പത്തനംതിട്ട: റാന്നിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധം നടത്തി. ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെതിരെയാണ് പ്രതിഷേധം നടന്നത്. റാന്നിയിലാണ് സംഭവം നടന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സന്ദർശന സമയത്താണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധക്കാരെ കണ്ടതോടെ മന്ത്രി വാഹനം നിർത്തി പുറത്തിറങ്ങി. പോലിസ് പ്രവർത്തകരെ തടഞ്ഞ് മന്ത്രിക്ക് സുരക്ഷ ഒരുക്കാൻ ശ്രമിച്ചെങ്കിലും, മന്ത്രി നേരിട്ട് പ്രതിഷേധക്കാരെ നേരിടാൻ തീരുമാനിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ശേഷം പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പതിനഞ്ചു ദിവസമായിട്ടും പരിഹരിക്കാത്തത് അവർ ചോദ്യം ചെയ്തു.
ഈഗോ മാറ്റിവെച്ച് സമരപന്തൽ സന്ദർശിക്കണമെന്ന് പ്രവർത്തകർ
പ്രതിഷേധത്തെ തുടർന്ന് മന്ത്രി വീണാ ജോർജും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാഗ്വാദം ഉണ്ടായി. ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഈഗോ മാറ്റിവെച്ച് സമരപന്തൽ സന്ദർശിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. “നിങ്ങൾ ആയിരം രൂപയല്ലേ കൊടുത്തത്? ഏറ്റവും കൂടുതൽ പണം നൽകിയതും ഈ സർക്കാരല്ലേ ? എന്നിങ്ങനെയുള്ള പ്രതികരണങ്ങൾ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം പത്തുമിനിറ്റോളം നീണ്ട വാഗ്വാദത്തിനുശേഷം പോലിസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു പ്രദേശത്ത് നിന്നു മാറ്റി.



