കൽപറ്റ: വയനാട് വണ്ടിക്കടവ് ഭാഗത്ത് നിരന്തരം ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഡിസംബർ 25 വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കടുവ കുടുങ്ങിയത്. ഈ കടുവയാണ് ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വണ്ടിക്കടവ് ഭാഗത്ത് നിരന്തരം വളർത്തുമൃഗങ്ങളെ വേട്ടയാടിയിരുന്നതും ഇതേ കടുവയാണെന്ന് അധികൃതർ വ്യക്തമാക്കി. 2018 മുതൽ ഈ വനമേഖലയിൽ WWL 48 കടുവയുടെ സാന്നിധ്യം വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. ഇടയ്ക്ക് കാണാതായ കടുവ അടുത്തിടെയാണ് വീണ്ടും നാട്ടിലിറങ്ങി തുടങ്ങിയത്.
കടുവയെ തിരികെ കാട്ടിലേക്ക് തുറന്നു വിടില്ല
പിടികൂടിയ കടുവയെ തിരികെ കാട്ടിലേക്ക് തുറന്നു വിടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഏകദേശം 14 വയസ്സ് പ്രായമുള്ള ഈ കടുവയ്ക്ക് പ്രായാധിക്യം മൂലം ഇരതേടാനുള്ള ശേഷിക്കുറവ് ഉണ്ടായേക്കാം എന്നും അതുകൊണ്ടാവാം ഇത് നാട്ടിലേക്ക് ഇറങ്ങുന്നതെന്നും വിലയിരുത്തുന്നു. നിലവിൽ കടുവയെ ആരോഗ്യപരിശോധനകൾക്ക് ശേഷം വനംവകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. അവിടെ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ നിരന്തരമായ പരിശോധനകളും നിരീക്ഷണവും നടത്തും.
വനത്തിനുള്ളിലേക്ക് പോകരുതെന്ന് കർശന നിർദ്ദേശം
വണ്ടിക്കടവ് ഭാഗത്ത് മറ്റ് മൂന്ന് കടുവകളുടെ കൂടി കാൽപാടുകൾ കണ്ടതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. നിലവിൽ കടുവകളുടെ പ്രജനന കാലമായതിനാൽ അവ വനംവിട്ട് നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ കന്നുകാലികളെ മേയ്ക്കാനോ വിറക് ശേഖരിക്കാനോ വനത്തിനുള്ളിലേക്ക് പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്
