റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പശ്ചിമേഷ്യന്‍ യുദ്ധം : ആഗോള വളം വിപണി സ്തംഭനാവസ്ഥയിലായി

March 10, 2026 - 5:00 am

ലണ്ടന്‍/തെഹ്‌റാന്‍ | പശ്ചിമേഷ്യന്‍ യുദ്ധം ലോകമെമ്പാടുമുള്ള ഭക്ഷ്യോത്പാദനത്തെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. ലോകത്തെ ഏറ്റവും വലിയ വളം ഉത്പാദന ശാലകളും അതിനാവശ്യമായ പദാര്‍ഥങ്ങളും മിഡില്‍ ഈസ്റ്റില്‍ കേന്ദ്രീകരിച്ചിരിക്കുന്നതാണ് ഈ ആശങ്കക്ക് കാരണം. യുദ്ധത്തെത്തുടര്‍ന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള വളം വിപണി സ്തംഭനാവസ്ഥയിലായി. ലോകത്തെ വളം കയറ്റുമതിയുടെ 25 മുതല്‍ 35 ശതമാനം വരെ കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.

രാജ്യാന്തര വിപണിയില്‍ ഈജിപ്ഷ്യന്‍ യൂറിയയുടെ വിലയില്‍ മൂന്നിലൊന്ന് വര്‍ധന

റഷ്യ, ഈജിപ്ത്, സഊദി അറേബ്യ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യൂറിയ കയറ്റുമതി ചെയ്യുന്ന നാലാമത്തെ രാജ്യമാണ് ഇറാന്‍. കടലിടുക്ക് അടച്ചതോടെ സഊദി അറേബ്യയില്‍ നിന്നുള്ള കയറ്റുമതിയും പ്രതിസന്ധിയിലായി. യുദ്ധം തുടങ്ങിയതോടെ രാജ്യാന്തര വിപണിയില്‍ ഈജിപ്ഷ്യന്‍ യൂറിയയുടെ വിലയില്‍ മൂന്നിലൊന്ന് വര്‍ധനയാണ് ഉണ്ടായത്. വളം നിര്‍മാണത്തിന് അത്യാവശ്യമായ സള്‍ഫറിന്റെ പകുതിയോളം വരുന്നത് മിഡില്‍ ഈസ്റ്റില്‍ നിന്നാണ്. ഇതിന്റെ വിലയും കുത്തനെ ഉയരുകയാണ്. മേഖലയിലെ ഊര്‍ജ നിലയങ്ങള്‍ക്കു നേരെയുള്ള ആക്രമണം കാരണം ഖത്വര്‍ അടക്കമുള്ള രാജ്യങ്ങള്‍ വളം നിര്‍മാണത്തിന് ആവശ്യമായ പ്രകൃതിവാതകത്തിന്റെ ഉത്പാദനം വെട്ടിക്കുറച്ചത് പ്രതിസന്ധി ഇരട്ടിയാക്കി.

ലോകത്തിന്റെ പട്ടിണി മാറ്റാനുള്ള അടിസ്ഥാന ഘടകം

ലോകത്തെ പകുതിയോളം ഭക്ഷ്യോത്പാദനം വളങ്ങളെ ആശ്രയിച്ചാണെന്നും ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും പ്രമുഖ രാസവസ്തു നിര്‍മാണ കമ്പനിയായ യാര ഇന്റര്‍നാഷനലിന്റെ സി ഇ ഒ സ്വെയ്ന്‍ ടോറെ ഹോള്‍സെതര്‍ പറഞ്ഞു. വളം വെറുമൊരു ഉത്പന്നമല്ലെന്നും ലോകത്തിന്റെ പട്ടിണി മാറ്റാനുള്ള അടിസ്ഥാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *