ന്യൂഡൽഹി : ഡെമോക്രാറ്റുകളുടെ ഭരണം അട്ടിമറിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഒപ്പിട്ട പ്രധാന ഉത്തരവുകളിൽ ഒന്ന് അമേരിക്കയിൽ ആണും പെണ്ണും അല്ലാതെ വേറെ ലിംഗ വിഭാഗങ്ങൾ ഇല്ല എന്നുള്ളതാണ്.ഈ ഉത്തരവിനെ തുടർന്ന് അമേരിക്കയിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. മൂന്നാം ലിംഗക്കാർ എന്നറിയപ്പെടുന്ന ട്രാൻസ്ജെൻഡേഴ്സ് അമേരിക്കയിലെ പ്രാദേശിക ഭരണകൂടം മുതൽ കേന്ദ്ര ഭരണകൂടം വരെ ഉള്ള വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നുണ്ട്. അവർ എല്ലാവരും ആ മേഖലയിൽനിന്ന് കുടിപ്പിക്കപ്പെടുവാൻ പോവുകയാണ്. എന്ന് മാത്രമല്ല പൊതു ഇടങ്ങളിൽ ഇവരുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുകയാണ്.അമേരിക്ക പുതിയൊരു സംഘർഷത്തിലേക്കും പ്രതിസന്ധിയിലേക്കും നീങ്ങുകയാണ്.

മനുഷ്യരിൽ ആണും പെണ്ണും എന്ന രണ്ട് വിഭാഗം അല്ലാതെ മറ്റ് ലിംഗ വിഭാഗങ്ങൾ ഇല്ലേ എന്ന ചോദ്യമാണ് അമേരിക്കൻ പ്രസിഡണ്ടിന്റെ ഉത്തരവ് ലോകത്ത് തന്നെ ഉയർത്തിയിരിക്കുന്നത്. ജന്മനാ പുരുഷനായോ സ്ത്രീയായോ ജനിക്കുക എന്നാൽ പൂർണമായി സ്ത്രീയും പുരുഷനും അല്ലാതെ ആയിരിക്കുക, ഈ അവസ്ഥയിൽ ഉള്ളവർ ആണ് പിന്നീട് ലിംഗ പരിണാമം സ്വീകരിച്ച് ആണായോ പെണ്ണായോ മാറുന്നത്. ഈ വിഭാഗത്തെയാണ് മൂന്നാം ലിംഗക്കാർ എന്ന് വിളിക്കുന്നത്. ഈ വിഭാഗങ്ങൾ ചരിത്രാരംഭം തൊട്ടേ സമൂഹത്തിൽ സാന്നിധ്യം അറിയിച്ചിരുന്നു. സൈന്യത്തിലും കൊട്ടാര സേവക വിഭാഗത്തിലും ഒക്കെ മൂന്നാം ലിംഗക്കാർ പ്രവർത്തിച്ചിരുന്നതിന്റെ ചരിത്ര രേഖകൾ ഉണ്ട്.ആധുനികകാലത്ത് ചിന്തകളിൽ വലിയ മാറ്റമുണ്ടായി. സർക്കാരുകളുടെയും സമീപനത്തിൽ മാറ്റമുണ്ടായി. ആണും പെണ്ണും മാത്രമല്ല പൂർണമായി ആണോ പെണ്ണോ അല്ലാത്ത വിഭാഗം ലൈംഗിക പ്രത്യേകതകളുള്ള മനുഷ്യർ ഉണ്ട് എന്ന് അംഗീകരിക്കപ്പെട്ടു. ജൈവ ശാസ്ത്രപരമായി തന്നെ ഇവരുടെ നിലനിൽപ്പും അംഗീകരിക്കപ്പെട്ടു. പുരുഷന്റെയോ സ്ത്രീയുടെയോ മാത്രമായ ലൈംഗിക പ്രത്യേകതകളും അവയവങ്ങളും വളർച്ച പ്രാപിക്കാത്ത അവസ്ഥയിലുള്ള മനുഷ്യരും ജനസംഖ്യയിൽ ഗണ്യമാണ് എന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞു. അതിനെ തുടർന്നാണ് ആ വിഭാഗങ്ങളെ മൂന്നാം ലിംഗക്കാർ എന്ന് അംഗീകരിക്കപ്പെട്ടത്.
