പ്രധാന വിവരങ്ങൾ
- രണ്ടാംഘട്ട പ്രചാരണത്തിന് ഇന്ന് തുടക്കം.
- ഉദ്ഘാടനം എറണാകുളത്ത് നടക്കും.
- ആഭ്യന്തരമന്ത്രി ഉദ്ഘാടനം നിർവഹിക്കും.
- വിദ്യാർത്ഥികൾക്ക് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
- നിയോജകമണ്ഡലങ്ങളിൽ പരിപാടികൾ തുടരും

News Portal

എറണാകുളം, 2026 ജൂൺ 25
മയക്കുമരുന്നുകളുടെ ഉപയോഗത്തിനും വിൽപ്പനക്കും വ്യാപനത്തിനുമെതിരായ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിന്റെ രണ്ടാംഘട്ട പ്രചാരണപരിപാടികൾ ഇന്ന് മുതൽ ആരംഭിക്കും. നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം രാവിലെ പതിനൊന്ന് മണിക്ക് എറണാകുളത്തെ സെന്റ് തെരേസാസ് കോളജിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. ടി. ജെ. വിനോദ് എംഎൽഎ അധ്യക്ഷനാകും.
പരിപാടിയുടെ ഭാഗമായി നടക്കുന്ന കാർട്ടൂൺ മത്സരത്തിന്റെയും റീൽസ് മത്സരത്തിന്റെയും സമ്മാനവിതരണവും മുഖ്യപ്രഭാഷണവും ഹൈബി ഈഡൻ എംപി നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, ഫിഷറീസ്-സാമൂഹ്യനീതി മന്ത്രി അബ്ദുൾ ഗഫൂർ, കൊച്ചി മേയർ വി. കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വി ഗാർഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പള്ളി, സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ അനുജോസഫ്, കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അശ്വതി ജി. ജി എന്നിവർ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം ആഭ്യന്തരമന്ത്രി വിദ്യാർത്ഥികൾക്ക് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തിരഞ്ഞെടുത്ത മൂന്ന് വിദ്യാർത്ഥികൾക്കും വി ഗാർഡ് ഇൻഡസ്ട്രീസിനും ഫെഡറൽ ബാങ്കിനും തൂഫാൻ വാരിയർ ബാഡ്ജുകൾ സമ്മാനിക്കും.
ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ രണ്ടിന് തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചിരുന്നു. അതിന്റെ രണ്ടാംഘട്ടമായാണ് ഓരോ നിയോജകമണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ ഈ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുന്നത്.