സ്പെഷ്യൽ റിപ്പോര്‍ട്ട്
സുഭദ്ര വാര്യര്‍

വനിതാ ശാക്തീകരണം കേരളത്തിൽ വാചകമടി മാത്രം

February 21, 2025 - 11:56 am

വനിതാ ശാക്തീകരണം സംബന്ധിച്ച് ഏറ്റവും അധികം ചർച്ചകളും സിദ്ധാന്തങ്ങളും മെനഞ്ഞു കൊണ്ടിരിക്കുന്ന കേരളത്തിൽ അധികാരത്തിൻ്റെയും പാർട്ടി പദവികളുടെയും കാര്യം വരുമ്പോൾ കഥ മറിച്ചാണ്. ഡൽഹിയിൽ വനിതാ മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കേരളത്തിൻറെ രാഷ്ട്രീയ അധികാരങ്ങളിൽ സ്ത്രീയുടെ പങ്കിനെപ്പറ്റി ചിന്തിക്കാതിരിക്കാൻ കഴിയില്ല.

“കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഭരിച്ചീടും ” എന്ന മുദ്രാവാക്യം വിളിച്ചതേയുള്ളൂ. 1987-ലെ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നത് അരൂരിൽ നിന്നായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസ് അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി കെ വാസുദേവൻ നായരും ഇരുന്ന തെരഞ്ഞെടുപ്പിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് കെ ആർ ഗൗരി ജയിച്ചാൽ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചത്. ഗൗരിയമ്മ ജയിച്ചു. പക്ഷേ മുഖ്യമന്ത്രി ആയില്ല. അധികാരം കിട്ടിയപ്പോൾ പുരുഷനാണ് മുഖ്യമന്ത്രിയായത്. സ്ത്രീശക്തികരണത്തിന്റെ വർത്തമാനങ്ങൾ വലിയ വായിൽ പറയുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഇന്നേവരെ ഒരു വനിതാ ജില്ലാ സെക്രട്ടറി പോലും ഉണ്ടായിട്ടില്ല.

ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി

1963 മുതൽ 2025 വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ 18 സ്ത്രീകൾ മുഖ്യമന്ത്രിയായി ഇരുന്നിട്ടുണ്ട്. 1963 ഒക്ടോബർ രണ്ടാം തീയതി സത്യപ്രതിജ്ഞ ചെയ്ത് 1967 മാർച്ച് പതിമൂന്നാം തീയതി വരെ ഉത്തർപ്രദേശ് ഭരിച്ച സുചേതാ കൃപലാനി ആണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി. ഒരു സ്ത്രീയെ നേതൃസ്ഥാനത്തെ കൊണ്ടുവരുന്നതിൽ മുൻകൈയെടുത്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. മൂന്ന് വർഷവും 162 ദിവസവും മാത്രമായിരുന്നു സുചേത കൃപലാനി മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്.

ഇന്ത്യയിലെ രണ്ടാത്തെ വനിതാ മുഖ്യമന്ത്രി

1972 ൽ വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ് മറ്റൊരു വനിത മുഖ്യമന്ത്രിയെ കൊണ്ടുവന്നു. 1972 ജൂൺ പതിനാലാം തീയതി ഒഡീസയിൽ സ്ഥാനമേറ്റ നന്ദിനി സത്പതി ആയിരുന്നു ഇന്ത്യയിലെ രണ്ടാമത്തെ വനിത മുഖ്യമന്ത്രി. അവർ നാലുവർഷം 185 ദിവസം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് 1976 ഡിസംബർ പതിനാറാം തീയതി വിരമിച്ചു.

ഇന്ത്യയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി

മൂന്നാമതായി മഹാരാഷ്ട്ര വാദി ഗോമന്തക് പാർട്ടിയുടെ സ്ഥാനാർത്ഥിയായ ശശികല കകോഡ്കർ ഗോവ മുഖ്യമന്ത്രിയായി 1973 ഓഗസ്റ്റ് 12ആം തീയതി സ്ഥാനം ഏറ്റു. അഞ്ചുവർഷവും 258 ദിവസവും ശക്തയായ ഭരണകർത്താവായി ഇരുന്നതിനുശേഷം 1979 ഏപ്രിൽ 27 ആം തീയതി സ്ഥാനമൊഴിഞ്ഞു.

ഇന്ത്യയിലെ മറ്റു വനിതാ മുഖ്യമന്ത്രിമാർ

അതിനുശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അൻവാറ തൈമൂർ അസമിലും ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ സ്ഥാനാർത്ഥിമാരായിരുന്ന വി.എൻ ജാനകി രാമചന്ദ്രനും ജെ ജയലളിതയും തമിഴ്നാട് മുഖ്യമന്ത്രിയായി ഇരുന്നിട്ടുണ്ട്.

