റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യാക്കോബായ സഭയുടെ നിയന്ത്രണത്തിലുള്ള 6 പള്ളികൾ ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

March 25, 2026 - 7:09 am

കൊച്ചി: യാക്കോബായ സഭയുടെ നിയന്ത്രണത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികൾ ഏറ്റെടുക്കാനുള്ള ഓർത്തഡോക്‌സ് സഭയുടെ നീക്കങ്ങൾക്ക് തിരിച്ചടി. പള്ളികൾ ഏറ്റെടുക്കാനുള്ള സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഓടക്കാലി, മഴുവന്നൂർ, ചെറുകുന്നം, പുളിന്താനം, മംഗലം ഡാം അടക്കമുള്ള പള്ളികളുടെ കാര്യത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുന്നിൽ ഹർജിയുണ്ടായിരുന്നത്.

ആറ് പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാനായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി

2017ലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് സഭാ തർക്കം നിലനിൽക്കുന്ന സ്ഥലങ്ങളിലെ പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാനുള്ള ഉത്തരവ് വന്നിരുന്നു. ഇതിനെതിരെ യാക്കോബായ സഭ പലതവണ തടസ്സങ്ങൾ ഉന്നയിച്ചിരുന്നു. ഈ തർക്കങ്ങൾ നിലനിൽക്കെയാണ് ഈ ആറ് പള്ളികളും ഏറ്റെടുത്ത് പോലീസ് സംരക്ഷണത്തോടെ ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാൻ സിംഗിൾ ബെഞ്ചിന്റെ വിധി വന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ട് യാക്കോബോയ സഭ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

ഓർത്തഡോക്‌സ് സഭയുടെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയിട്ടില്ല

ഇത് സിവിൽ തർക്കമാണെന്നും അതിനാൽ ആറുപള്ളികളുടെയും കാര്യം പ്രത്യേകമായി പരിഗണിക്കണമെന്നാണ് ഡിവിഷൻ ബെഞ്ച് വിധിച്ചത്. മറ്റ് മൂന്നുപള്ളികൾ ഏറ്റെടുക്കാനുള്ള വിധി ഈ ആറ് പള്ളികൾക്ക് ബാധകമാണോയെന്നത് സിവിൽ തർക്കമാണ്. അതിൽ തീരുമാനമാകുന്നത് വരെ പള്ളികൾ ഏറ്റെടുക്കാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ചിന്റെ വിധി റദ്ദാക്കിയത്. ഓരോ പള്ളിയുടേയും കാര്യം പ്രത്യേകമായി പരിശോധിച്ച് വേണം തീരുമാനമെടുക്കാനെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചു. അതേസമയം പള്ളികളിൽ അവകാശമുന്നയിച്ചുള്ള ഓർത്തഡോക്‌സ് സഭയുടെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയിട്ടില്ല. ഹർജി നിലനിൽക്കുമെന്നും ഇക്കാര്യത്തിൽ വിശദമായ നിയമ നടപടി തുടരുമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *