ന്യൂഡൽഹി / 2026 / നവംബർ 13
ന്യൂഡൽഹിയിലെ നജഫ്ഗഢ് ഗ്രാമീണ ആരോഗ്യ പരിശീലനകേന്ദ്രത്തിന്റെ പ്രവർത്തനപുരോഗതിയും വികസനവും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നഡ്ഡ നവംബർ 13ന് വിലയിരുത്തി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന് കീഴിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ രോഗീപരിചരണം, പരിശോധനകളും അനുബന്ധ സൗകര്യങ്ങളും, ജീവനക്കാരുടെ ലഭ്യത, പഠനസൗകര്യങ്ങൾ, ഗുണനിലവാരം ഉറപ്പാക്കൽ, ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന ആരോഗ്യസേവനങ്ങൾ എന്നിവയിലെ പുരോഗതി മന്ത്രിയെ അറിയിച്ചു.
സ്ഥാപനത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും ആരോഗ്യസേവനങ്ങളും ശക്തിപ്പെടുത്താൻ നടത്തിയ പ്രവർത്തനങ്ങളെ നഡ്ഡ അഭിനന്ദിച്ചു. കേന്ദ്രം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും വികസനപദ്ധതികൾ നടപ്പാക്കുന്ന സംഘത്തിന്റെ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. സഫ്ദർജങ് ആശുപത്രിയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് നൽകിയ പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു. ബന്ധപ്പെട്ട എല്ലാവരുടെയും തുടർച്ചയായ പരിശ്രമവും കൂട്ടായ പ്രതിബദ്ധതയും രോഗീപരിചരണം, മെഡിക്കൽ വിദ്യാഭ്യാസം, സാമൂഹികാരോഗ്യം എന്നിവയിലെ പ്രധാന കേന്ദ്രമായി സ്ഥാപനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന വിശ്വാസവും മന്ത്രി പ്രകടിപ്പിച്ചു.

മൂന്ന് മാസത്തിനിടെ ഒപിയിൽ 94,927 രോഗികൾ; 691 ശസ്ത്രക്രിയകൾ
മന്ത്രാലയം നൽകിയ വിവരമനുസരിച്ച്, 2026 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കേന്ദ്രത്തിലെ പത്ത് ചികിത്സാവിഭാഗങ്ങളിലായി 94,927 രോഗികൾ ഒപിയിൽ ചികിത്സ തേടി. 35,985 പേർക്ക് അടിയന്തര ചികിത്സ നൽകി. ഈ കാലയളവിൽ 198 പേരെ കിടത്തിച്ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആകെ 691 ശസ്ത്രക്രിയകളും നടത്തി. ഇതിൽ 101 എണ്ണം വലിയ ശസ്ത്രക്രിയകളും 590 എണ്ണം ചെറിയ ശസ്ത്രക്രിയകളുമാണ്. പേവിഷ പ്രതിരോധകേന്ദ്രവും പാമ്പുകടിയേറ്റവർക്കുള്ള ചികിത്സാസൗകര്യവും ഇതേ കാലയളവിൽ ഗണ്യമായ സേവനം നൽകിയതായും അറിയിച്ചു.
ആശുപത്രിയിലെ പ്രസവമുറികൾ പ്രവർത്തനസജ്ജമാണ്. പുതുക്കിയ മരുന്നുപട്ടികപ്രകാരം 350ലധികം മരുന്നുകളുള്ള ഫാർമസിയും പ്രവർത്തിക്കുന്നു. ആയുർവേദത്തിനും ദന്തചികിത്സയ്ക്കും പ്രത്യേക ക്ലിനിക്കുകളുമുണ്ട്. ഇതിലൂടെ രോഗികൾക്ക് ലഭിക്കുന്ന ചികിത്സാസേവനങ്ങളുടെ പരിധി വിപുലമായതായി അവലോകനത്തിൽ വിലയിരുത്തി.