ബഹുജൻ സമാജ് പാർട്ടിയുടെ മായാവതി നാല് ഘട്ടങ്ങളിലായി ഏഴുവർഷം അഞ്ചുദിവസം ഉത്തർപ്രദേശിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ രജീന്ദ്രൻ കൗർ ഭട്ടാൽ പഞ്ചാബിലും രാഷ്ട്രീയ ജനതാ ദൾ-ലെ റാബറി ദേവി ബീഹാറിലും ഭാരതീയ ജനത പാർട്ടിയുടെ സുഷമ സ്വരാജ് ന്യൂഡൽഹിയിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഷീലാ ദീക്ഷിത് ന്യൂഡൽഹിയിലും മുഖ്യമന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ വർഷം മുഖ്യമന്ത്രി പദത്തിൽ ഇരുന്ന വനിതാ മുഖ്യമന്ത്രിയാണ് ഷീല ദീക്ഷിത്. 15 വർഷം 25 ദിവസമായിരുന്നു അവരുടെ കാലാവധി.പിന്നീട് ഭാരതീയ ജനത പാർട്ടിയുടെ ഉമാഭാരതി മധ്യപ്രദേശിലും വസന്തര രാജേ, രാജസ്ഥാനിലും മുഖ്യമന്ത്രിയായി. 13 വർഷം 275 ദിവസം മുഖ്യമന്ത്രിയായ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിലെ മമത ബാനർജിയാണ് മറ്റൊരു ശക്തിയായ വനിത മുഖ്യമന്ത്രി. അവർ ഇപ്പോഴും മുഖ്യമന്ത്രിയായി തുടരുന്നു.

ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാനാർത്ഥിയായ ആനന്ദി ബെൻ പട്ടേൽ ഗുജറാത്തിലും ജമ്മു ആൻ്റ് കാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ മെഹബൂബ മഫ്തി ജമ്മു കാശ്മീരിലും ഏറ്റവും ഒടുവിൽ ആം ആദ്മി പാർട്ടിയുടെ അതിഷി 152 ദിവസം മാത്രം ന്യൂഡൽഹിയിലും മുഖ്യമന്ത്രിയായി.
ഇന്ത്യയിലെ പതിനെട്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി ഭാരതീയ ജനതാ പാർട്ടിയുടെ രേഖ ഗുപ്ത ഡൽഹിയിൽ ഇന്നലെ ( 20-02-25. വ്യാഴാഴ്ച) സ്ഥാനമേറ്റു.

കേരളത്തിലെ സ്ത്രീകൾ വനിതാ മതിൽ നിർമ്മിക്കാൻ മാത്രമോ?

അപ്പോഴും ഒരു ചോദ്യം ഉയർന്നുനിൽക്കുന്നു. സ്ത്രീകളെ മുൻപന്തിയിലേക്ക് കൊണ്ടുവരുന്നതിൽ മുന്നിൽ നിൽക്കുന്നു എന്ന അവകാശപ്പെടുന്ന കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി വരാത്തതെന്ത് ?

കേരളത്തിലെ ആദ്യത്തെ വനിത എംഎൽഎ ആയ റോസമ്മ പുന്നൂസ് മുതൽ കെ യു ഐഷാ ബായ് , കെ ആർ ഗൗരി, കുസുമം ജോസഫ്, ലീല ദാമോദരമേനോൻ, ഒ ട്ടി ശാരദകൃഷ്ണൻ, നഫീസത്ത് ബീവി, കെ ആർ സരസ്വതി അമ്മ, പെണ്ണമ്മ ജേക്കബ്, ഭാർഗവി തങ്കപ്പൻ, പി ദേവൂട്ടി , എം , റേച്ചൽ സണ്ണി പനവേലി, ജെ മേഴ്സിക്കുട്ടിയമ്മ, എം ടി പത്മ, റോസമ്മ ചാക്കോ, എൻ കെ രാധ, ഗിരിജ സുന്ദരൻ, ആർ ലതാദേവി, മീനാക്ഷി തമ്പാൻ, രാധ രാഘവൻ, സാവിത്രി ലക്ഷ്മണൻ, ശോഭന ജോർജ്, എലിസബത്ത് മാമൻ മത്തായി, മേഴ്സി രവി , പി കെ ശ്രീമതി, പി ഐഷാ പോറ്റി , ജെ അരുന്ധതിമോൾ, കെ കെ ലതിക, കെ എസ് സലീഖ , കെ കെ ശൈലജ, സുശീല ഗോപാലൻ,ജമീല പ്രകാശൻ, ഗീതാഗോപി, പി കെ ജയലക്ഷ്മി, ഷാനിമോൾ ഉസ്മാൻ, വീണ ജോർജ് തുടങ്ങി നിരവധി വനിതകൾ എംഎൽഎമാരായും മന്ത്രിമാരായും വന്നു പോയി. ഇവരിൽ ഒരാൾ പോലും എന്തെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയില്ല?

ഇവരിൽ ഒരാളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരായിരുന്നില്ലേ? അല്ലെങ്കിൽ ആ സ്ഥാനത്തേക്ക് ശക്തരാക്കാൻ സ്ത്രീ ശാക്തീകരണത്തിന് മുൻതൂക്കം നൽകുന്നുവെന്ന് പ്രസംഗിക്കുന്ന സാമൂഹിക നേതാക്കൾക്ക് ശക്‌തിയില്ലേ? കേരളത്തിലെ വനിതകൾ വനിതാ മതിൽ നിർമിക്കാൻ മാത്രമോ?

Share
ssoolapani@gmail.com'

About സുഭദ്ര വാര്യര്‍

View all posts by സുഭദ്ര വാര്യര്‍ →

Leave a Reply

Your email address will not be published. Required fields are marked *