ന്യൂഡൽഹി : പുതിയ സാമ്പത്തിക നയം രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. റിസർവ് ബാങ്കിൻറെ പുതിയ പ്രഖ്യാപന പ്രകാരം കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ വിയർക്കുവാൻ പോവുകയാണ്.
സംസ്ഥാനങ്ങളുടെ ധനകാര്യ പ്രവർത്തനങ്ങളെ സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സംസ്ഥാന ധനകാര്യ ബഡ്ജറ്റുകളെ കുറിച്ചുള്ള പഠനം എന്ന രേഖയിലാണ് രണ്ടാംഘട്ടമായി ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് മേൽ റിസർവ്ബാങ്കും കേന്ദ്രസർക്കാരും ഏർപ്പെടുത്തുവാൻ പോകുന്ന ധനകാര്യ നിയന്ത്രണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉള്ളത്.
അന്താരാഷ്ട്ര ധനകാര്യ മാനദണ്ഡങ്ങൾ അനുസരിച്ച് സ്റ്റേറ്റുകളുടെ വരവും ചിലവും ക്രമീകരിച്ചുകൊണ്ട് സാമ്പത്തിക ഉത്തരവാദിത്വത്തോട് കൂടി പ്രവർത്തിക്കണം എന്നാണ് രണ്ടാംഘട്ട സാമ്പത്തിക പരിഷ്കാരങ്ങളുടെ ഉള്ളടക്കം.
വരവ് എത്രയെന്ന് പരിഗണിക്കാതെ കടമെടുത്തും അല്ലാതെയും ചിലവ് വർദ്ധിപ്പിക്കുന്ന രീതി ഇനി തുടരുവാൻ സംസ്ഥാനങ്ങൾക്ക് കഴിയുകയില്ല. റിസർവ്ബാങ്കും നീതി ആയോഗും ചേർന്ന് ശക്തമായ കൂച്ചുവിലങ്ങുകളാണ് കൊണ്ടുവരുവാൻ പോകുന്നത്. ഇതിൻറെ പ്രതിസന്ധികൾ അനുഭവിക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഒന്നാമതായി കേരളവും ഉണ്ട്. പഞ്ചാബ്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ കേരളത്തിനൊപ്പം ഉണ്ട്.
വരാൻ പോകുന്ന മാറ്റങ്ങളിൽ ചിലത്
ധനകാര്യ ഉത്തരവാദിത്വവും ബഡ്ജറ്റ് മാനേജ്മെൻറ് സംബന്ധിച്ച് ഉള്ള നിയമങ്ങൾ കർക്കശമായി പാലിച്ചുകൊണ്ട് ഇനി സംസ്ഥാനത്ത് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഈ നിയമത്തിന്റെ ഉള്ളടക്കം എന്നുള്ളത് സാമ്പത്തിക ഭദ്രതയെ ലക്ഷ്യമിട്ടുള്ളതാണ്.ഇത് ചിലവ് അനുസരിച്ച് വരവ് വർദ്ധിപ്പിക്കുക അല്ലെങ്കിൽ വരവിന് അനുസരിച്ച് ചിലവ് ക്രമീകരിക്കുക എന്നുള്ളതാണ്.
വരവും ചിലവും തമ്മിലുള്ള വ്യത്യാസം ആണ് കമ്മി എന്നറിയപ്പെടുന്നത്. സംസ്ഥാനങ്ങളുടെ കമ്മി ശതമാനം കുറച്ചു കൊണ്ടുവരിക എന്നുള്ളതാണ് ലക്ഷ്യം.
സർക്കാരിൻറെ ചിലവുകൾ ഏതായിരുന്നാലും അത് ഫലപ്രദമായിരിക്കണം. അതിന് ഫലപ്രാപ്തി ഉണ്ടാകണം എന്നുള്ളതാണ് മറ്റൊരു വശം.അതുപോലെ തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കി കൊണ്ട് സബ്സിഡികളും ആനുകൂല്യങ്ങളും പണമായി കൈമാറുന്ന രീതി, അക്കൗണ്ടിലേക്ക് നൽകുന്ന രീതി അവസാനിപ്പിക്കുവാൻ പുതിയ പരിഷ്കാരം നിർദ്ദേശിക്കുന്നുണ്ട്.അതുമാത്രമല്ല പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച് നിയന്ത്രണവും ഉണ്ടാകും. പഴയ രീതിയിലുള്ള പെൻഷൻ സമ്പ്രദായം ആകെ പരിഷ്കരിച്ചുകൊണ്ട് ഏകീകൃത പെൻഷൻ സമ്പ്രദായത്തിലേക്ക് എല്ലാ സംസ്ഥാനങ്ങളും മാറണം എന്നുള്ള നിർബന്ധമാണ് കൊണ്ടുവരാൻ പോകുന്നത്.
സാമ്പത്തിക പുരോഗതിയും തൊഴിൽ ലഭ്യതയും പരിഗണിച്ചു കൊണ്ടുള്ള മൂലധന നിക്ഷേപങ്ങൾക്കാണ് ഇനിമേൽ പ്രാധാന്യം വരുന്നത്. അല്ലാതെയുള്ള സർക്കാർ ചിലവുകൾ നിയന്ത്രിക്കപ്പെടുമെന്ന് ഉറപ്പായി.
