പൊടിച്ച പഞ്ചസാര ഹോമിയോ ഔഷധമാണെന്നും കൃഷിക്ക് അത്യുത്തമമാണെന്നും വിശേഷിപ്പിച്ച് സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതിന് വന്‍തോതിലുള്ള പരസ്യമാണ് കമ്പനികള്‍ നല്‍കുന്നത്. 150 ഗ്രാം പഞ്ചസാരപ്പൊടിക്ക് 150 മുതല്‍ 400 രൂപവരെ കമ്പനികള്‍ ഈടാക്കുന്നു. നഴ്‌സറികളിലും കാര്‍ഷിക മേഖലകളിലെ പരമ്പരാഗത കര്‍ഷകരും ഉപയോഗിക്കുന്ന തികച്ചും സാധാരണമായ ഒരു അസംസ്‌കൃതവസ്തു സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചരണം കൊടുത്ത് വിറ്റഴിക്കുന്നു. കടകളില്‍ വാങ്ങാന്‍ കിട്ടുകയില്ല, ബുക്കിങ്ങും വില്‍പ്പനയും ഓണ്‍ലൈനില്‍ മാത്രം. നഗര പ്രദേശങ്ങളിലെ സാധാരണക്കാരുടെ അജ്ഞത മുതലെടുത്ത് പഞ്ചസാരപ്പൊടി വിറ്റഴിക്കാന്‍ വന്‍ ലോബിതന്നെ പ്രവര്‍ത്തിക്കുന്നു.
ഏത് കായ്ക്കാത്ത മാവും പ്ലാവും പൂത്ത് കനത്ത കായ്ഫലം തരും
ഏത് കായ്ക്കാത്ത മാവും പ്ലാവും പൂത്ത് കനത്ത കായ്ഫലം തരുമെന്ന വ്യാജവാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് അരങ്ങേറുന്നത്. റബര്‍, കുരുമുളക്, തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയവയ്‌ക്കൊക്കെയുള്ള മരുന്നുകള്‍ക്ക് വ്യത്യസ്ത പേരാണെങ്കിലും ഘടകം പഞ്ചസാരപ്പൊടി തന്നെ. മൂന്ന് മാസം കൂടുമ്പോള്‍ മരുന്ന് ആവര്‍ത്തിക്കണം. എങ്കില്‍ മാത്രമെ പൂര്‍ണമായ ഫലം ലഭിക്കുകയുള്ളൂ. എത്രകാലം ഇങ്ങനെ മരുന്ന് ചെയ്യണമെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം ലഭിക്കുകയില്ല. കൃഷിഭവനിലോ കൃഷി കണ്‍സള്‍ട്ടന്റുമാരോടോ അന്വേഷിച്ചാല്‍ ഈ മരുന്നിനെപ്പറ്റി കൈമലര്‍ത്തുന്നു. ഹോമിയോ മരുന്നാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അല്ലെന്നതാണ് വാസ്തവം. ഓര്‍ഗാനിക്കാണെന്ന് പറഞ്ഞ് പഞ്ചസാര പൊടിച്ച് വിതരണം ചെയ്യുകയാണ്.
സമൂഹമാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കുന്നതിനാല്‍, ആരും ആവശ്യപ്പെടാതെതന്നെ ഈ വ്യാജമരുന്നിന്റെ പരസ്യം സ്‌പോണ്‍സേഡ് ആയി നമുക്കു മുന്നിലേക്ക് കയറിവരുന്നു. കൃഷിയോട് അല്‍പമെങ്കിലും താത്പര്യമുള്ളവരും കൗതുകത്തിലും ആളുകള്‍ ശ്രദ്ധിച്ചെന്നുവരും. പരസ്യത്തില്‍ കാണുന്ന ഫോണ്‍ നമ്പരിലേക്ക് സംശയനിവാരണത്തിന് വിളിച്ചാല്‍ നയചാതുരിയോടെ സംസാരിച്ച് വീഴ്ത്തുന്നു. ഒരു തവണ കൊണ്ട് ഫലം ലഭ്യമാകാത്തവര്‍ പരാതിപ്പെട്ടാല്‍ 3-4 തവണ ഉപയോഗിച്ചാല്‍ മാത്രമേ ഫലസിദ്ധി ഉണ്ടാകൂ എന്നുപറഞ്ഞ് വീണ്ടും ഇതേ മരുന്ന് കൂടിയ വിലയ്ക്ക് കെട്ടിയേല്‍പ്പിക്കുന്നു. വഞ്ചിതരായെന്ന് മനസിലായവര്‍ പിന്നീട് പണം മുടക്കാന്‍ മടിച്ച് അവസാനിപ്പിക്കുകയാണ് പതിവ്. പണനഷ്ടം ഉണ്ടായവര്‍ മാനക്കേടോര്‍ത്ത് വിവരം പുറത്ത് പറയാറുമില്ല. ഇതാണ് തട്ടിപ്പിന് വളമാകുന്നത്.
