അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നവീകരിച്ച റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ (ഓട്ടിസം സെന്റർ) ഡിസംബർ 13 മുതല്‍ പ്രവർത്തനം ആരംഭിക്കും.എച്ച് .സലാം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 37 ലക്ഷം രൂപ ചെലവില്‍ അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ച് നവീകരിച്ച സെന്ററിന്റെ ഉദ്ഘാടനം 13 ന് രാവിലെ 10 ന് മന്ത്രി ആർ.ബിന്ദു നിർവ്വഹിക്കും.
ജനന,വികാസ വൈകല്യങ്ങള്‍ക്ക് മതിയായ പരിചരണവും ലഭ്യമാക്കുന്നതാണ് ഏർളി ഇന്റർവെൻഷൻ സെന്റർ
ജനന,വികാസ വൈകല്യങ്ങള്‍, കാഴ്ച, ശ്രവണ വൈകല്യങ്ങള്‍, ഓട്ടിസം, ബുദ്ധിമാന്ദ്യം, പഠന സംസാര ഭാഷാ വൈകല്യങ്ങള്‍ തുടങ്ങി നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് ശാസ്ത്രീയ ചികിത്സയും മതിയായ പരിചരണവും ലഭ്യമാക്കുന്നതാണ് റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ (ആർ. ഇ .ഐ. സി)..സാമൂഹ്യനീതി വകുപ്പിനു കീഴിലെ സാമൂഹ്യസുരക്ഷാ മിഷന്റെ അനുയാത്ര പദ്ധതിയില്‍ സംസ്ഥാന സർക്കാർ രൂപംകൊടുത്തതാണ് ഏർളി ഇന്റർവെൻഷൻ സെന്റർ.
സൈക്കോളജിസ്റ്റ്,മെഡിക്കല്‍ ഓഫീസർ,സോഷ്യല്‍ വർക്കർ, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റർ, ഫിസിയോ തെറാപ്പി, ഡെവലപ്‌മെന്റല്‍ തെറാപ്പി തുടങ്ങി വിവിധസജ്ജീകരണങ്ങളാണ് സെന്ററില്‍ ഒരുക്കിയിട്ടുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂപ്പർ സ്‌പെഷ്യാലിറ്റി ആരംഭിച്ചഘട്ടത്തില്‍ ഒഴിവുവന്ന അത്യാഹിത വിഭാഗത്തിന് സമീപത്തെ വാർഡിലാണ് നവീകരിച്ച റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ ആരംഭിക്കുന്നത്.