കേരളം എന്തിലൊക്കെയായിരിക്കും ഞെരുങ്ങാൻ പോകുന്നത് ?
സബ്സിഡികളും അനാവശ്യ ചെലവുകൾ എല്ലാം സംസ്ഥാനം നിർത്തലാക്കേണ്ടി വരും എന്നു മാത്രമല്ല ധനകാര്യ ലക്ഷ്യങ്ങൾ കൃത്യമായി നേടുന്നതിന് അനുസരിച്ച് ഉള്ള ചിലവിനങ്ങളെ അനുവദിക്കപ്പെടുകയുള്ളൂ. ധനകാര്യ കമ്മി സാമ്പത്തിക പുരോഗതിയെ തടയുന്ന ഘടകം ആയതിനാൽ ഈ നിരക്കിൽ മാറ്റം വരുത്തേണ്ടി വരും. വരവും ചിലവും തമ്മിലുള്ള വ്യത്യാസത്തിന്റെ നിരക്ക് കേരളത്തിൽ 10.6 ആണ്. പഞ്ചാബ് ഇതിനേക്കാൾ വളരെ മുകളിലാണ്. 17.1ആണ്. ഇതിൽ മാറ്റം വരുത്തുന്ന വിധത്തിൽ മുഴുവൻ സാമ്പത്തിക പ്രവർത്തനങ്ങളെയും തിരിച്ച് എഴുതേണ്ടിവരും.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സൗജന്യങ്ങൾ പ്രഖ്യാപിക്കുകയും ഓരോരോ വിഭാഗങ്ങളിൽ പണമായി എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കടിഞ്ഞാൺ വരികയാണ്.
സാമ്പത്തിക സുസ്ഥിരതയില്ലാത്ത സംസ്ഥാനങ്ങൾക്ക് ഇത്തരം പദ്ധതിയിൽ പ്രഖ്യാപിക്കുവാൻ കഴിയണമെന്നില്ല ഇനി മേൽ. പെൻഷൻ സംബന്ധിച്ചും കർശനമായ മാറ്റങ്ങൾ സ്വീകരിച്ചേ മതിയാവുകയുള്ളൂ. പഴയ രീതിയിൽ പെൻഷൻ നൽകുന്ന നടപടികൾ ഒഴിവാകും.
സംസ്ഥാന ഭരണത്തെ നടത്തിക്കൊണ്ടുപോകുന്നതിന് തന്നെ വായ്പ എടുക്കേണ്ട ഗതികേടുകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങൾ ഇനിമേൽ ഞെരുങ്ങാൻ പോവുകയാണ്. ഈ അവസ്ഥാവിശേഷം സ്വകാര്യമേഖലകളിലെ മൂലധന നിക്ഷേപം അടക്കമുള്ള പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതായിട്ടാണ് വിലയിരുത്തൽ. മോശപ്പെട്ട സാമ്പത്തിക സ്ഥിതിയിലുള്ള സംസ്ഥാനങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം സംഭവിക്കുകയില്ലാത്തതിനാൽ സ്വകാര്യ മേഖലയിലുള്ളവർ മൂലധന നിക്ഷേപത്തിന് തയ്യാറാവുകയില്ല. അതുകൊണ്ടുതന്നെ പുറകോട്ട് പോയിക്കൊണ്ടിരിക്കുന്ന സാമ്പത്തികരംഗം കൂടുതൽ പുറകോട്ട് പോകുന്നതിലേക്ക് കലാശിക്കും എന്നതിനാൽ അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകുകയും കൂടുതൽ സ്വകാര്യ മൂലധന നിക്ഷേപം ആകർഷിക്കുന്ന വിധത്തിലേക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക അന്തരീക്ഷം മാറ്റുകയും ആയിരിക്കും ഇനിമേൽ സംസ്ഥാനങ്ങളുടെ മുമ്പിലുള്ള ദൗത്യം. ആ നിലയിൽ പ്രവർത്തിക്കുവാൻ കേരള സംസ്ഥാന സർക്കാർ തയ്യാറാകേണ്ടിവരും.
പ്രയോജനമില്ലാത്ത വിധത്തിൽ ജനപ്രീതി മാത്രം ലക്ഷ്യം ഇട്ടുള്ള ചെലവുകൾ എല്ലാം തന്നെ നിയന്ത്രിക്കുവാൻ ധനകാര്യ കമ്മീഷൻ, ഇലക്ഷൻ കമ്മീഷൻ തുടങ്ങിയ ഏജൻസികളിലൂടെ നിയന്ത്രണം ഉണ്ടാകും. സമീപകാല ഇലക്ഷനുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഒക്കെ ഇലക്ഷൻ കമ്മീഷനും ധനകാര്യ കമ്മീഷനും ഇത്തരത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ട്. വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കേരളത്തിലും ഇതുണ്ടാകും. പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ അത് മുന്നിൽ കണ്ടുള്ള ധനകാര്യ പ്രഖ്യാപനങ്ങൾക്ക് നിയന്ത്രണം ഉണ്ടായേക്കാം.