ലക്ഷക്കണക്കിന് മൂന്നാം ലിംഗക്കാർ ജോലിയിൽ നിന്ന് പുറത്തേക്ക്
അമേരിക്ക വലിയ സാമൂഹ്യ പ്രതിസന്ധിയിലേക്ക് ആണ് ട്രംപിന്റെ ഉത്തരവിനെ തുടർന്ന് പ്രവേശിച്ചിരിക്കുന്നത്. അമേരിക്കൻ ജനസംഖ്യയിൽ 14 ലക്ഷത്തോളം ആളുകൾ ആണും പെണ്ണും അല്ലാത്തവർ ഉണ്ട് എന്നാണ് വില്യംസ് ഇൻസ്റ്റിറ്റ്യൂട്ട്, യു സി എൽ എ നടത്തിയ പഠനത്തിൽ 2019- ൽ തെളിഞ്ഞത്. അവരുടെ റിപ്പോർട്ട് അമേരിക്കൻ അക്കാദമിക് ലോകം അംഗീകരിച്ചു കഴിഞ്ഞതാണ്. എന്ന് മാത്രമല്ല 2020 ൽ ഹ്യൂമൻ റൈറ്റ് കാമ്പയിൻ ഫൗണ്ടേഷൻ ഫണ്ട് എന്ന സംഘടന മൂന്നാം ലിംഗക്കാർക്കിടയിൽ അവരുടെ തൊഴിലിനെ കുറിച്ച് സർവ്വേ നടത്തുകയുണ്ടായി. സർവ്വേയിൽ പങ്കെടുത്തവരിൽ 35 ശതമാനം പേർ പ്രാദേശിക ഭരണകൂടം മുതൽ ഫെഡറൽ ഗവൺമെന്റു വരെയുള്ള വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നവരാണ് എന്നായിരുന്നു. ഇതാണ് അമേരിക്കയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കാൻ പോകുന്നത്.

ഫെഡറൽ ഭരണകൂടത്തിന്റെ അതായത് അമേരിക്കയിലെ കേന്ദ്രസർക്കാരിന്റെ തലവനായ പ്രസിഡൻറിൻ്റെ ഉത്തരവുപ്രകാരം ഈ വിഭാഗങ്ങൾ കൂട്ടത്തോടെ സർക്കാർ സർവീസിൽനിന്ന് കുടിയൊഴിപ്പിക്കപ്പെടുവാൻ പോവുകയാണ്. കാരണം പുരുഷൻ അല്ലെങ്കിൽ സ്ത്രീ എന്ന രണ്ടു വിഭാഗത്തിൽ പെട്ടവർക്ക് മാത്രമാണ് ഇനിമേൽ പരിഗണന. ഇതുരണ്ടും അല്ലാത്ത മൂന്നാം വിഭാഗക്കാർ സർവീസിൽ നിന്ന് ഒഴിയേണ്ടി വരും. ലക്ഷക്കണക്കിന് ആളുകൾ ജീവിതത്തിൽ നിന്ന് വലിച്ചെറിയപ്പെടുന്ന സാഹചര്യമാണ് അമേരിക്കയിൽ സംജാതമാകുവാൻ പോകുന്നത്.ഇതിൻറെ സാമൂഹിക പ്രത്യാഘാതങ്ങൾ ചെറുതായിരിക്കുകയില്ല.
