ന്യൂഡൽഹി / 2026 / ഒക്ടോബർ 6
രാസവസ്തു, പെട്രോകെമിക്കൽ വ്യവസായത്തിന്റെ പ്രധാന ദ്വിവാർഷിക പരിപാടിയായ ഇന്ത്യ കെം 2026ന്റെ പതിനാലാം പതിപ്പിന് കേന്ദ്ര സഹമന്ത്രി അനുപ്രിയ പട്ടേൽ തുടക്കമിട്ടു. രാസവസ്തു–രാസവളം, ആരോഗ്യ–കുടുംബക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ഒക്ടോബർ അഞ്ചിന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് പരിപാടിക്ക് തുടക്കമിട്ടത്. ഒക്ടോബർ 22 മുതൽ 24 വരെ മുംബൈയിലാണ് പ്രദർശനവും സമ്മേളനവും നടക്കുക. ഈ മേഖലയിൽ നിക്ഷേപം ആകർഷിക്കുകയും വ്യവസായങ്ങൾ തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് കരുത്താകാൻ രാസവ്യവസായം
ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനും 2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനും വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷവും ശക്തമായ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അനുപ്രിയ പട്ടേൽ പറഞ്ഞു. രാസവസ്തു, പെട്രോകെമിക്കൽ മേഖലയ്ക്ക് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് പ്രധാന കരുത്താകാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
2040ഓടെ ബാറ്ററികൾക്കുള്ള രാസവസ്തുക്കൾ, പ്രത്യേക ആവശ്യങ്ങൾക്കുള്ള രാസവസ്തുക്കൾ, സെമികണ്ടക്ടർ നിർമാണത്തിനുള്ള രാസവസ്തുക്കൾ എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റണം. ഇതിനായി ക്രിട്ടിക്കൽ മിനറൽ മിഷൻ, റെയർ എർത്ത് കോറിഡോർ, ഇന്ത്യ സെമികണ്ടക്ടർ മിഷൻ രണ്ടാം ഘട്ടം, ദേശീയ ഉൽപ്പാദന ദൗത്യം, നേരിട്ടുള്ള വിദേശനിക്ഷേപ പരിഷ്കാരങ്ങൾ എന്നിവ പരസ്പരം ഏകോപിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഭവ്യ രസായൻ പദ്ധതി; പുതുമയ്ക്കും നിക്ഷേപത്തിനും അവസരം
ഭവ്യ രസായൻ പദ്ധതിയെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പരിപാടിയായി മാത്രം കാണരുതെന്ന് മന്ത്രി പറഞ്ഞു. രാസവസ്തു, പെട്രോകെമിക്കൽ വ്യവസായങ്ങൾക്ക് പുതിയ ആശയങ്ങൾ നടപ്പാക്കാനും നിക്ഷേപം നടത്താനും പ്രവർത്തനം വിപുലീകരിക്കാനും കഴിയുന്ന അന്തരീക്ഷം ഒരുക്കാനുള്ള ശ്രമമാണിത്. പദ്ധതിയുടെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നിർദേശങ്ങൾ സമയബന്ധിതമായി സമർപ്പിക്കാൻ വ്യവസായമേഖല സംസ്ഥാന സർക്കാരുകളുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനൊപ്പം ഗവേഷണത്തിനും വികസനത്തിനുമുള്ള ചെലവ് വർധിപ്പിക്കണമെന്നും അനുപ്രിയ പട്ടേൽ ആവശ്യപ്പെട്ടു. രാസവസ്തു, പെട്രോകെമിക്കൽ മേഖലയെ മുൻഗണനാ മേഖലയായി പ്രഖ്യാപിക്കാൻ ശാസ്ത്ര–സാങ്കേതിക വകുപ്പുമായി രാസവസ്തു–പെട്രോകെമിക്കൽ വകുപ്പ് ഇതിനകം ശ്രമം നടത്തുന്നുണ്ട്. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ പുതിയ ഗവേഷണ–വികസന–നവീകരണ പദ്ധതിയുടെ പരിധിയിൽ ഈ മേഖലയെ ഉൾപ്പെടുത്താനാണിത്. 2040ഓടെ ഇന്ത്യൻ രാസവ്യവസായത്തെ ഒരു ലക്ഷം കോടി അമേരിക്കൻ ഡോളർ മൂല്യമുള്ള വ്യവസായമാക്കി വളർത്താനുള്ള ലക്ഷ്യത്തിന് ഈ നടപടികൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രത്യേക രാസവ്യവസായ പാർക്കുകൾ യാഥാർഥ്യത്തിലേക്ക്
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെയും വികസനത്തിന്റെയും അടിത്തറയാണ് രാസവ്യവസായമെന്ന് രാസവസ്തു–പെട്രോകെമിക്കൽ വകുപ്പ് സെക്രട്ടറി തേജ്വീർ സിങ് പറഞ്ഞു. പ്രത്യേക രാസവ്യവസായ പാർക്കുകൾ എന്ന ലക്ഷ്യം ഭവ്യ രസായൻ പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നതിന് അടുത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉടൻ പ്രവർത്തനം തുടങ്ങാൻ സഹായിക്കുന്ന സജ്ജീകരണങ്ങളും മികച്ച അടിസ്ഥാനസൗകര്യങ്ങളും മറ്റ് സൗകര്യങ്ങളും ഈ പാർക്കുകളിലുണ്ടാകും. ഇതിലൂടെ ഉൽപ്പാദനച്ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർധിപ്പിക്കാനും കഴിയുമെന്ന് തേജ്വീർ സിങ് പറഞ്ഞു. മേഖലയുടെ വളർച്ചയ്ക്കും നവീകരണത്തിനും ആഗോള മത്സരശേഷിക്കും ഗവേഷണത്തിലും വികസനത്തിലും തുടർച്ചയായ നിക്ഷേപം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറക്കുമതിക്ക് പകരം ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്ന നടപടികളിൽ വ്യവസായ–ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. രാസവസ്തു, പെട്രോകെമിക്കൽ മേഖലയും ഇതിൽ ഉൾപ്പെടുന്നു.