മൂന്ന് മാസം കൂടുമ്പോള്‍ മരുന്ന് ആവര്‍ത്തിക്കണം.
എത്രതന്നെ പരിചരണം നല്‍കിയാലും മാവ്, പ്ലാവ് മുതലായവ പൂക്കുന്നതിനും കായ്ക്കുന്നതിനും സീസന്‍ ഉണ്ടെന്നുള്ളത് സാധാരണ കര്‍ഷകര്‍ക്ക് അറിയുന്ന കാര്യമാണ്. എന്നാല്‍ ഇക്കാര്യം ‘അത്ഭുത മരുന്നി’ന്റെ വിതരണക്കാര്‍ സമ്മതിച്ചുതരില്ല. തങ്ങളുടെ അത്ഭുതമരുന്ന് ഉപയോഗിച്ചാല്‍ ഏത് സീസണിലും പൂവും കായും ഉണ്ടാകുമെന്ന് പറഞ്ഞ് ആളുകളെ വിശ്വസിപ്പിക്കുന്നു. ”ഔഷധഗുണം തീരെയില്ലാത്തതിനാല്‍ സാധാരണ വളം വില്‍ക്കുന്ന കടകളില്‍ ഇത്തരം ഐറ്റംസ് വാങ്ങിവയ്ക്കാറില്ലെ”ന്ന് വയനാട് സ്വദേശിയായ വളം വ്യാപാരി ……… പറഞ്ഞു. ഹോമിയോ ചികിത്സാ സമ്പ്രദായം ആവിഷ്‌കരിച്ച ഹാനിമാന്‍ ആലോചിച്ചിട്ടുപോലുമില്ലാത്ത വസ്തു ഹോമിയോ മരുന്നാണെന്ന് പറഞ്ഞാണ് കച്ചവടം.
ഹാനിമാന്റെ ജന്മനാടായ ജര്‍മ്മനിയില്‍നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് പറഞ്ഞാണ് കൃഷിക്കാരെ വീഴ്ത്തുന്നത്. ”പഞ്ചസാര പൊടി വെള്ളത്തില്‍ കലക്കി നല്‍കുന്നതിലൂടെ മാത്രം കൃഷിയുടെ പരിപാലനവും സംരക്ഷണവും പൂര്‍ണമാവില്ല. അതിന് ജൈവ രാസ വളങ്ങള്‍, കുമിള്‍ കീട നാശിനികള്‍ തുടങ്ങിയവ കൂടിയേ കഴിയൂ”വെന്ന് രാജാക്കാട്ടെ പ്രമുഖ വളം വ്യാപാരി …….. പറഞ്ഞു.
ഒരു കമ്പനിയില്‍ പ്രവര്‍ത്തിച്ചവര്‍ പിരിയുന്നതും തുടര്‍ന്ന് വെവ്വേറെ സ്ഥാപനം തുടങ്ങുന്നതും പതിവായിട്ടുണ്ട്. പരസ്പരമുള്ള കിടമത്സരത്തിന്റെ ഭാഗമായി, നന്നായി സംസാരിച്ച് ആളുകളെ വീഴ്ത്തുന്ന ടെലി കോളര്‍മാരെ മറ്റു കമ്പനിക്കാര്‍ കൂടിയ പ്രതിഫലത്തിന് റാഞ്ചുന്ന പതിവുമുണ്ട്. കോടികള്‍ മറിയുന്ന പഞ്ചസാരപ്പൊടി വ്യാപാര ലോബി അധികൃതരുടെ മൗനാനുവാദത്തോടെ കേരളത്തില്‍ അങ്ങോളമിങ്ങോളം തഴച്ചുവളരുകയാണ്.