മഹാകുംഭമേള 2025: വസന്തപഞ്ചമി ദിനത്തിലെ മൂന്നാം അമൃത സ്നാനത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി ദശലക്ഷക്കണക്കിന് ഭക്തർ

ന്യൂഡല്‍ഹി: അമൃത സ്നാനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കി മേള ഭരണകൂടത്തിന്റെ വിപുലമായ ക്രമീകരണങ്ങൾ 

തീയതിതീര്‍ത്ഥാടകരുടെ സഞ്ചിത എണ്ണം 
2025 ജനുവരി 143.5 കോടിയിലധികം
2025 ജനുവരി 17  7 കോടിയിലധികം
2025 ജനുവരി 19  8 കോടിയിലധികം
2025 ജനുവരി 23  10 കോടിയിലധികം
2025 ജനുവരി 27  14.5 കോടിയിലധികം
2025 ജനുവരി 28  19.5 കോടിയിലധികം
2025 ജനുവരി 31  31 കോടിയിലധികം
2025 ഫെബ്രുവരി 3  35 കോടിയിലധികം

പ്രയാഗ്‌രാജിൽ നടക്കുന്ന 2025-ലെ മഹാകുംഭമേളയിൽ  വസന്തപഞ്ചമി ദിനത്തിലെ മൂന്നാം അമൃത സ്നാനം വിജയകരമായി പൂർത്തിയാക്കി. ദശലക്ഷക്കണക്കിന് ഭക്തരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയത്. ആരാധനയും വിശ്വാസവും ഭക്തിയും മാത്രമല്ല, ഐക്യവും സമത്വവും സാംസ്കാരിക വൈവിധ്യവുമെല്ലാം അതിന്റെ സംശുദ്ധ രൂപത്തിൽ പ്രദർശിപ്പിക്കുകയാണ് കുംഭമേളയിലുടനീളം.

സംസ്ഥാന സർക്കാറിന്റെ  കണക്കനുസരിച്ച്  വസന്തപഞ്ചമി ദിവസം വൈകിട്ട് 6 വരെ 2.33 കോടി ഭക്തരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയത്. ‘വസുധൈവ കുടുംബകം’ എന്ന ആശയത്തില്‍ ഒത്തുചേര്‍ന്ന് ഇന്ത്യയിലെയും വിദേശത്തെയും ഭക്തർ പുണ്യസ്നാന ചടങ്ങിന്റെ ഭാഗമായി.  വിവിധ രാജ്യങ്ങളിലെ  സന്യാസിവര്യരുടെയും യോഗികളുടെയും പണ്ഡിതരുടെയും ഭക്തരുടെയും  പങ്കാളിത്തത്താല്‍ ദിവ്യമായ ഈ ചടങ്ങ് യഥാർത്ഥത്തിൽ ഒരു സാർവത്രിക ഉത്സവമായി മാറി.

ഈ ശുഭദിനത്തിന്റെ പ്രാധാന്യം തലേദിവസം രാത്രി മുതൽ തന്നെ ഭക്തരെ സംഗമഭൂമിയിലേക്ക് എത്തിച്ചു.  കുംഭമേള ഭരണകൂടം, തദ്ദേശസ്ഥാപനങ്ങള്‍, പൊലീസ്, ശുചീകരണത്തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ, ബോട്ട് ജീവനക്കാര്‍, സർക്കാർ വകുപ്പുകൾ എന്നിവയുടെ സംഭാവനകളാണ് ഈ ചരിത്ര മേളയുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പ് ഉറപ്പാക്കി മേള വന്‍ വിജയമാക്കിയത്.  

