്റ്റോപ്പ് കോക്കിന് 1,737% ലാഭം.
ഇതിന് മുമ്പ് സർക്കാർ 42 കാൻസർ മരുന്നിന് 30% മാത്രമേ ലാഭം പാടുള്ളൂ എന്ന് പറഞ്ഞപ്പോ വില 85% കുറഞ്ഞു. ജനത്തിന് Rs 984 കോടി ലാഭം കിട്ടി. അതായത് നിയമം വന്നാ കൊള്ള നിർത്താം.
നിങ്ങടെ ബില്ലിന്റെ പകുതി മരുന്നല്ല, കൊള്ളലാഭാ
ഇത് സിനിമാക്കഥയല്ല. നിങ്ങടെ അമ്മ ICU-വിൽ കിടന്നാ മനസ്സിലാകും. പുറത്ത് Rs 1,000-ന് കിട്ടണ മരുന്നിന് ആശുപത്രി ബില്ലിൽ Rs 5,000. ഒന്നും മിണ്ടാൻ പറ്റില്ല. ഈ നിസ്സഹായതയ്ക്കാ “captive-patient” എന്ന് പറയണത്.
നമ്മൾ ഏറ്റവും കൂടുതൽ മരുന്ന് കഴിക്കണതോണ്ട്, ഈ കൊള്ളയുടെ ഏറ്റവും വലിയ ഇരയും നമ്മൾ തന്നെ. നമ്മൾ മരുന്നല്ല വാങ്ങണത്, ബില്ലാ വാങ്ങണത്.
Sources
- National Pharmaceutical Pricing Authority – Trade Margin Rationalisation Reports and Ceiling Price Notifications
- Kerala Medical Services Corporation Limited – Official Price List February 2025 and Rate Contract Documents 2025-26 and 2026-27
- National Sample Survey Office – Household Social Consumption on Health Survey, 80th Round and Comprehensive Annual Modular Survey 2022-23
- National Health Accounts Estimates 2021-22 – Ministry of Health and Family Welfare
- Comptroller and Auditor General of India – Draft Audit Report on KMSCL Medicine Procurement and Supply
- Supreme Court of India – Observations on Drug Pricing during hearing on cancer drug PTR vs MRP disparity