ന്യൂഡൽഹി: ബാങ്കിങ് നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരംനൽകി. ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെവരെ വെയ്ക്കാൻ വ്യവസ്ഥചെയ്യുന്നതാണ് പ്രധാന ഭേദഗതി. നിലവിൽ നിക്ഷേപകർക്ക് ബാങ്ക് അക്കൗണ്ടുകളിൽ ഒരാളെയാണ് നോമിനായി ചേർക്കാൻ കഴിഞ്ഞിരുന്നത്. ഇത് നാലായി ഉയർത്തുന്നതാണ് പ്രധാന ഭേദഗതി.
നിക്ഷേപകരുടെ താത്‌പര്യം സംരക്ഷിക്കുന്നതോടൊപ്പം ബാങ്കിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം, 1949-ലെ ബാങ്കിങ് റെഗുലേഷൻ നിയമം, 1955-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാനിയമം, 1970-ലെയും 80-ലെയും ബാങ്കിങ് കമ്പനി ഏറ്റെടുക്കൽ, സ്വത്തുക്കളുടെ കൈമാറ്റം, നിയമങ്ങൾ എന്നിവയിൽ ഭേദഗതിവരുത്തിയുള്ളതാണ് ബിൽ.