വൃത്തിയുള്ളതും സുരക്ഷിതവുമായ അന്തരീക്ഷം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ വസന്തപഞ്ചമിയിലെ മൂന്നാം അമൃത് സ്നാനത്തിനായി പ്രത്യേക ശുചീകരണ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇത് സാധ്യമാക്കുന്നതിനായി 15,000 ശുചീകരണ തൊഴിലാളികളും 2,500-ലധികം ഗംഗാ സേവാ ദൂതുകളും അക്ഷീണം പ്രയത്നിച്ചു. സന്യാസിമാർക്കും ഭക്തർക്കും സുഗമമായ സഞ്ചാരം ഉറപ്പാക്കാൻ അഖാഡകളിലേക്കുള്ള പാതകളിൽ പ്രത്യേക ശുചീകരണവുമൊരുക്കി. മേള മൈതാനത്തുനിന്ന് മാലിന്യങ്ങൾ പെട്ടെന്ന് നീക്കം ചെയ്യാനും  അതിവേഗം ശുചിത്വമുറപ്പാക്കാനും പ്രദേശത്തുടനീളം ദ്രുതപ്രതികരണ സംഘങ്ങൾ നിലയുറപ്പിച്ചിരുന്നു. ബോട്ട്ജീവനക്കാരുടെ സഹായത്തോടെ സംഗമത്തിൽ വെള്ളം തളിക്കലും ശുചീകരണവും  നടത്തി.

ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ രാജ്യാന്തര തലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിൽ 2025- കുംഭമേള വിജയിച്ചിരിക്കുന്നു. ഇന്ത്യൻ സംസ്കാരത്തിലും പാരമ്പര്യത്തിലും ആഴത്തിൽ ആകൃഷ്ടരായ  വിദേശ ഭക്തർ പവിത്രമായ ഗംഗാ സ്നാനവും ഇന്ത്യയുടെ മതപരവും സാംസ്കാരികവുമായ ആചാരങ്ങളും അനുഭവിച്ചറിയുന്നതിലൂടെ മേളയുടെ ജനപ്രീതിയും സാംസ്കാരിക പ്രാധാന്യവും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.

വിശ്വാസ യാത്രയിൽ 35 കോടി ആത്മാക്കൾ

വസന്തപഞ്ചമി ദിനത്തിൽ ചരിത്രപരമായ പുണ്യസ്നാനം



2025 ഫെബ്രുവരി 3 വരെ 35 കോടിയിലധികം ഭക്തർ പുണ്യസ്നാന ചടങ്ങുകളിൽ പങ്കെടുത്ത മഹാകുംഭമേള ആത്മീയവും സാംസ്കാരികവുമായ ഒരു അത്ഭുതദൃശ്യമായി മാറിയിരിക്കുന്നു. വസന്തപഞ്ചമിയുടെ ശുഭദിനത്തിൽ മഹാകുംഭമേളയിലെ സുപ്രധാന നിമിഷം അടയാളപ്പെടുത്തിക്കൊണ്ട് 2.33 കോടിയിലധികം ഭക്തരാണ് ത്രിവേണി സംഗമത്തിലെ പുണ്യജലത്തിൽ മുങ്ങിയത്. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത സമുദായങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഭക്തര്‍ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ മേള ആഘോഷിക്കാൻ കൈകോർത്തപ്പോൾ അന്തരീക്ഷം ഭക്തികൊണ്ടും ആവേശംകൊണ്ടും ഐക്യബോധംകൊണ്ടും നിറഞ്ഞു.

ഋതു പരിവർത്തനത്തിന്റെ പ്രതീകമായ വസന്തപഞ്ചമി ദിനത്തില്‍ ഹൈന്ദവ പുരാണങ്ങളിലെ ജ്ഞാനദേവതയായ സരസ്വതീദേവിയുടെ വരവിനെയാണ് ആഘോഷിക്കുന്നത്. വസന്തപഞ്ചമിയുടെ മഹത്വത്തെ ആദരിക്കുന്നതിനായി ഈ ശുഭ മുഹൂർത്തത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന തിളക്കമുള്ള മഞ്ഞ വസ്ത്രങ്ങളിലാണ് കല്പവാസികൾ അണിഞ്ഞൊരുങ്ങുന്നത്.

