കൊച്ചി: ശ്രീലങ്കന്‍ യുവതിയുമായി മാവേലിക്കര സ്വദേശിയായ യുവാവിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന് ഹൈക്കോടതി. ആവശ്യമായ രേഖകളെല്ലാം നല്‍കിയിട്ടും ലങ്കൻ എംബസിയില്‍നിന്ന്, വിവാഹിതയല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്നു നിര്‍ദേശിച്ച് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാത്ത മാവേലിക്കര സബ് രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് ഇരുപത്തിയാറുകാരനായ യുവാവ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എസ്. ഈശ്വരന്റെ ഉത്തരവ്.
യുവതി വീസയടക്കമുള്ള എല്ലാ രേഖകളുമായി ഇന്ത്യയില്‍ താമസിക്കുകയാണ്
.വധുവാകേണ്ട ശ്രീലങ്കന്‍ യുവതി വീസയടക്കമുള്ള എല്ലാ രേഖകളുമായി ഇന്ത്യയില്‍ താമസിക്കുകയാണ്. ആവശ്യമായ എല്ലാ രേഖകളുമായാണു വിവാഹ രജിസ്ട്രേഷന് ഇരുവരും അപേക്ഷ നല്‍കിയത്. എന്നാല്‍, ശ്രീലങ്കന്‍ എംബസിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യമാണ് സബ് രജിസ്ട്രാര്‍ ഉന്നയിച്ചത്. നിയമപരമായി സമര്‍പ്പിക്കേണ്ട പാസ്പോർട്ട്, വീസ, വിവാഹിതയല്ലെന്ന സത്യവാങ്മൂലം എന്നിവയൊക്കെ നല്‍കിയിട്ടുണ്ടെന്നും എംബസിയുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച നിര്‍ദേശം നിയമത്തിലില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.