ഇത് മാത്രമല്ല പ്രതിസന്ധി. അമേരിക്കയുടെ സൈന്യത്തിൽ 15,000 ഓളം സൈനികർ മൂന്നാം ലിംഗക്കാരാണ്. ഇവരെ ഒന്ന് ഒഴിയാതെ പറഞ്ഞുവിടാൻ പോവുകയാണ്. തൊഴിൽ നഷ്ടപ്പെട്ട് പുറത്തുവരുന്ന ഈ 15,000 പേർ അമേരിക്കൻ സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.ഇതു മാത്രമല്ല അമേരിക്കൻ സൈന്യത്തിൽ വളരെ തന്ത്രപ്രധാനമായ മേഖലകളിൽ ജോലി ചെയ്തിരുന്നവരും ഈ കൂട്ടത്തിലുണ്ട്. കൂട്ടത്തോടെ ഇത്രയധികം ആളുകളെ പിരിച്ചുവിടുന്നത് അമേരിക്കൻ സൈന്യത്തിൻറെ ഉള്ളിലും പ്രശ്നങ്ങൾ സൃഷ്ടിക്കും.
അമേരിക്കൻ സമൂഹത്തിൽ പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിൽ പുത്തൻ ആകുലതകൾ ട്രംപിന്റെ ഉത്തരവ് സൃഷ്ടിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിൽ സ്ത്രീയും പുരുഷനും മാത്രമേ ഇനി ഉള്ളൂ. പക്ഷേ ഇതുവരെ അങ്ങനെ ആയിരുന്നില്ല. റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും ബസ് സ്റ്റേഷനിലും ഒക്കെ സ്ത്രീക്കും പുരുഷനും പ്രത്യേകം ശൗചാലയങ്ങൾ ഉണ്ടായിരുന്നതുപോലെ മൂന്നാം ലിംഗക്കാർക്കും ഉണ്ടായിരുന്നു. ഇനിമേൽ അവ ഉണ്ടാവുകയില്ല. അങ്ങനെ വരുമ്പോൾ പൊതു ഇടങ്ങളിൽ മൂന്നാം ലിംഗക്കാർ ആരുടെ ശൗചാലയങ്ങൾ ഉപയോഗിക്കും എന്നുള്ളത് ഒരു സാമൂഹ്യപ്രശ്നമായി മാറാൻ പോവുകയാണ്.

അതായത് സ്ത്രീയുടെ ശാരീരിക സ്വഭാവവും പുരുഷന്റെ വ്യക്തിത്വവുമുള്ള ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ സ്ത്രീകളുടെ ശൗചാലയങ്ങൾ ഉപയോഗിക്കുന്ന സ്ഥിതിയിലേക്ക് വന്നുകഴിഞ്ഞാൽ അത് അവിടെ എത്തിച്ചേരുന്ന പെൺകുട്ടികൾക്ക് ഭീഷണിയായി മാറുമെന്ന് ഇപ്പോഴേ അമേരിക്കയിലെ അമ്മമാർ ആശങ്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇതേ പ്രശ്നം മറുവശത്തുമുണ്ട്.പുരുഷന്മാർ മാത്രം ഉപയോഗിക്കുന്ന ശൗചാലയങ്ങളിലും കുളിമുറികളിലും മറ്റും സ്ത്രീയുടെ മാനസിക ഘടനയും പുരുഷന്റെ ശാരീരിക പ്രത്യേകതയുമുള്ള ആളുകൾ എത്തിച്ചേരുകയും ഉപയോഗിക്കുകയും ചെയ്യുമ്പോൾ അവിടെയെത്തുന്ന ആൺകുട്ടികളും മറ്റു പുരുഷന്മാരും ബുദ്ധിമുട്ടുകൾ നേരിടും എന്നുള്ള ആശങ്കയും ഉയർന്നു വന്നിട്ടുണ്ട്.
