പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് വി.എസിന്റെ കുടുംബം

തിരുവനന്തപുരം | വി എസ് അച്യുതാനനന്ദന് മരണാനന്തരം ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് കുടുംബം. വിഷയത്തില്‍ കുടുംബം പാര്‍ട്ടി നിലപാടിനൊപ്പമാണെന്ന് വി എസിന്റെ മകന്‍ വി എ അരുണ്‍ കുമാര്‍ ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പുരസ്‌കാരം സ്വീകരിക്കുന്നതില്‍ പാര്‍ട്ടിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമാണ് കുടുംബം. .പുരസ്‌കാരം വി എസിന്റെ പൊതുജീവിതത്തോടുള്ള ആദരവായി കണക്കാക്കുന്നു. എന്നാല്‍, വി എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കി.

വി എ അരുണ്‍ കുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്:.

ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ ‘പത്മവിഭൂഷണ്‍’ അന്തരിച്ച എന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നല്‍കാന്‍ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു. .ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോട് ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും ഞങ്ങള്‍ക്ക് വലിയ കരുത്താണ്.

ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു. എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം. ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സ്‌നേഹവായ്പുകള്‍ക്ക് നന്ദി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →