പ്രധാന വിവരങ്ങൾ
- തൂഫാൻ പദ്ധതിക്ക് മികച്ച പ്രതികരണം.
- സ്കൂളുകളിൽ ലഹരിവിരുദ്ധ പരിപാടികൾ.
- അബിൻ വർക്കി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.
- ജില്ലാതല ഉദ്ഘാടനം കാതോലിക്കേറ്റ് കോളജിൽ.

News Portal

പത്തനംതിട്ട, 2026 ജൂൺ 26 –
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ തൂഫാൻ പദ്ധതിക്ക് ജില്ലയിലെ സ്കൂളുകളിലും കോളേജുകളിലും വലിയ സ്വീകരണം ലഭിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൂഫാൻ വാരിയേഴ്സിന്റെ നേതൃത്വത്തിൽ പൊലീസ് സഹകരണത്തോടെ ബോധവത്കരണ ക്ലാസുകൾ, കലാപരിപാടികൾ, ഫ്ലാഷ് മോബുകൾ, പ്രതിജ്ഞ, ലഹരിവിരുദ്ധ ചങ്ങല, ദീപം തെളിയിക്കൽ, പോസ്റ്റർ നിർമാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരമാണ് പരിപാടികൾ നടന്നത്.
എസ്.പി.സി, എൻ.സി.സി കേഡറ്റുകൾ, എൻ.എസ്.എസ് വളന്റിയർമാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ഫ്ലാഷ് മോബുകൾ പൊതുജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. സ്കൂളുകളിൽ പ്രത്യേക അസംബ്ലി ചേർന്ന് ലഹരിവിരുദ്ധ സന്ദേശം നൽകി. എല്ലാ വിദ്യാർഥികളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ജില്ലാ പൊലീസും എക്സൈസ് വകുപ്പും ചേർന്ന് രാവിലെ എട്ടരയ്ക്ക് പത്തനംതിട്ട ടൗൺ സ്ക്വയറിൽ നിന്ന് കാതോലിക്കേറ്റ് കോളജ് വരെ ഫൺ റൺ സംഘടിപ്പിക്കും. അബിൻ വർക്കി എം.എൽ.എ ഫ്ലാഗ് ഓഫ് നിർവഹിക്കും. തുടർന്ന് കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടിൽ ജില്ലാതല ഉദ്ഘാടനം നടക്കും. വിവിധ സർക്കാർ വകുപ്പുകൾ, വിദ്യാർഥികൾ, തൂഫാൻ വാരിയേഴ്സ്, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.