ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 9
പ്രധാനമന്ത്രി ആവാസ് യോജന–അർബൻ പദ്ധതിയുടെ രണ്ട് ഘട്ടങ്ങളിലായി രാജ്യത്ത് 1.25 കോടിയിലധികം വീടുകൾക്ക് അനുമതി നൽകിയതായി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ ഒരു കോടിയിലധികം വീടുകളുടെ നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. ഓഗസ്റ്റ് ആറിന് ന്യൂഡൽഹിയിലെ സങ്കൽപ് ഭവനിൽ ചേർന്ന കേന്ദ്ര അനുമതി-നിരീക്ഷണ സമിതിയുടെ എട്ടാമത് യോഗത്തിലാണ് പുതിയ കണക്കുകൾ വിലയിരുത്തിയത്.
ഭവന-നഗരകാര്യ മന്ത്രാലയത്തിലെ നഗരവികസന വകുപ്പ് സെക്രട്ടറി സതേന്ദ്ര സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമർപ്പിച്ച പുതിയ ഭവന നിർദേശങ്ങൾ പരിശോധിച്ച് സാമ്പത്തികമായി ദുർബലരായ കുടുംബങ്ങൾക്കായി 2.09 ലക്ഷത്തിലധികം വീടുകൾക്ക് കൂടി അനുമതി നൽകി. പദ്ധതി വേഗത്തിൽ നടപ്പാക്കാനും പണം സമയത്ത് അനുവദിക്കാനും ഗുണഭോക്താക്കളടക്കം എല്ലാവരും ഏകോപിച്ച് പ്രവർത്തിക്കണമെന്നും സെക്രട്ടറി നിർദേശിച്ചു.
എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ 2015 ജൂണിലാണ് പ്രധാനമന്ത്രി ആവാസ് യോജന–അർബൻ ആരംഭിച്ചത്. രണ്ടാം ഘട്ടം നഗരങ്ങളിലെ ഒരു കോടി അധിക അർഹ കുടുംബങ്ങളുടെ ഭവനാവശ്യങ്ങൾ നിറവേറ്റുകയാണ് ലക്ഷ്യമിടുന്നത്. വാർഷിക വരുമാനം ഒൻപത് ലക്ഷം രൂപവരെയുള്ള സാമ്പത്തികമായി ദുർബല, താഴ്ന്ന വരുമാന, ഇടത്തരം വരുമാന വിഭാഗങ്ങളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പുരോഗതി പരിശോധിക്കാൻ കേന്ദ്ര സമിതി ഇനി പതിവായി യോഗം ചേരുമെന്നും മന്ത്രാലയം അറിയിച്ചു.
പുതുതായി 2.09 ലക്ഷം വീടുകൾ
ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജമ്മു കശ്മീർ, ഝാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് പുതിയ വീടുകൾക്ക് അനുമതി ലഭിച്ചത്.
ഇതിൽ ഏകദേശം 1.42 ലക്ഷം വീടുകൾ ഗുണഭോക്താക്കൾ സ്വന്തം ഭൂമിയിൽ വീട് നിർമിക്കുന്ന വിഭാഗത്തിലാണ്. ഇത്തരക്കാർക്ക് 2.5 ലക്ഷം രൂപവരെ സാമ്പത്തിക സഹായം ലഭിക്കും. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന താങ്ങാനാകുന്ന ഭവനപദ്ധതികളിൽ 67,045 വീടുകൾക്കും അനുമതി നൽകി.
രണ്ടാം ഘട്ടത്തിൽ 18.38 ലക്ഷം വീടുകൾ
പുതിയ അനുമതികളോടെ പ്രധാനമന്ത്രി ആവാസ് യോജന–അർബൻ രണ്ടാം ഘട്ടത്തിൽ അനുവദിച്ച വീടുകളുടെ എണ്ണം 18.38 ലക്ഷം കടന്നു. ഇതിൽ 14.40 ലക്ഷം വീടുകൾ ഗുണഭോക്തൃ നേതൃത്വത്തിലുള്ള നിർമാണ വിഭാഗത്തിലാണ്. 2.48 ലക്ഷം വീടുകൾ പങ്കാളിത്ത ഭവനപദ്ധതികളിലും 1.36 ലക്ഷം വീടുകൾ പലിശ സബ്സിഡി വിഭാഗത്തിലുമാണ്. 13,046 വീടുകൾ താങ്ങാനാകുന്ന വാടക ഭവന പദ്ധതിയിലും അനുവദിച്ചിട്ടുണ്ട്.
2.03 ലക്ഷം വീടുകൾ സ്ത്രീകൾക്ക്
പുതുതായി അനുവദിച്ച 2.09 ലക്ഷം വീടുകളിൽ 2.03 ലക്ഷം വീടുകളും സ്ത്രീകളുടെ പേരിലാണ് അനുവദിച്ചത്. 16,662 വീടുകൾ മുതിർന്ന പൗരന്മാർക്കാണ്. പട്ടികജാതി വിഭാഗത്തിന് 21,954 വീടുകളും പട്ടികവർഗ വിഭാഗത്തിന് 14,252 വീടുകളും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 75,511 വീടുകളും അനുവദിച്ചു.
പദ്ധതിയുടെ രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 1.25 കോടി വീടുകളിൽ ഒരു കോടി വീടുകൾ സ്ത്രീകളുടെ പേരിലോ സ്ത്രീയെ ഉൾപ്പെടുത്തിയ സംയുക്ത ഉടമസ്ഥതയിലോ ആണ്. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും കുടുംബത്തിലെ തീരുമാനങ്ങളിലുള്ള പങ്കാളിത്തവും ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് കേന്ദ്രം അറിയിച്ചു.
പുരോഗതി കർശനമായി നിരീക്ഷിക്കും
അനുവദിച്ച വീടുകളുടെ നിർമാണ പുരോഗതി, പണം വിനിയോഗിച്ചത്, ജിയോ ടാഗിങ്, ഗുണഭോക്തൃ പരിശോധന, വീടുകളിൽ താമസം തുടങ്ങിയ കാര്യങ്ങൾ യോഗം വിശദമായി വിലയിരുത്തി. പദ്ധതി നടപ്പാക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കാനും അനുമതികൾ വേഗത്തിലാക്കാനും കേന്ദ്ര സമിതി പതിവായി യോഗം ചേരും.
എല്ലാ അർഹ കുടുംബങ്ങൾക്കും സുരക്ഷിത വീട്
സ്വന്തമായി വീട് നിർമിക്കാൻ സഹായം, കുറഞ്ഞ വിലയിലെ ഭവനപദ്ധതികൾ, ഭവനവായ്പയ്ക്ക് പലിശ സബ്സിഡി, താങ്ങാനാകുന്ന വാടകവീടുകൾ എന്നിവയാണ് രണ്ടാം ഘട്ടത്തിലെ പ്രധാന മാർഗങ്ങൾ. സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വ്യക്തികൾ, ന്യൂനപക്ഷങ്ങൾ, പിന്നാക്ക-പാർശ്വവത്കൃത വിഭാഗങ്ങൾ എന്നിവരുടെ ഭവനാവശ്യങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നുണ്ട്.
.