ചൈബാസ: ജാര്‍ഖണ്ഡിലെ ചൈബാസയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി ബസില്‍ യാത്ര ചെയ്ത് കുടുംബം. നോമുണ്ടി ബ്ലോക്കിലെ ബല്‍ജോരി സ്വദേശിയായ ഡിംബ ചതോംബയാണ് തന്റെ കുഞ്ഞിന്റെ മൃതദേഹവുമായി ദുരിതയാത്ര നടത്തിയത്.ചൈബാസയിലെ സദര്‍ ആശുപത്രിയില്‍ കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചിട്ടും അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാന്‍ തയാറാകത്തതിനെ തുടർന്നാണ് കുടുംബം മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി ബസിൽ യാത്ര തിരിച്ചത്.
വാഹനം വിട്ടുതരണമെന്ന് കുടുംബം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
ശ്വാസതടസത്തെ തുടര്‍ന്ന് ഡിസംബർ 18 വ്യാഴാഴ്ചയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. മൃതദേഹം വീട്ടിലെത്തിക്കാന്‍ വാഹനം വിട്ടുതരണമെന്ന് കുടുംബം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലമണിക്കൂറുകളോളം കാത്തിരുന്ന് വലഞ്ഞ കുടുംബാംഗങ്ങള്‍ തങ്ങളുടെ പക്കൽ ആകെയുണ്ടായിരുന്ന 100 രൂപയിൽ നിന്ന് 20 രൂപയ്ക്ക് പ്ലാസ്റ്റിക് സഞ്ചി വാങ്ങി മൃതദേഹം അതിനുള്ളിലാക്കി ബസിൽ കയറി ഗ്രാമത്തിലേക്ക് തിരിച്ചു.
മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് നല്‍കാറില്ലെന്ന് അധികൃതർ
സംഭവം പുറത്തുവന്നതിന് പിന്നാലെ ജാര്‍ഖണ്ഡ് ആരോഗ്യവകുപ്പ് മന്ത്രി ഇര്ഫാന് അന്‍സാരി അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. എന്നാൽ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് നല്‍കാറില്ലെന്നും അതിനായി പ്രത്യേക സംവിധാനമുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.ഇതിനായി ജില്ലയില്‍ ആകെയുള്ള ഒരു വാഹനം മറ്റൊരിടത്തായിരുന്നു. രണ്ട് മണിക്കൂര്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുടുംബം തയാറായില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.



