ബംഗളൂരു: കർണാടകയില്‍ കർഷകർക്ക് വഖ്ഫ് ബോർഡ് നോട്ടീസ് നല്‍കിയതിനെതുടർന്ന് ബിജെപി പ്രതിഷേധം ശക്തമാക്കി . കർഷകർക്ക് നീതി ലഭിക്കുന്നത് വരെ തങ്ങളുടെ പോരാട്ടം തുടരുമെന്നും നിരപരാധികളായ കർഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ബിജെപി നേതാവും സ്ഥലം എംഎല്‍എയുമായ സി എൻ അശ്വിത് നാരായണ്‍ പറഞ്ഞു.1974-ല്‍ പുറത്തിറങ്ങിയ വഖ്ഫ് ഗസറ്റ് പിൻവലിക്കണം. എല്ലാ ഭൂരേഖകളും കർഷകരുടെ പേരില്‍ പുതുക്കി നല്‍കണമെന്നും അശ്വിത് നാരായണ്‍ പറഞ്ഞു. കർഷകർക്ക് വഖ്ഫ് ബോർഡ് നോട്ടീസ് നല്‍കിയതിന് പിന്നാലെ കലബുരഗി, ബിദർ, രാംനഗർ തുടങ്ങിയ വിവിധയിടങ്ങളില്‍ പ്രതിഷേധം കനത്തു.
വഖ്ഫ് ബോർഡിന്റെ നീക്കത്തില്‍ ആശങ്ക
കർഷകർക്ക് നോട്ടീസ് നല്‍കിയുള്ള വഖ്ഫ് ബോർഡിന്റെ നീക്കത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് കർണാടക ബിജെപി അദ്ധ്യക്ഷൻ ബി വൈ വിജയേന്ദ്ര പ്രതികരിച്ചു. വഖ്ഫ് ബോർഡിന്റെ ഈ നടപടിക്ക് പിന്നില്‍ കോണ്‍ഗ്രസാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും വഖ്ഫ് ബോർഡിന്റെ നീക്കങ്ങള്‍ ഗൗരവമായാണ് കാണുന്നത്. പാവപ്പെട്ട ആയിരക്കണക്കിന് കർഷകർക്ക് വഖ്ഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ചെന്നും ഇത് ഗൗരവതരമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാക്കള്‍ കഴിഞ്ഞ 23 മുതല്‍ പ്രതിഷേധിക്കുകയാണ്
വഖ്ഫ് ബോർഡിന്റെ നടപടിക്കെതിരെ കഴിഞ്ഞ 23 മുതല്‍ ബിജെപി നേതാക്കള്‍ പ്രതിഷേധിക്കുകയാണ്. വഖ്ഫ് നിയമത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു കർഷകന് നോട്ടീസ് നല്‍കുകയോ സ്ഥലത്ത് നിന്ന് ഒഴിയാൻ നിർബന്ധിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്
