ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതിക്കെതിരായ പ്രതിഷേധം കത്തിപ്പടരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും പ്രധാനമന്ത്രിക്കു കത്തയച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേരളത്തിലെ പ്രസംഗത്തിൽ ഈ വിഷയം ഉയർത്തി.
വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്മാർ പ്രതിഷേധം ഉയർത്തി
മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന് ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, തൃശൂർ ആർച്ച്ബിഷപ്പും സിബിസിഐ മുൻ പ്രസിഡന്റുമായ മാർ ആൻഡ്രൂസ് താഴത്ത് തുടങ്ങി വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്മാരും ഇന്നലെ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. എഫ്സിആർഎ ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകൾ കിരാതവും ജനാധിപത്യവിരുദ്ധവും ഭരണഘടനാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവും സാമാന്യനീതിയുടെ ലംഘനവുമാണെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) തുടക്കത്തിലേ ചൂണ്ടിക്കാട്ടിയിരുന്നു. സിബിസിഐയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ഡൽഹിയിൽ വിളിച്ച വിവിധ സാമൂഹ്യനേതാക്കളുടെയും അഭിഭാഷകരുടെയും യോഗം ബില്ലിനെതിരേ പ്രതിഷേധം ഉയർത്താൻ തീരുമാനിച്ചു. ബില്ലിനെതിരേ പ്രതിരോധിക്കാൻ വിവിധ മുസ്ലിം സംഘടനകളും ഡൽഹിയിൽ യോഗം ചേർന്നു തീരുമാനമെടുത്തു.
വിവാദ ബില്ലിനെതിരേ രാഷ്ട്രീയ നേതാക്കൾ പരസ്യമായി രംഗത്തെത്തി.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, ഡോ. ശശി തരൂർ എംപി, മനീഷ് തിവാരി എംപി, ജോസ് കെ. മാണി എംപി അടക്കം നിരവധി നേതാക്കളും വിവാദ ബില്ലിനെതിരേ പരസ്യമായി രംഗത്തെത്തി.
ബില്ലിലെ വ്യവസ്ഥകൾ കിരാതമാണെന്നു സിബിസിഐ സെക്രട്ടറി ജനറൽ
സ്വന്തം ചെലവിൽ പടത്തുയർത്തിയ ആരാധനാലയങ്ങൾ, സ്കൂളുകൾ, അഗതിമന്ദിരങ്ങൾ, വയോജന, ശിശു പരിപാലന കേന്ദ്രങ്ങൾ അടക്കമുള്ളവയ്ക്ക് മുന്‍പെന്നെങ്കിലും ചെറിയ തുക വിദേശസംഭാവന സ്വീകരിച്ചിട്ടുണ്ടെങ്കിൽപോലും എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കി നൽകാതിരിക്കുകയോ റദ്ദാക്കുകയോ ചെയ്താൽ മുഴുവൻ ഫണ്ടും സ്വത്തുക്കളും സ്ഥാപനങ്ങളും പുതിയ അഥോറിറ്റിക്ക് ഏറ്റെടുത്തു നിയന്ത്രിക്കാമെന്നും സ്വത്തുക്കൾ അപ്പാടെ വിറ്റ് സർക്കാരിലേക്കു കണ്ടുകെട്ടാമെന്നുമുള്ള വ്യവസ്ഥ കിരാതമാണെന്നു സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ചുബിഷപ്പുമായ ഡോ. അനിൽ കൂട്ടോ ചൂണ്ടിക്കാട്ടി. വിദേശഫണ്ട് സ്വീകരിക്കുന്നതിലോ ഉപയോഗത്തിലോ പോരായ്മകളുണ്ടെങ്കിൽ അതു പരിഹരിക്കുന്നതിനു സംവിധാനം ഒരുക്കുന്നതിനു പകരം മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടാമെന്ന വ്യവസ്ഥ തീർത്തും അസ്വീകാര്യമാണെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ പറഞ്ഞു.
