ശ്രീനഗർ, 2026 ജൂൺ 16
ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശത്തിലെ വിരമിക്കാൻ ഒരുങ്ങുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കായി അൻപത്തൊൻപതാമത് വിരമിക്കൽ മുൻ കൗൺസിലിങ് ശിൽപശാലയും പതിമൂന്നാമത് ബാങ്കേഴ്സ് അവബോധ പരിപാടിയും ഇന്ന് ശ്രീനഗറിലെ എസ്.കെ.ഐ.സി.സി.യിൽ നടക്കും. പെൻഷൻകാരുടെ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിൽ അടുത്ത പന്ത്രണ്ട് മാസത്തിനുള്ളിൽ വിരമിക്കുന്ന മുന്നൂറോളം ജീവനക്കാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രിയുടെ കാര്യാലയം, ജീവനക്കാര്യം, പൊതുപരാതികൾ, പെൻഷൻ എന്നീ വകുപ്പുകളുടെ സഹമന്ത്രിയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായ ഡോക്ടർ ജിതേന്ദ്ര സിങ് പരിപാടി ഉദ്ഘാടനം ചെയ്യും. പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ജീവിതസൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. വിരമിക്കൽ ആനുകൂല്യങ്ങൾ, ആരോഗ്യ പദ്ധതി, സൈബർ സുരക്ഷ, നിക്ഷേപ മാർഗങ്ങൾ, വിവിധ പെൻഷൻ സേവന സംവിധാനങ്ങൾ, കുടുംബ പെൻഷൻ, ഡിജിറ്റൽ ജീവൻ സർട്ടിഫിക്കറ്റ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.
പെൻഷൻ സംബന്ധിച്ച നടപടിക്രമങ്ങളും ചട്ടങ്ങളും ബാങ്കുകൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ജമ്മു കശ്മീർ ബാങ്കിന്റെ സഹകരണത്തോടെ പ്രത്യേക അവബോധ പരിപാടിയും ഒരുക്കിയിട്ടുണ്ട്. ശിൽപശാലയ്ക്കൊപ്പം പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകളുടെ പ്രദർശനവും നടക്കും. പന്ത്രണ്ട് ബാങ്കുകൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ പെൻഷൻ ബാങ്കിങ് സേവനങ്ങൾ, പെൻഷൻ അക്കൗണ്ടുകൾ, അനുബന്ധ ധനകാര്യ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കും.