കൊച്ചി: ഉയർന്ന പലിശ വാഗ്ദാനം നല്കി ഉപഭോക്താവിനെ കബളിപ്പിച്ചെന്ന പരാതിയില്‍ പോപ്പുലർ ഫിനാൻസ് ഉടമകള്‍ക്ക് 17.79 ലക്ഷം രൂപ പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 16.59 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന തിരുവനന്തപുരം സ്വദേശി മേരി ജോർജ് സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
പ്രതിവർഷം 12% പലിശ വാഗ്ദാനം നല്‍കിയാണ് എതിർകക്ഷികള്‍ നിക്ഷേപം സ്വീകരിച്ചത്. ആദ്യമാസങ്ങളില്‍ പരാതിക്കാരിയുടെ അക്കൗണ്ടില്‍ പലിശ എത്തിയെങ്കിലും പിന്നീട് മുടങ്ങി. പീന്നീട് പോപ്പുലർ ഫിനാൻസിന്റെ ഉടമകളെ അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടി മുദ്രവയ്ക്കുകയും ചെയ്തു.
പരാതിക്കാരിക്കുണ്ടായ ധനനഷ്ടത്തിനും മനഃക്ലേശത്തിനും നഷ്ടപരിഹാരം
എതിർകക്ഷികളുടെ സേവനത്തിലെ പാളിച്ചകള്‍ കാരണം പരാതിക്കാരിക്കുണ്ടായ ധനനഷ്ടത്തിനും മനഃക്ലേശത്തിനും നഷ്ടപരിഹാരം നല്കാൻ പോപ്പുലർ ഫിനാൻസിന് ബാദ്ധ്യതയുണ്ടെന്നും ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃകോടതി വ്യക്തമാക്കി. പിഴ വിധിച്ച തുക 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും ഉത്തരവായി. പരാതിക്കാരനുവേണ്ടി അഡ്വ. എം.ജെ. ജോണ്സണ് ഹാജരായി