കൂടുതൽ ഉൽപ്പാദനവും വ്യവസായ പങ്കാളിത്തവും ലക്ഷ്യം
മേഖലയിലേക്ക് നിക്ഷേപം ആകർഷിക്കുകയും വ്യവസായങ്ങൾ തമ്മിലുള്ള വ്യാപാര പങ്കാളിത്തത്തിന് വഴിയൊരുക്കുകയും ചെയ്യുകയാണ് ഇന്ത്യ കെമ്മിന്റെ ലക്ഷ്യമെന്ന് രാസവസ്തു–പെട്രോകെമിക്കൽ വകുപ്പ് ജോയിന്റ് സെക്രട്ടറി ദീപങ്കർ ആരോൺ പറഞ്ഞു. ഇന്ത്യ കെമ്മിനെക്കുറിച്ചുള്ള അവതരണത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. മേഖലയുടെ വളർച്ചയ്ക്കായി വ്യവസായങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ പരിപാടി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ഉൽപ്പാദനം വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഫിക്കിയുടെ ദേശീയ പെട്രോകെമിക്കൽസ്–പ്ലാസ്റ്റിക്സ് കമ്മിറ്റി ചെയർമാനും എച്ച്പിസിഎൽ–മിത്തൽ എനർജി ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പ്രഭ് ദാസ് പറഞ്ഞു. ഇതിനായി സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ തോതിലുള്ള മൂലധനം സ്വീകരിക്കാനും നേരിട്ടുള്ള വിദേശനിക്ഷേപം പ്രയോജനപ്പെടുത്താനും ഇന്ത്യൻ രാസവ്യവസായത്തിന് കഴിയുമെന്ന് ഫിക്കി കെമിക്കൽസ് കമ്മിറ്റി സഹചെയർമാനും കെംപ്ലാസ്റ്റ് സന്മാർ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമായ എസ്. ഗണേഷ്കുമാർ പറഞ്ഞു. ലോകത്തെ ഏറ്റവും ലാഭസാധ്യതയുള്ള രാസവ്യവസായമായി മാറാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഗോള കേന്ദ്രമാകുന്ന ഭാരതം; പ്രദർശനവും രാജ്യാന്തര ചർച്ചകളും
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്ന ഫിക്കിയുമായി ചേർന്നാണ് രാസവസ്തു–പെട്രോകെമിക്കൽ വകുപ്പ് ഇന്ത്യ കെം 2026 സംഘടിപ്പിക്കുന്നത്. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പരിപാടിയുടെ പതിനാലാം പതിപ്പിൽ രാജ്യാന്തര പ്രദർശനവും സമ്മേളനവും ഉൾപ്പെടും. വ്യവസായ പ്രമുഖർ, നയരൂപീകരണത്തിൽ പങ്കാളികളായവർ, നിക്ഷേപകർ, ഗവേഷകർ, രാജ്യാന്തര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
കാർഷിക രാസവസ്തുക്കൾ, പെട്രോകെമിക്കൽസ്, പ്രത്യേക ആവശ്യങ്ങൾക്കുള്ള രാസവസ്തുക്കൾ എന്നിവയിൽ പ്രത്യേകം സമ്മേളനങ്ങളുണ്ടാകും. അടിസ്ഥാനസൗകര്യങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, ഉൽപ്പാദന പ്രക്രിയകൾ, പ്ലാന്റുകൾ, യന്ത്രങ്ങൾ എന്നിവയിലും ചർച്ചകൾ നടക്കും. ഇന്ത്യ–അമേരിക്ക, ഇന്ത്യ–യൂറോപ്യൻ യൂണിയൻ, ഇന്ത്യ–റഷ്യ, ഇന്ത്യ–ജപ്പാൻ ഫോറങ്ങളും സംഘടിപ്പിക്കും. ‘ഭാരതത്തിന്റെ മുൻതൂക്കം: ഉയർന്നുവരുന്ന ആഗോള കേന്ദ്രം’ എന്നതാണ് പരിപാടിയുടെ പ്രമേയം. ആഗോള രാസവസ്തു, പെട്രോകെമിക്കൽ മേഖലയിൽ ഇന്ത്യയുടെ വളരുന്ന ശേഷിയും വർധിക്കുന്ന അവസരങ്ങളുമാണ് ഈ പ്രമേയം പ്രതിഫലിപ്പിക്കുന്നത്
