ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കുവാൻ ഭരണ തലത്തിൽ ബോധപൂർവ്വമായ ശ്രമം ഉണ്ടായത് വ്യക്തമായിരുന്നു. പുറത്തുവിട്ടപ്പോൾ ആകട്ടെ കുറെ ഭാഗങ്ങൾ ഒഴിവാക്കിയാണ് അത് ചെയ്തത്. ഇത് നിർദോഷം അല്ല എന്ന സംശയം ഇപ്പോൾ ഉയരുകയാണ്. നടിയെ ആക്രമിച്ച കേസിൽ മാത്രമല്ല സമാനമായ മറ്റ് സംഭവങ്ങളുടെ വിവരങ്ങളും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ എത്തുന്നത് ഒഴിവാക്കാനുള്ള ബോധപൂർവ്വമായ നീക്കം ആണ് നടന്നത്.
നടിയെ ആക്രമിച്ച കേസ് പുറത്തുവന്നപ്പോൾ നിസ്സംഗത പുലർത്തിയവർക്ക് പങ്കെന്ത്?
നടിയെ ആക്രമിച്ച സംഭവം ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നിട്ടും സാമൂഹിക രാഷ്ട്രീയ മുഖങ്ങൾ സൂക്ഷിച്ചിരുന്ന നടന്മാർ ഉൾപ്പെടെ പ്രമുഖരായ പലരും കോടതിയിൽ തെളിയിക്കട്ടെ അതുവരെ നിരപരാധികളാണ്, തുടങ്ങിയ ന്യായങ്ങൾ നിരത്തി അഭിപ്രായം പറയാതെ മാറി നിൽക്കുകയാണ് ഉണ്ടായത്.

അതിൽ ചിലർ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന ശേഷം രംഗത്തുവന്ന പരാതിക്കാരുടെ കേസുകളിലെ പ്രതികളായി മാറി. ആ വിധത്തിൽ കേസിൽ പെടാത്ത ആളുകൾ ഉണ്ട് എങ്കിലും അവരും എങ്ങും തൊടാതെ വർത്തമാനം പറഞ്ഞും ഞാൻ ഈ നാട്ടുകാരനല്ല എന്ന മട്ടിൽ പ്രതികരിച്ചും രംഗത്ത് നിന്നിരുന്നവരാണ്.
അവരുടെ നാട്യം നിറഞ്ഞ പ്രതികരണങ്ങൾ സംശയത്തിൽ ആയിരിക്കുകയാണ്. ഭീഷണി കൊണ്ട് തേച്ചു മായ്ച്ചു കളഞ്ഞതായി പറയുന്ന 5 കുറ്റകൃത്യങ്ങളിൽ ഇത്തരക്കാർക്ക് പങ്കുണ്ടോ എന്ന് സംശയം ഉയരുന്നുണ്ട്
റിപ്പോർട്ടർ ചാനലിന്റെ ലേഖകൻ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ ആണ് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്
ഒന്നരക്കോടി രൂപയ്ക്ക് ആണ് നടിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് കൊട്ടേഷൻ നൽകിയത്. അതിൽ 70 ലക്ഷം രൂപ നൽകി ഇനി 80 ലക്ഷം കിട്ടാനുണ്ട്. ഭീഷണിപ്പെടുത്തി സമ്മതത്തോടുകൂടി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു എന്ന് തോന്നുന്ന വിധത്തിൽ വേണം ചിത്രീകരിക്കുവാൻ എന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതാണ് ലക്ഷ്യമെന്നു മനസ്സിലാക്കിയ നടി അങ്ങനെ ചെയ്യാതിരിക്കുന്നതിനും ആക്രമണം ഉണ്ടാകാതിരിക്കുന്നതിനും കൂടുതൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ പരിപാടി ആസൂത്രണം ചെയ്ത ആളുകൾ വണ്ടിയിൽ നടക്കുന്ന കാര്യങ്ങൾ ലൈവ് ആയി കാണുന്നുണ്ടായിരുന്നു. ഈ വാഗ്ദാനം മനസ്സിലാക്കി ഇടപെട്ടു. അതോടെ കൂടുതൽ പണം വാങ്ങി നടിയെ ഉപദ്രവിക്കുന്നത് ഒഴിവാക്കുവാനുള്ള പൾസർ സുനിയുടെ ശ്രമം പാളി.
മാനഭംഗത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ക്യാമറ ഗോതുരുത്ത് പാലത്തിൽ നിന്ന് കായലിലേക്ക് എറിഞ്ഞു കളഞ്ഞു എന്ന കള്ളമാണ് പോലീസിനോട് പറഞ്ഞത്. അത് പോലീസ് വിശ്വസിച്ചു. ഫോൺ നഷ്ടപ്പെട്ടിട്ടില്ല. രഹസ്യകേന്ദ്രത്തിൽ ഉണ്ട്. മെമ്മറി കാർഡിൻ്റെ ഒറിജിനലും ഉണ്ട്. ഇവ പോലീസ് കണ്ടെത്തിയിട്ടില്ല. കണ്ടെത്താത്തത് പോലീസിന്റെ വീഴ്ചയാണെന്ന് പൾസർ സുനി തന്നെ പറയുന്നു.

മറ്റൊരു വെളിപ്പെടുത്താൻ 5 നടിമാരെ സമാനമായ വിധത്തിൽ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുകയും അത് ചിത്രീകരിക്കപ്പെടുകയും ഉണ്ടായി എന്നതാണ്. ഭയപ്പെടുത്തിയും നിലനിൽപ്പ് അപകടത്തിൽ ആകുമെന്ന് ബോധ്യപ്പെട്ടും ഇവർ നിശബ്ദരാകുക ആയിരുന്നു എന്ന് പൾസർ സുനിൽ പറയുന്നു. സമാന സംഭവങ്ങൾ പ്രതികളുടെ പക്ഷത്തുനിന്ന് ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന പരിശോധന അന്വേഷണ ഘട്ടത്തിൽ പോലീസ് നടത്തിയില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്.
ഈ സംഭവത്തെ തുടർന്ന് ആണ് ജസ്റ്റിസ് ഹേമ കമ്മിറ്റി ഉണ്ടായത്. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ നടിയെ ആക്രമിച്ച സംഭവത്തിന് സമാനമായ കാര്യങ്ങൾ സിനിമാ മേഖലയിൽ നിരന്തരം നടക്കുന്നു എന്ന് ശരിവെച്ചു. കുറെ പേർ പരാതിയുമായി രംഗത്തുവന്നു.ഒരു ഘട്ടം വരെ നടപടികൾ മുന്നേറി. എന്നാൽ അതിലെ പ്രതികൾക്ക് ദിലീപിന്റെ കേസിൽ ഉള്ള ബന്ധത്തെ പറ്റി അന്വേഷണം ഉണ്ടായിട്ടില്ല. ഒന്നാംപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തൽ അത്തരം ബന്ധങ്ങൾ ഉണ്ടായേക്കാവുന്ന സംശയം ബലപ്പെടുത്തുന്നു