പുണ്യസംഗമത്തിലെ കാഴ്ച അസാധാരണമായിരുന്നു. സംഗമ തീരങ്ങൾ പൂർണ്ണമായും ഭക്തരാൽ നിറഞ്ഞുകവിഞ്ഞതോടെ  പവിത്രമായ മണൽത്തീരം ജനസാഗരത്താല്‍ മറഞ്ഞു. ഡൽഹി, ഹരിയാന, പഞ്ചാബ്, പശ്ചിമ ബംഗാൾ, അസം, ബീഹാർ, കേരളം, ആന്ധ്രാപ്രദേശ് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭക്തർ വിദേശ സന്ദർശകര്‍ക്കൊപ്പം കൈകോർത്തുകൊണ്ട് മഹാകുംഭമേളയുടെ ആഗോള ഐക്യത്തിന്റെ സാരാംശത്തിന് കരുത്തുപകര്‍ന്നു. ദശലക്ഷക്കണക്കിന് പേര്‍ കൂട്ടായ ആവേശത്തോടെ മുഴക്കിയ സുശക്തമായ ആരാധനാമന്ത്രങ്ങള്‍ അലയടിച്ച അന്തരീക്ഷത്തിലെ ഭക്ത സ്വരങ്ങൾ ഗംഗയുടെയും യമുനയുടെയും  സരസ്വതിയുടെയും ശക്തമായ പ്രവാഹത്തില്‍ ലയി‍ച്ചു.

ഇറ്റലി, ഓസ്ട്രിയ, ക്രൊയേഷ്യ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ വിദേശ ഭക്തരുടെ ശ്രദ്ധേയമായ പങ്കാളിത്തം ഈ വർഷത്തെ മഹാകുംഭമേളയുടെ നിരവധി സവിശേഷതകളിലൊന്നാണ്.  ഇത്തരമൊരു ചരിത്ര സംഭവത്തിന്റെ ഭാഗമാകാനായതില്‍ അവരില്‍ പലരും അത്ഭുതവും സന്തോഷവും പ്രകടിപ്പിച്ചു. ഒരു ഇറ്റാലിയൻ ഭക്തൻ പറഞ്ഞു: “ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ്  പുണ്യസ്നാനം നടത്തിയ എനിക്കിത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമായി  തോന്നുന്നു. 144 വർഷമായി ജനങ്ങള്‍ കാത്തിരിക്കുന്ന ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാനായത്  യഥാര്‍ത്ഥത്തില്‍ ഭാഗ്യമായി കരുതുന്നു.”

ഭാരതീയ ആതിഥ്യമര്യാദയുടെ ഊഷ്മളതയിൽ മതിമറന്ന വിദേശ ഭക്തർ ഈ അനുഭവത്തിൽ മുഴുകി. ക്രൊയേഷ്യയിൽ നിന്നുള്ള സന്ദർശകനായ ആൻഡ്രോ അഭിപ്രായപ്പെട്ടു: “ഇത് യഥാര്‍ത്ഥത്തില്‍ അത്ഭുതകരമായ ഒരു അനുഭവമാണ്. മഹാകുംഭമേളയുടെ അന്തരീക്ഷം വാക്കുകൾക്കതീതമാണ്. ഇവിടെ ഒരുക്കിയ സൗകര്യങ്ങളും ക്രമീകരണങ്ങളും അങ്ങേയറ്റം മികച്ചതാണ്.”

ഓസ്ട്രിയയിൽ നിന്നുള്ള ഭക്തയായ അവിഗലിന് ആവേശം അടക്കാനായില്ല: “ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അവിശ്വസനീയവും അസാധാരണവുമായ അനുഭവമാണ്. ഇതിലൂടെ ഞാൻ  ഇന്ത്യയുടെ ആത്മാവിനെ തിരിച്ചറിയാന്‍ തുടങ്ങി.”