അൾട്രാസൗണ്ട് പ്രവർത്തനം തുടങ്ങി; സി.ടി. സ്കാൻ അടുത്ത വർഷം
പരിശോധനാ സൗകര്യങ്ങളും അനുബന്ധ സേവനങ്ങളും മെച്ചപ്പെടുത്തിയതും യോഗത്തിൽ വിലയിരുത്തി. കേന്ദ്രത്തിലെ ലബോറട്ടറിക്ക് എൻ.എ.ബി.എൽ. അംഗീകാരമുണ്ട്. 2026 ഒക്ടോബർ 24ന് പ്രവർത്തനം തുടങ്ങിയ അൾട്രാസൗണ്ട് പരിശോധനാവിഭാഗത്തിൽ 148 സ്കാനുകൾ നടത്തി. ഫിസിയോതെറാപ്പി വിഭാഗവും കേൾവിശക്തി പരിശോധിക്കുന്ന ഓഡിയോമെട്രി വിഭാഗവും പ്രവർത്തിക്കുന്നു. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ 252 ഓഡിയോമെട്രി പരിശോധനകൾ നടത്തി.
ചികിത്സാ ഉപകരണങ്ങളും സാമഗ്രികളും അണുവിമുക്തമാക്കി വിതരണം ചെയ്യുന്ന കേന്ദ്രവിഭാഗം, ദ്രവമാലിന്യ സംസ്കരണ പ്ലാന്റ്, മലിനജല സംസ്കരണ പ്ലാന്റ്, ചികിത്സയ്ക്കുള്ള വാതകങ്ങൾ എത്തിക്കുന്ന പൈപ്പ്ലൈൻ സംവിധാനം എന്നിവയുടെ നിർമാണവും പൂർത്തിയായി. രക്തസംഭരണ യൂണിറ്റും മോർച്ചറിയും 2027 ജനുവരിയോടെ പ്രവർത്തനസജ്ജമാക്കാനുള്ള നടപടികൾ നടക്കുന്നു. സി.ടി. സ്കാൻ, എക്സ്റേ സൗകര്യങ്ങൾ 2027ലെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങാനാണ് പദ്ധതി.

നഴ്സിങ് പരിശീലനത്തിനും ഗുണനിലവാരത്തിനും കൂടുതൽ സൗകര്യങ്ങൾ
നഴ്സിങ് വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമുള്ള അടിസ്ഥാനസൗകര്യങ്ങളും കേന്ദ്രം ശക്തിപ്പെടുത്തി. എ.എൻ.എം. പരിശീലനസ്കൂൾ നവീകരിച്ചു. രണ്ടുവർഷത്തെ കോഴ്സിലേക്ക് വർഷംതോറും 44 വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള ശേഷിയുണ്ട്. വിദ്യാർഥികൾക്കായി 60 കിടക്കകളുള്ള എ.എൻ.എം. ഹോസ്റ്റലും പ്രവർത്തിക്കുന്നു. കേന്ദ്രത്തിന് കീഴിലുള്ള മൂന്ന് നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ദേശീയ ഗുണനിലവാര ഉറപ്പാക്കൽ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾ നടക്കുന്നു. കണ്ടെത്തിയ 129 പ്രവർത്തനങ്ങളിൽ 105 എണ്ണം പൂർത്തിയായി. ശേഷിക്കുന്ന 24 എണ്ണം പുരോഗമിക്കുന്നു. സംസ്ഥാനതല വിലയിരുത്തലും സർട്ടിഫിക്കേഷനും 2026 ഡിസംബറിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. തുടർന്ന് 2027 ഫെബ്രുവരി മുതൽ ദേശീയതല വിലയിരുത്തൽ നടത്തും.
നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന നടപടികളും സ്ഥാപനം പൂർത്തിയാക്കി. ജൈവവൈദ്യ മാലിന്യസംസ്കരണത്തിന് ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ സർട്ടിഫിക്കേഷൻ ലഭിച്ചു. ഇലക്ട്രോണിക് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നടപടികളും ഗർഭധാരണത്തിന് മുമ്പും ഗർഭകാലത്തുമുള്ള രോഗനിർണയ സാങ്കേതികവിദ്യകൾ സംബന്ധിച്ച നിയമം പാലിക്കുന്നതിനുള്ള നടപടികളും പൂർത്തിയായി. ഊർജം, അഗ്നിസുരക്ഷ, കെട്ടിടത്തിന്റെ ഘടന, സുരക്ഷ എന്നിവ സംബന്ധിച്ച പരിശോധനകൾ പൂർത്തിയാക്കി. ജല ഉപയോഗവുമായി ബന്ധപ്പെട്ട പരിശോധന പുരോഗമിക്കുകയാണ്.
