ന്യൂഡല്‍ഹി| അഹമ്മദാബാദിലുണ്ടായ വിമാനാപകടം പരിശോധിക്കാന്‍ അന്വേഷണസംഘം സംഭവ സ്ഥലത്തെത്തി. എയര്‍ ആക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥര്‍ വിമാനഭാഗങ്ങള്‍ പരിശോധിച്ചു. കഴിഞ്ഞ ദിവസം എന്‍ഐഎ സംഘവും സ്ഥലത്തെത്തിയിരുന്നു. വിമാനത്തില്‍ നിന്ന് ലഭിച്ച ആഭരണങ്ങളും പാസ്പോര്‍ട്ടുള്‍പ്പെടെയുളളവ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞശേഷം സാധനങ്ങള്‍ അപകടത്തില്‍പെട്ടവരുടെ ബന്ധുക്കള്‍ക്ക് കൈമാറും. .
അപകടസമയത്ത് മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ പരിസരത്തുകൂടി യാത്ര ചെയ്തവരെയും സമീപത്ത് ജോലി ചെയ്തിരുന്നവരെയും കാണാനില്ലെന്ന് പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്പിളുകളുമായി പരിശോധിച്ച് ബന്ധം സ്ഥിരീകരിച്ചാല്‍ മൃതദേഹങ്ങള്‍ വിട്ടുനല്‍കും.
അപകടത്തിൽ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.
ഇക്കഴിഞ്ഞ ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം നിമിഷങ്ങള്‍ക്കം… വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കര്‍, 52 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസ് പൗരന്മാര്‍, ഒരു കനേഡിയന്‍ പൗരനുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മലയാളിയായ രഞ്ജിത ഗോപകുമാരന്‍ നായരും മരിച്ചിരുന്നു.
സംഭവം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതി
.വിമാനം അപകടത്തില്‍പ്പെട്ട സംഭവം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സെക്രട്ടറി, ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ / ജോയിന്റ് സെക്രട്ടറി, ഗുജറാത്ത് സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് പ്രതിനിധി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി, അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍, ഇന്ത്യന്‍ എയര്‍ഫോഴ്സ് ഇന്‍സ്പെക്ഷന്‍ ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ ജനറല്‍, സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍, ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍, ഏവിയേഷന്‍ എക്സ്പേര്‍ട്ടുകള്‍, നിയമവിദഗ്ദര്‍ തുടങ്ങിയവരായിരിക്കും ഉന്നത തല സമിതിയിലുണ്ടാവുക.
അപകടത്തിന്റെ കാരണം സമിതി പരിശോധിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമിതി നല്‍കും. നിലവിലുളള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും സമിതി വിലയിരുത്തുകയും ചെയ്യും. .