അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായി പിവി അൻവർ എംഎൽഎ ഉയർത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണെന്നും അൻവറിൻ്റെ ചെയ്തികൾ തെറ്റാണെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതമാണ്. ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി അൻവർ പ്രവർത്തിക്കുകയാണ്. അൻവർ നിലപാട് തിരുത്തണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.

ജനങ്ങൾ നൽകിയ സൂര്യശോഭയാണ് മുഖ്യമന്ത്രിയുടേത്

.”മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുന്നുവെന്നും ജനങ്ങൾ നൽകിയ സൂര്യശോഭയാണിതെന്നും അൻവറിന്റെ ഈ വർത്തമാനം കൊണ്ട് അത് കെടുത്താനാവില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടാണ്. മുഖ്യമന്ത്രി സിപിഎമ്മിൻ്റെ പോളിറ്റ് ബ്യൂറോ അംഗമാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.

അൻവർ സ്വതന്ത്ര എംഎൽഎയാണ്..

അതേസമയം . സിപിഎം അംഗമാണെങ്കിൽ അൻവറിനെ സസ്പെൻഡ് ചെയ്യാം. അൻവർ സ്വതന്ത്ര എംഎൽഎയാണ്. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം