ന്യൂഡൽഹി : ഡൽഹി സംസ്ഥാനത്തിന്റെ അധികാരം പിടിക്കുവാൻ ബിജെപി കച്ചമുറുക്കിയിട്ടുള്ള തെരഞ്ഞെടുപ്പിൽ മത്സരം ആപ്പും ബിജെപിയും തമ്മിൽ തന്നെ എന്ന ചിത്രമാണ് ഒടുവിൽ ഉരുത്തിരിയുന്നത്. കോൺഗ്രസ് അധികാരത്തിനുവേണ്ടി മത്സരിക്കുന്നില്ല എന്ന് വ്യക്തമായി കഴിഞ്ഞു.
രാജ്യഭരണ തലസ്ഥാനം കൂടി ഉൾപ്പെട്ട ഡൽഹി സംസ്ഥാനത്തിന്റെ അധികാരം തുടർച്ചയായി കേന്ദ്രം ഭരിക്കുന്ന ബിജെപിയിൽ നിന്ന് അകലെ നിൽക്കുന്നത് അവസാനിപ്പിക്കുവാൻ ആണ് ബിജെപി തീരുമാനം. പ്രധാനമന്ത്രിയും അമിത് ഷായും നദ്ദയും അടക്കമുള്ള കേന്ദ്ര നേതാക്കൾ നേരിട്ട് ഇടപെടുന്ന തെരഞ്ഞെടുപ്പിൽ മറുവശത്ത് പ്രതിരോധം ഉയർത്തുന്നത് ആം ആദ്മി പാർട്ടിയാണ്.
ചപ്പുചവറും മലിനജലവും ആം ആദ്മി പാർട്ടിയുടെ സംഭാവന
പരസ്പര ആരോപണങ്ങളുടെയും ആക്ഷേപങ്ങളുടെയും ചൂരിലാണ് ഡൽഹി രാഷ്ട്രീയം. കേജരിവാൾ ഡൽഹിയിലെ ജനങ്ങളോട് കള്ളം പറയുകയാണ് എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ആരോപണം. ഡൽഹിയിലെ ജനങ്ങൾക്ക് ചപ്പുചവറുകളും വിഷലിപ്തമായ വെള്ളവും അഴിമതിയും മാത്രമാണ് നൽകിയിട്ടുള്ളത്. രണ്ട് എൻജിൻ ഘടിപ്പിച്ച കേന്ദ്രസർക്കാർ ഭരണം അതിവേഗതയിൽ മുന്നോട്ടു പോകുമ്പോൾ കേന്ദ്രഭരണത്തിന്റെ ആസ്ഥാന നഗരവും സംസ്ഥാനവും പുറകോട്ടു പോവുകയാണ് എന്ന ആരോപണമാണ് അമിത് ഷാ ഉന്നയിച്ചിരിക്കുന്നത്.
5000 രൂപ വരെ വോട്ടർമാർക്ക് നൽകി വിരലിൽ വോട്ട് ചെയ്യാതിരിക്കാൻ മഷി പുരട്ടുന്നു
കേജരിവാൾ ഒറ്റയ്ക്കാണ് ബിജെപി നേതൃത്വത്തെ മുഴുവൻ നേരിടുന്നത്. ഡൽഹിയിൽ തുടരുന്ന ആപ്പ് ഭരണത്തിന്റെ സംരക്ഷണമാണ് കേജരിവാൾ ദൗത്യമായി ഏറ്റെടുത്തിരിക്കുന്നത്. ജയിൽവാസത്തിനുശേഷം മടങ്ങിവന്ന കേജരിവാൾ അധികാരം വച്ചൊഴിഞ്ഞ് തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുകയാണ്. ഡൽഹിയിൽ ബിജെപി എന്ന പാർട്ടി അതിൻറെ ചരിത്രത്തിൽ ഇന്ന് വരെ നേരിട്ടിട്ടില്ലാത്ത പരാജയം അഭിമുഖീകരിക്കാൻ പോവുകയാണ് എന്നാണ് ആത്മവിശ്വാസത്തോടു കൂടി കേജരിവാൾ പറഞ്ഞിരിക്കുന്നത്. അതിനെ അതിജീവിക്കുവാൻ വേണ്ടി ബിജെപി ഗുണ്ടകളുടെ ശക്തിയെ അവലംബിക്കും എന്നും കേജരിവാള്‍ ആരോപിച്ചിരിക്കുന്നു.
തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ അരവിന്ദ് കേജരിവാൾ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ ആരോപണം ഉള്ളത്. ഡൽഹിയുടെ അധികാരം പിടിച്ചെടുക്കുവാൻ ബിജെപി ഗുണ്ടകളെയും ഡൽഹി പോലീസിനെയും ആശ്രയിച്ചിരിക്കുകയാണെന്നും ഈ രണ്ടു കൂട്ടരും തെരഞ്ഞെടുപ്പിൽ ഇടപെടുമന്നൊണ് കേജരിവാൾ പറയുന്നത്.
ഗുരുതരമായ മറ്റൊരു ആരോപണവും കേജരിവാൾ ഉന്നയിച്ചിട്ടുണ്ട്. ഡൽഹിയിലെ ചേരികളിൽ താമസിക്കുന്നവർക്ക് 3000 രൂപ മുതൽ 5000 രൂപ വരെ ബിജെപിയുടെ പ്രവർത്തകർ നൽകുകയാണ്. മുൻകൂട്ടി അവരുടെ ചൂണ്ടാണി വിരലിൽ വോട്ട് ചെയ്തതിന്റെ മഷി പുരട്ടി എന്നതിന് അനുവദിക്കുന്നതിനാണ് ഈ പണം. ചേരി നിവാസികളുടെ വോട്ട് ആപ്പിന് ലഭിക്കുന്നത് തടയുവാൻ വേണ്ടി അവലംബിക്കുന്ന മാർഗമാണിത്. അതുകൊണ്ട് അവരുടെ പണം വാങ്ങിക്കൊള്ളൂ. പക്ഷേ വിരലിൽ മഷി പുരട്ടാൻ അനുവദിക്കരുത് എന്നാണ് അരവിന്ദ് കേജരിവാൾ സന്ദേശത്തിൽ പറയുന്നത്.
ഇത്തരം തന്ത്രങ്ങൾ തടയുന്നതിന് വേണ്ടി പെട്ടെന്ന് ഇടപെടുവാനുള്ള സംഘങ്ങളെ ആം ആദ്മി പാർട്ടി നിയോഗിച്ചിട്ടുണ്ട് എന്നും അവരുടെ പക്കൽ സ്പൈ ക്യാമറകൾ വിതരണം ചെയ്തത് ഉണ്ട് എന്നും ചേരി പ്രദേശങ്ങളിൽ ഈ ക്യാമറകൾ സ്ഥാപിക്കുമെന്നും അരവിന്ദ് കേജരിവാൾ പറയുന്നു.
നിശബ്ദ പ്രചരണത്തിലേക്ക് ഡൽഹി തെരഞ്ഞെടുപ്പ് പ്രവേശിക്കുന്ന ഘട്ടത്തിൽ ആം ആദ്മി പാർട്ടിയുടെ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ രാജ്യത്ത് തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഡൽഹിയിൽ അത് രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്.