ട്രംപിന്റെ ഉത്തരവ് നിയമപരമായ പ്രതിസന്ധികൾക്കും കാരണമാകാൻ പോവുകയാണ്. മൂന്നാം ലിംഗക്കാരുടെ നിയമപരമായ അവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് 2019-ൽ നിയമനിർമാണം അമേരിക്കയിൽ ഉണ്ടായിട്ടുണ്ട്. ആ നിയമം തന്നെ അസ്ഥിരപ്പെടുത്തേണ്ട സാഹചര്യമാണ് പുതിയ ഉത്തരവിലൂടെ വന്നിരിക്കുന്നത്. എന്ന് മാത്രമല്ല അമരിക്കയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും മൂന്നാം ലിംഗക്കാർ എന്നൊരു വിഭാഗം ഉണ്ട് എന്ന് നിയമനിർമാണത്തിലൂടെ അംഗീകരിച്ചിട്ടുണ്ട്. ട്രംപിന്റെ ഉത്തരവിലൂടെ ഈ നിയമങ്ങളുടെ ഭാവി എന്താകും എന്ന ചോദ്യങ്ങൾ ഉയരുകയാണ്. സംസ്ഥാനങ്ങളുടെ നിയമങ്ങളുടെ സാധുത ചോദ്യം ചെയ്യപ്പെടുകയാണ് എങ്കിൽ അമേരിക്കൻ ഫെഡറൽ സംവിധാനത്തിൻ്റ ഭരണഘടനാപരമായ നിലനിൽപ്പിനെ കുറിച്ചുള്ള ചോദ്യമായി ഇത് മാറിക്കൂടായ്കയില്ല. സംസ്ഥാനങ്ങൾ പാസാക്കിയ നിയമങ്ങൾ ഒരു എക്സിക്യൂട്ടീവ് ഓർഡറിലൂടെ പ്രസിഡണ്ടിന് റദ്ദ് ചെയ്യുവാൻ കഴിയുന്ന സാഹചര്യത്തിലേക്ക് പോയാൽ അമേരിക്കൻ ഫെഡറലിസം തകരും എന്ന രാഷ്ട്രീയ പ്രതിസന്ധിയും ഭരണഘടന പ്രതിസന്ധിയും ഈ ഉത്തരവ് ഉയർത്തുന്നുണ്ട്.
അമേരിക്കയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് സംക്രമിക്കാനും സാധ്യത

കേൾക്കുമ്പോൾ ചെറുതെന്ന് തോന്നുന്നു എങ്കിൽ പോലും അമേരിക്കൻ പ്രസിഡണ്ടിന്റെ തീരുമാനം ലോക സമൂഹത്തിൽ തന്നെ ചർച്ചയും, വേണമെങ്കിൽ പ്രതിസന്ധിയും സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.മൂന്നാം ലിംഗക്കാരെ മതാധിഷ്ഠിത സർക്കാരുകൾ ലോകത്ത് ഒരിടത്തും അംഗീകരിച്ചിട്ടില്ല. അവിടങ്ങളിൽ ഇത്തരക്കാരെ വേട്ടയാടുകയോ ജയിലിൽ അടയ്ക്കുകയോ ഒക്കെയാണ് ചെയ്തുവരുന്നത്.പൊതുസ്ഥലങ്ങളിൽ അവഹേളനത്തിനും ആക്രമണത്തിനും ഇവർ വിധേയമാകുന്നുണ്ട്. എന്നാൽ ജനാധിപത്യ രാജ്യങ്ങളിൽ അതല്ല സ്ഥിതി. മൂന്നാം ലിംഗക്കാർക്ക് സമൂഹത്തിൽ സ്ഥാനവും അവകാശങ്ങളും അവർ സംരക്ഷണം അർഹിക്കുന്ന വിഭാഗങ്ങളാണ് എന്ന വിലയിരുത്തിലുമുണ്ട്.സാമ്പത്തിക സഹായങ്ങൾ അടക്കം നൽകുന്ന സർക്കാരുകൾ ഉണ്ട്. ഈ സ്ഥലങ്ങളിലൊക്കെ ഇതിൻ്റെ അനുരണനങ്ങൾ ഉണ്ടാകും. മതാധിഷ്ഠിത ബോധം പുലർത്തുകയും അതിനനുസരിച്ച് സമൂഹത്തെ നിർമ്മിക്കണം എന്ന് ചിന്തിക്കുകയും ചെയ്യുന്ന പക്ഷത്തുള്ള ആളുകളും അവരുടെ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യ രാജ്യങ്ങളിൽ ഈ പ്രശ്നം ഉയർത്തുവാൻ സാധ്യതയുണ്ട്.മൂന്നാം ലിംഗകാർക്ക് വിഭാഗം അംഗീകാരം നൽകുകയും അങ്ങനെ ഒരു വിഭാഗം ഉണ്ട് എന്ന് അംഗീകരിക്കുകയും ചെയ്യുന്ന സർക്കാറിനയം തിരുത്തുവാനുള്ള ചിന്തകൾ ഉയർന്നു വരും. ലോകത്ത് തന്നെ പുതിയൊരു വടംവലിക്ക് ട്രംപിന്റെ ഉത്തരവ് കാരണമാകും എന്ന് ഉറപ്പാണ്.
