കൊച്ചി: കടല്‍ വെള്ളരിവേട്ട കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ലക്ഷദ്വീപിലെ ജനവാസമില്ലാത്ത സുഖേലി ചെറിയകര ദ്വീപില്‍നിന്നു കവരത്തി വനം വകുപ്പ് 234 കിലോ കടൽ വെള്ളരി പിടികൂടിയ കേസിലും മുക്ബീല് എന്നയാളില്‍നിന്ന് 52 കടൽ വെള്ളരി പിടികൂടിയ കേസിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട കടല്ജീവിയാണു കടല്‍ വെള്ളരി. ഇവയെ വേട്ടയാടുന്നതും പിടികൂടുന്നതും ഇന്ത്യയില്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ഈ ജീവിയെ കച്ചവടം ചെയ്യുന്നതും കച്ചവടാവശ്യത്തിന് കൈവശം വയ്ക്കുന്നതും അന്താരാഷ്ട്ര ഉടമ്പടി പ്രകാരം കുറ്റകരമാണ്.
കോടികള്‍ വിലമതിക്കുന്ന കടല്‍ വെള്ളരികളാണു പിടികൂടിയത്
അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്നതാണിത്. ശ്രീലങ്ക, ചൈന എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു കയറ്റി അയക്കാന്‍ തയാറാക്കിയ കടല്‍ വെള്ളരികളാണു പിടികൂടിയത്. കവരത്തി പിഎംഎല്‍എ സ്പെഷല്‍ കോടതി ജഡ്ജി എന്‍. ശേഷാദ്രിനാഥന് മുമ്പാകെ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ നിര്‍മല്‍ കുമാര്‍ മോഷ അന്വേഷണം നടത്തി ഇരുകേസിലും കുറ്റപത്രം ഫയല്‍ ചെയ്തത്.


