ഹൈലൈറ്റുകൾ
- 15 വയസ്സുള്ള ബലാത്സംഗ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നുവെങ്കിലും, പിന്നീട് അവൾ ആൺകുഞ്ഞിന് ജന്മം നൽകി.
- കുഞ്ഞിനെ ദത്തുനൽകാൻ പെൺകുട്ടിയുടെ കുടുംബം തീരുമാനിച്ചു; കേന്ദ്ര ദത്തെടുപ്പ് ഏജൻസിയിലൂടെ നടപടികൾ ആരംഭിച്ചു.
- ഗർഭഛിദ്രം നടത്തണമോ വേണ്ടയോ എന്നത് അതിജീവിതയുടെ അവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി: 28 ആഴ്ചയിലേറെ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അടുത്തിടെ സുപ്രീംകോടതി അനുമതി നൽകിയ 15 വയസുള്ള ബലാത്സംഗ അതിജീവിതയായ പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജന്മം നൽകിയെന്നു റിപ്പോർട്ട്. പെണ്‍കുട്ടി ന്യൂഡൽഹിയിലെ എയിംസിൽ മെയ് 2 ശനിയാഴ്ച പ്രസവിച്ചതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. കുഞ്ഞ് എയിംസിൽ നിരീക്ഷണത്തിലാണെന്നും മാതാപിതാക്കളുടെ ആവശ്യപ്രകാരം പെണ്‍കുട്ടിയെ ഡിസ്ചാർജ് ചെയ്തെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കുഞ്ഞിനുമേലുള്ള അവകാശം ഉപേക്ഷിച്ച് പെണ്‍കുട്ടിയുടെ കുടുംബം
കുഞ്ഞിനുമേലുള്ള അവകാശം ഉപേക്ഷിക്കാൻ പെണ്‍കുട്ടിയുടെ കുടുംബം തീരുമാനിച്ചുവെന്നും കേന്ദ്ര ദത്തെടുക്കൽ ഏജൻസിയിലൂടെ കുഞ്ഞിനെ ഔദ്യോഗികമായി ദത്തുനൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഗർഭഛിദ്രം നടത്താൻ പരമോന്നത കോടതി അനുവാദം നൽകിയിരുന്നു..
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അവളുടെ ഇഷ്ടത്തിനു വിരുദ്ധമായി ഗർഭം തുടരാൻ നിർബന്ധിക്കുന്നത് മാനസികവും ശാരീരികവും വൈകാരികവുമായ ആഘാതങ്ങൾക്ക് കാരണമാകുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഏഴുമാസം ഗർഭിണിയായ പ്രായപൂർത്തിയാകാത്ത ബലാത്സംഗ അതിജീവിതയ്ക്കു ഗർഭഛിദ്രം നടത്താൻ പരമോന്നത കോടതി ഏപ്രിൽ 24നാണ് അനുവാദം നൽകിയത്.
വിധി ചോദ്യം ചെയ്ത് എയിംസ് ഹർജി നൽകിയിരുന്നെങ്കിലും ഗർഭഛിദ്രം നടത്തണോ വേണ്ടയോ എന്നു തെരഞ്ഞെടുക്കാനുള്ള അവകാശം എപ്പോഴും അതിജീവിതർക്കായിരിക്കണമെന്നു ചൂണ്ടിക്കാട്ടി കോടതി അനുമതി ശരിവയ്ക്കുകയായിരുന്നു.


