ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനില്‍ അജ്ഞാതർ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ച് കൊലപ്പെടുത്തി. ഇസ്‌ലാം പണ്ഡിതർകൂടിയായ മുഹമ്മദ് മൊഗിഷെ, അലി റസീനി എന്നിവരാണ് ടെഹ്റാനിലെ പാലസ് ഓഫ് ജസ്റ്റീസില്‍ വച്ചുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഇവരുടെ അംഗരക്ഷകനും പരിക്കേറ്റിട്ടുണ്ട്. ജനുവരി 18 ന് രാവിലെയായിരുന്നു സംഭവം. കൈത്തോക്കുമായി എത്തിയ പ്രതി കൃത്യം നടത്തിയശേഷം സ്വയം വെടിവച്ചു മരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ജസ്റ്റീസ് മൊഗിഷേയ്ക്ക് അമേരിക്ക ഉപരോധമേർപ്പെടുത്തിയിരുന്നു
പതിറ്റാണ്ടുകളായി പ്രതിഷേധക്കാരെയും കലാകാരന്മാരെയും ആക്‌ടിവിസ്റ്റുകളെയും വിചാരണ ചെയ്യുന്ന കോടതികളുടെ മുതിർന്ന ജഡ്ജിമാരായിരുന്നു മുഹമ്മദ് മൊഗിഷെയും ജഡ്ജി അലി റസീനിയും. നീതിരഹിതമായ നിരവധി വിചാരണകള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് 2019ല്‍ ജസ്റ്റീസ് മൊഗിഷേയ്ക്ക് അമേരിക്ക ഉപരോധമേർപ്പെടുത്തിയിരുന്നു. എട്ടു വർഷം മുന്പ് യൂറോപ്യൻ യൂണിയനും അദ്ദേഹത്തിനെതിരേ ഉപരോധമേർപ്പെടുത്തി.
കുപ്രസിദ്ധമായ കമ്മിറ്റിയായ ‘മരണ കമ്മീഷനില്‍’ ഉള്‍പ്പെട്ട ജഡ്ജിമാരില്‍ ഒരാളായിരുന്നു റസീനി
ഭരണവിരുദ്ധ പ്രചാരണത്തിനും മതത്തെ അപമാനിച്ചതിനും എട്ട് ഇറേനിയൻ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ജസ്റ്റീസ് മൊഗിഷേ 127 വർഷത്തെ തടവുശിക്ഷ വിധിച്ചു. ജസ്റ്റീസ് റസീനിക്കുനേരെ 1999ല്‍ വധശ്രമമുണ്ടായി. 1988ല്‍ ആയിരക്കണക്കിന് രാഷ്‌ട്രീയ തടവുകാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും വധിക്കുന്നതിനും മേല്‍നോട്ടം വഹിച്ച കുപ്രസിദ്ധമായ കമ്മിറ്റിയായ ‘മരണ കമ്മീഷനില്‍’ ഉള്‍പ്പെട്ട ജഡ്ജിമാരില്‍ ഒരാളായിരുന്നു റസീനി