ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് 2.2 ലക്ഷത്തോളം പ്രവാസികൾ ഇന്ത്യയിലേക്കു മടങ്ങിയെത്തിയതായി കേന്ദ്രം. ഇറാനിലുണ്ടായിരുന്ന 550 ഇന്ത്യക്കാർ അർമേനിയയിലേക്കും 90 ഇന്ത്യക്കാർ അസർബൈജാനിലേക്കും റോഡുമാർഗം രക്ഷപ്പെട്ടതായും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്നലെ(മാർച്ച് 16) മാത്രം 45 വിമാനങ്ങളിൽ മലയാളികൾ അടക്കമുള്ള പ്രവാസികൾ നാട്ടിൽ മടങ്ങിയെത്തി. ഇറാനെതിരായ ആക്രമണം ആരംഭിച്ച ഫെബ്രുവരി 28നുശേഷം 2,20,000 ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് ഗൾഫിന്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി അസീം മഹാജൻ പറഞ്ഞു. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹറിൻ എന്നീ രാജ്യങ്ങളിൽനിന്നാണു കൂടുതൽ പ്രവാസികളും മടങ്ങിയത്.
കൂടുതൽ വിമാനങ്ങൾ ഇന്നും പ്രതീക്ഷിക്കുന്നു
ഖത്തറിന്റെ വ്യോമാതിർത്തി ഭാഗികമായി വീണ്ടും തുറന്നതിനാൽ കേരളത്തിലേക്കടക്കം കൂടുതൽ വിമാനങ്ങൾ ഇന്നും പ്രതീക്ഷിക്കുന്നതായി അസീം പറഞ്ഞു. കുവൈറ്റിന്റെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണെങ്കിലും പ്രത്യേക ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾക്കുള്ള ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഹറിനിലെയും ഇറാക്കിലെയും ഇന്ത്യക്കാർക്ക് സൗദി അറേബ്യ വഴി ഗതാഗതം സുഗമമാക്കുന്നുണ്ട്.
സംഘർഷം വകവയ്ക്കാതെ ടെഹ്റാനിലെ ഇന്ത്യൻ എംബസി പ്രവർത്തനം തുടരുന്നു
ഇറാനിൽനിന്ന് 640 ഇന്ത്യൻ പൗരന്മാർ കരമാർഗം അർമേനിയയിലേക്കും അസർബൈജാനിലേക്കും മാറുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്ധീർ ജയ്സ്വാൾ പറഞ്ഞു. മതപരമായ ആവശ്യങ്ങൾക്കായി ഇറാനിലേക്കുപോയ 284 ഇന്ത്യൻ തീർഥാടകരും അർമേനിയയിലേക്കു മാറിയവരിൽ ഉൾപ്പെടുന്നു. ചിലർ ഇന്ത്യയിൽ തിരിച്ചെത്തി.ശേഷിക്കുന്നവരും വൈകാതെ തിരിച്ചെത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സംഘർഷം വകവയ്ക്കാതെ ടെഹ്റാനിലെ ഇന്ത്യൻ എംബസി പ്രവർത്തനം തുടരുന്നതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ടെഹ്റാനു പുറത്തെ പ്രദേശങ്ങളിലുള്ള ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറ്റിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.


