തിരുവനന്തപുരം | കെ.എസ്.ആർ.ടി.സിയിൽ വേതന പ്രതിസന്ധിക്ക് പരിഹാരമൊരുക്കി വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം.സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക. എസ്.ബി.ഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും. സർക്കാർ പണം നൽകുമ്പോൾ തിരിച്ചടയ്ക്കും. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകിയിട്ടുണ്ട്. മാസം തോറും 50 കോടി സർക്കാർ തുടർന്നും നൽകും.
20 ദിവസം കൊണ്ട് ഓവർഡ്രാഫ്റ്റ് നികത്തും
ജീവനക്കാർക്ക് ഒരുമിച്ച് ശമ്പളം നൽകണമെന്നതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏൽപ്പിച്ച ചുമതല. ധനമന്ത്രി വലിയ സഹായം നൽകി. 20 ദിവസം കൊണ്ട് ഓവർഡ്രാഫ്റ്റ് നികത്തും. കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകൾ ക്ലോസ് ചെയ്തതായും ഇനി ഓവർഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകും
ഈ മാസത്തെ ശമ്പളം ഇന്ന് (മാർച്ച് 4) വൈകിട്ടു മുതൽ തന്നെ നല്‍കാനും തീരുമാനമായി..ജീവനക്കാർക്ക് ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അറിയിച്ചു. ഈ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ തന്നെ നൽകാനും തീരുമാനമായി. വരുമാനത്തിന്റെ അഞ്ച് ശതമാനം പെൻഷനു വേണ്ടി മാറ്റിവെക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും. പി.എഫ്. ആനുകൂല്യങ്ങളും താമസിയാതെ കൊടുക്കാനാകും.

