വർക്കല : വർക്കലയിൽ ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവൃത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നതും യാത്രക്കാർക്ക് അപമാനവും അസഭ്യവർഷവും നേരിടേണ്ടി വരുന്ന സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. യാത്രയുടെ പ്രാധാന്യവും സമയനഷ്ടവും കണക്കാക്കി പരാതിയുമായി മുന്നോട്ടു പോകാൻ യാത്രക്കാർക്ക് കഴിയാത്ത സാഹചര്യം ഉപയോഗപ്പെടുത്തി അമിത പണം ഈടാക്കുന്നതായും ആരോപണങ്ങളുണ്ട്.
വർക്കല റെയിൽവേ സ്റ്റേഷൻ, വിനോദസഞ്ചാര മേഖലകൾ, പ്രത്യേകിച്ച് പാപനാശം നോർത്ത്-സൗത്ത് ക്ലിഫ് മേഖലകളിലാണ് ഇത്തരം സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. റെയിൽവേ സ്റ്റേഷന് മുമ്പിലും വിനോദസഞ്ചാര മേഖലകളിലും യാത്രക്കാരും ഓട്ടോ തൊഴിലാളികളും തമ്മിലുള്ള തർക്കം പതിവാണ്.
രാത്രിയിൽ മിനിമം ചാർജായി 300 രൂപ
.തദ്ദേശീയരായ യാത്രക്കാരിൽ നിന്നും വിനോദസഞ്ചാരികളിൽ നിന്നും അമിത പണം ഈടാക്കുന്നതായി പരാതിയുണ്ട്. യാത്ര തുടങ്ങുന്നതിന് മുൻപ് തുക എത്രയാവുമെന്ന് ചോദിച്ചാൽ ആളും തരവും വസ്ത്രധാരണ രീതിയുമെല്ലാം നോക്കി തുക തീരുമാനിക്കുന്ന പ്രവണതയും കാണപ്പെടുന്നു. സ്ത്രീ യാത്രികരാണ് പലപ്പോഴും പകൽക്കൊള്ളയ്ക്ക് ഇരകളാകുന്നത്. രാത്രിയിൽ മിനിമം ചാർജായി 300 രൂപയും ദൂരം കൂടുന്തോറും ഈ തുക വർദ്ധിക്കുകയും ചെയ്യുന്നു. പകലും രാത്രിയിലും മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ സാന്നിദ്ധ്യവും പ്രശ്നമായി തുടരുന്നു. അമിത പണം ഈടാക്കുന്നതിനെ ചോദ്യം ചെയ്താൽ യാത്രക്കാരെ വാഹനത്തിൽ നിന്ന് ഇറക്കിവിടുന്നതും പതിവായ പ്രവണത യാണെന്ന് യാത്രക്കാർ പറയുന്നു.
പ്രീപെയ്ഡ് ഓട്ടോ ടാക്സി സംവിധാനം നടപ്പാക്കണമെന്ന് ആവശ്യം
പല ഓട്ടോറിക്ഷ തൊഴിലാളികൾ പകൽക്കൊള്ള പോലുള്ള പ്രവണതകൾ നാണക്കേടുണ്ടാക്കുന്നതായി അഭിപ്രായപ്പെടുന്നു. യാത്രക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെട്ട് പ്രീപെയ്ഡ് ഓട്ടോ ടാക്സി സംവിധാനം നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വർക്കല റെയിൽവേ സ്റ്റേഷനും ഹെലിപ്പാടും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഈ സംവിധാനം അടിയന്തരമായി നടപ്പിലാക്കണം
ഓട്ടോറിക്ഷകൾ അമിത വേഗതയിൽ സഞ്ചരിക്കുന്നതായും പരാതികളുണ്ട്
വാഹനങ്ങളുടെ ബോഡിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് മിക്ക ഓട്ടോറിക്ഷകളും നിരത്തിലിറക്കുന്നത്. വിവിധ ആകൃതിയിലുള്ള വീൽകപ്പുകൾ, കാതടപ്പിക്കുന്ന ഹോൺ, ശക്തമായ ലൈറ്റുകൾ എന്നിവ നിയമവിരുദ്ധമാണെന്നറിയാവുന്നിടത്തിലും ഇവ ഘടിപ്പിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള മോഡിഫിക്കേഷൻ ചെയ്ത ഓട്ടോറിക്ഷകൾ അമിത വേഗതയിൽ സഞ്ചരിക്കുന്നതിനും നിരവധി പരാതികളുണ്ട്