230 കിടക്കകളുള്ള ആശുപത്രിയാക്കാൻ നടപടി; പുതിയ കോളേജുകളും പദ്ധതിയിൽ
സ്ഥാപനത്തിന്റെ ഹ്രസ്വകാല, ഇടക്കാല, ദീർഘകാല വികസനപദ്ധതികളും അവലോകനം ചെയ്തു. തലസീമിയ, ലഹരിമുക്തി, കൗമാരാരോഗ്യം, ലൈംഗികരോഗങ്ങൾ, സന്ധിവാതരോഗങ്ങൾ, പകർച്ചേതര രോഗങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക ക്ലിനിക്കുകൾ 2026 ഡിസംബറോടെ പ്രവർത്തനസജ്ജമാക്കുകയാണ് ഹ്രസ്വകാല ലക്ഷ്യം. കുടുംബാരോഗ്യ ചികിത്സയിലും അടിയന്തര ചികിത്സയിലും അധ്യാപനവിഭാഗങ്ങൾ തുടങ്ങുന്നതാണ് ഇടക്കാല പദ്ധതി. ഇവ 2027ലെ ആദ്യ പാദം അവസാനിക്കുന്നതോടെ പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ബി.എസ്സി. നഴ്സിങ് കോളേജ്, അനുബന്ധ ആരോഗ്യശാസ്ത്ര കോളേജ്, താമസത്തിനുള്ള ഹോസ്റ്റൽ, മെഡിക്കൽ വിദ്യാഭ്യാസ സൗകര്യങ്ങളുടെ വിപുലീകരണം എന്നിവ ദീർഘകാല പദ്ധതിയിലുണ്ട്. കേന്ദ്രത്തെ 230 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ ഇതിനകം തുടങ്ങി. ഇതിലൂടെ രോഗീപരിചരണം, മെഡിക്കൽ വിദ്യാഭ്യാസം, സ്ഥാപനതല പരിശീലനം എന്നിവയ്ക്കുള്ള ശേഷി വർധിക്കുമെന്നാണ് പ്രതീക്ഷ. വിദഗ്ധ ഡോക്ടർമാർ, സീനിയർ റസിഡന്റുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരുടെ ലഭ്യതയും തുടർവികസനത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും ഭരണപരമായ കാര്യങ്ങളും യോഗം പരിശോധിച്ചു.

1937ൽ സ്ഥാപിതമായ നജഫ്ഗഢ് ഗ്രാമീണ ആരോഗ്യ പരിശീലനകേന്ദ്രത്തിന് സേവനത്തിലും വിദ്യാഭ്യാസത്തിലും സാമൂഹികാരോഗ്യത്തിലും ദീർഘകാല പാരമ്പര്യമുണ്ട്. നജഫ്ഗഢ്, ഉജ്വ, പാലം എന്നിവിടങ്ങളിലെ മൂന്ന് നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അവയുടെ ഉപകേന്ദ്രങ്ങളും വഴിയാണ് സമഗ്ര പ്രാഥമികാരോഗ്യ സേവനങ്ങൾ നൽകുന്നത്. ഗ്രാമങ്ങളിലെയും നഗരപ്രാന്തപ്രദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യാവശ്യങ്ങളാണ് ഇവ നിറവേറ്റുന്നത്. മാതൃശിശു ആരോഗ്യം, പ്രതിരോധ കുത്തിവെപ്പ്, കുടുംബക്ഷേമം, രോഗനിയന്ത്രണ പരിപാടികൾ എന്നിവയ്ക്കാണ് പ്രധാന ശ്രദ്ധ. മെഡിക്കൽ, നഴ്സിങ്, പാരാമെഡിക്കൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്ന കേന്ദ്രങ്ങളായും ഇവ പ്രവർത്തിക്കുന്നു. രോഗീപരിചരണം, മെഡിക്കൽ വിദ്യാഭ്യാസം, നൈപുണ്യവികസനം, സാമൂഹികാരോഗ്യം എന്നിവ ഒരുമിപ്പിക്കുന്ന സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം എളുപ്പത്തിൽ ലഭിക്കുന്നതും സമഗ്രവും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങൾ ശക്തിപ്പെടുത്താനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് കേന്ദ്രത്തിലെ പുരോഗതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.