അമേരിക്കയിൽ സാമൂഹ്യ പ്രക്ഷോഭത്തിന് നിലം ഒരുങ്ങുന്നു ?
പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ തോറ്റുപോയി എങ്കിലും അമേരിക്കയിലെ കോൺഗ്രസിലും സംസ്ഥാന ഭരണകൂടങ്ങളിലും ഡെമോക്രാറ്റുകൾക്കുള്ള സ്വാധീനം പരിഗണിക്കുമ്പോൾ രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ സാധ്യതയും അമേരിക്ക നേരിടുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടികൾക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ ഉയർന്നുവരുന്ന സാമൂഹ്യ പ്രക്ഷോഭങ്ങളോട് എന്തു നിലപാട് എടുക്കും എന്നുള്ളത് പ്രധാനമാണ്. അമേരിക്കയിൽ മാത്രമല്ല ലോകത്തുടനീളം ഇതിൻറെ അനുരണനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
കേരളത്തിലും രാജ്യത്തും മൂന്നാം ലിംഗകാർക്ക് നേരെയുള്ള സമീപനത്തിൽ മാറ്റം ഉണ്ടാകുമോ?
ഇന്ത്യയിൽ ഇത് ഏതെങ്കിലും വിധത്തിൽ പ്രതിഫലിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ പരസ്യ സാന്നിധ്യം ശക്തമായിട്ടുള്ള കേരളം പോലുള്ള സ്ഥലങ്ങളിൽ ഏതുതരത്തിൽ ആയിരിക്കും ഈ വിഷയം ചർച്ച ചെയ്യപ്പെടുകയും സാമൂഹികമായി വിമർശിക്കപ്പെടുകയോ പിന്തുണയ്ക്കപ്പെടുകയോ ചെയ്യുക എന്ന ചോദ്യവും ഉണ്ട്.ട്രാൻസ്ജെൻഡറുകളെ പിന്തുണയ്ക്കുകയും അവരുടെ അവകാശങ്ങൾക്ക് വേണ്ടി രംഗത്തുവരികയും ചെയ്തിട്ടുള്ള ഡിവൈഎഫ്ഐ പോലെയുള്ള രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങൾ കേരളത്തിലുണ്ട്. അതേപോലെതന്നെ മൂന്നാം ലിംഗക്കാരെയും സ്വവർഗ രതിക്കാരെയും എതിർക്കുകയും എതിർക്കുകയും ആക്രമിക്കുകയും ചെയ്യുന്ന വലതുപക്ഷ രാഷ്ട്രീയ ചിന്താഗതിയുടെ വക്താക്കളും കേരളത്തിലുണ്ട്. ഈ രണ്ടു വിഭാഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വരാനിടയുള്ള സാമൂഹിക പ്രതിഷേധങ്ങളോട് ഏത് വിധത്തിൽ പ്രതികരിക്കും എന്നുള്ളതും കൗതുകകരമാണ്. കേവലം കൗതുകത്തിനുമപ്പുറം ഗൗരവമുള്ള മാനുഷിക പ്രശ്നങ്ങളെയും രാഷ്ട്രീയ പ്രശ്നങ്ങളെയും ആണ് ട്രംപിന്റെ ഉത്തരവ് ലോകത്തു മുഴുവൻ പിടിച്ച് ഉയർത്തുവാൻ പോകുന്നത്.