2025-ലെ മഹാകുംഭമേളയിലെ ഏറ്റവും ആകർഷകമായ കാഴ്ചകളിലൊന്ന് അമൃതസ്നാന വേളയില്‍ ശ്രദ്ധാകേന്ദ്രമായി മാറിയ നാഗ സന്യാസിമാരുടെ  സാന്നിധ്യമായിരുന്നു. കൂടാതെ, വസന്തപഞ്ചമി ദിനത്തില്‍ അമൃത് സ്നാനത്തിനായി നടത്തിയ പ്രദക്ഷിണവും ഒരു ദൃശ്യാനന്ദമായി മാറി. ചില നാഗസന്യാസിമാര്‍ രാജകീയ പ്രൗഢിയുള്ള കുതിരപ്പുറത്ത് സവാരി ചെയ്തപ്പോള്‍ മറ്റുള്ളവർ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളും പവിത്രമായ ആഭരണങ്ങളും ധരിച്ച് നഗ്നപാദരായി നടന്നു. പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ച അവരുടെ ജടകെട്ടിയ മുടിയും ഉയർത്തിപ്പിടിച്ച ത്രിശൂലങ്ങളും മഹാകുംഭമേളയുടെ പവിത്രത വർധിപ്പിച്ചു. തീക്ഷ്ണവും സ്വതന്ത്രവുമായ രീതികള്‍ക്കപ്പുറം വൈവിധ്യത്തിനിടയിലെ ഐക്യത്തെ പ്രതീകവൽക്കരിച്ചുകൊണ്ട് അപാരമായ അച്ചടക്കത്തോടെ അവർ അഖാഡ തലവന്മാരുടെ ആജ്ഞകൾ പാലിച്ചു. അവരുടെ ആകര്‍ഷകമായ ഊർജ്ജസ്വലതയും ഭക്തിയും അവിടെയെങ്ങും പടര്‍ന്നു.

നൂറ്റാണ്ടുകളായി ഭാരതീയ സനാതന സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായ സമത്വ – സാഹോദര്യ മൂല്യങ്ങളുടെ യഥാർത്ഥ പ്രതീകമാണിത്. ഭാഷയോ ദേശമോ പശ്ചാത്തലമോ പരിഗണിക്കാതെ പവിത്ര സംഗമഭൂമി ഏവരെയും സ്വാഗതം ചെയ്തു. സാമൂഹ്യവും സാമ്പത്തികവുമായ എല്ലാ അതിരുകളും ഭേദിച്ച്  പരസ്പരം അടുത്തിരുന്ന് ഭക്തർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാനായി സജ്ജീകരിച്ച നിരവധി ഭോജനശാലകളിലും (അന്നക്ഷേത്രങ്ങൾ) ഏകത്വത്തിന്റെ ഈ ചൈതന്യം പ്രതിഫലിച്ചു.

മഹാകുംഭമേള കേവലമൊരു ഉത്സവമല്ല; ദശലക്ഷക്കണക്കിന് ജനങ്ങളെ ഇന്ത്യയുടെ ആത്മീയ പാരമ്പര്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു അഭേദ്യമായ ചരടാണത്. ശൈവ, ശാക്ത, വൈഷ്ണവ, ഉദാസി, നാഥ്, കബീർ പന്തി, റായ്ദാസ് തുടങ്ങി വിവിധ ചിന്താധാരകളിലെ സന്യാസിവര്യര്‍ സംഗമതീരത്തുടനീളം ഒത്തുചേർന്ന് ഭക്തിയോടെ അവരുടെ തനത് ആചാരങ്ങളനുഷ്ഠിച്ചു. സന്യാസിവര്യര്‍ നൽകിയ മഹാകുംഭമേളയുടെ സന്ദേശം വ്യക്തമായിരുന്നു – ജാതിയുടെയും മതത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും സര്‍വ അതിരുകളെയും ഭേദിക്കുന്നതാണ് ആത്മീയത.

പ്രയാഗ്‍രാജില്‍ തുടരുന്ന 2025-ലെ മഹാകുംഭമേള കേവലം മതപരമായ ഒത്തുചേരൽ എന്നതിലുപരിയായി മാറുകയാണ്. ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് പേര്‍ അനുഭവിച്ചറിയുന്ന മാനവിക ഐക്യത്തിന്റെയും പ്രകൃതിയുടെയും ദിവ്യത്വത്തിന്റെയും ഊർജ്ജസ്വലമായ ആഘോഷമാണത്. 35 കോടിയിലധികം ഭക്തരുടെ പങ്കാളിത്തത്തോടെ,  വരും ദിവസങ്ങളിൽ എത്തിച്ചേരാനിരിക്കുന്ന ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തോടെ  ആത്മീയവും സാംസ്കാരികവുമായ ഐക്യത്തിന്റെ ദീപസ്തംഭമായി  പ്രകാശിക്കുകയാണ് മഹാകുംഭമേള.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →