മലപ്പുറം: പുഴുക്കുത്തുകള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് പി.വി. അന്‍വര്‍ എംഎല്‍.എ. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിധരിപ്പിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അത് മനസിലാക്കേണ്ടതാണ്. മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്നും പി.വി. അന്‍വര്‍എംഎല്‍.എ പറഞ്ഞു.
കേരളത്തിലെ പൊലീസിന്റെ മനോവീര്യം ഉയരുകയാണ്..
“പൊലീസിന്റെ മനോവീര്യം തകര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് 100 ശതമാനവും തെറ്റാണ്” രാജ്യത്തിന് ആകെ മാതൃകയാണ് കേരളത്തിലെ പൊലീസ്. അവരുടെ മനോവീര്യം വലിയ രീതിയില്‍ ഉയരുകയാണ് – അന്‍വര്‍ പറഞ്ഞു. കേരളത്തിലെ പൊലീസ് ഉദ്യോഗസ്‌ഥരില്‍ ഒട്ടനവധി സത്യസന്ധരുണ്ട്. നല്ല രീതിയില്‍ ഐക്യമുള്ള ഉദ്യോഗസ്‌ഥരുണ്ട്. “സുജിത്ത് ദാസിന്റെ ഫോണ്‍ ചോര്‍ത്തിയത് ചെറ്റത്തരമാണെന്ന് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ അതു പുറത്തുവിടാതെ രക്ഷയില്ലായിരുന്നു. മുഴുവന്‍ ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിട്ടില്ല. അതുകൂടി പുറത്തുവിട്ടാല്‍ ഈ പൊലീസ് ഉദ്യോഗസ്‌ഥരുടെ കാര്യം വഷളാകും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പുനപരിശോധിക്കണം. തെറ്റിധാരണ മാറുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വരും- അന്‍വര്‍ പറഞ്ഞു.
കൊണ്ടോട്ടിയിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അങ്ങാടിയില്‍ കടല വറക്കുന്നവര്‍ക്കും അറിയാം. കസ്‌റ്റംസിന് മാത്രം അറിയില്ല.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ മഹത്വവല്‍ക്കരിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതും അദ്ദേഹത്തിന്റെ തെറ്റിധാരണയാണ്. രാജ്യം അനുശാസിക്കുന്ന നിയമം അനുസരിച്ച് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിനു വിവരം ലഭിച്ചാല്‍ ഉടനടി കസ്‌റ്റംസിനെ അറിയിക്കണം. സ്വര്‍ണക്കടത്ത് പിടിക്കേണ്ടത് കസ്‌റ്റംസാണ്. എന്നാല്‍ കസ്‌റ്റംസിനെ ഒരു കേസും അറിയിച്ചിട്ടില്ല. സിഎം ആ കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാല്‍ മതി. ഇത് പച്ചയായി കൊണ്ടോട്ടി അങ്ങാടിയിലെ ടാക്‌സിക്കാര്‍ക്കും ഓട്ടോറിക്ഷക്കാര്‍ക്കും കടല വറക്കുന്നവര്‍ക്കും അറിയാം. ഞാന്‍ തെളിവ് കൊടുക്കാന്‍ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെ എഡിജിപിയെ മാറ്റാത്തതു കൊണ്ട് ആരും മുന്നോട്ടുവരുന്നില്ല. അന്‍വര്‍ വിശദീകരിച്ചു. .തെളിവുണ്ടായിട്ടും എല്ലാം തിരയുകയാണ്. തിരയട്ടെ, നമുക്ക് നോക്കാം.
വീട്ടിലെ കാര്യങ്ങളുമായല്ല ശശിയുടെ അടുത്തു പോകുന്നത്
കള്ളക്കടത്തിന്റെ പങ്ക് ശശി പറ്റുന്നുണ്ടോയെന്ന് അന്വേഷിക്കണം. ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ വിശ്വാസമാണ്. തനിക്ക് ആ വിശ്വാസം തീരെയില്ല .”വീട്ടിലെ കാര്യങ്ങളുമായല്ല ശശിയുടെ അടുത്തു പോകുന്നത” .ശശിയോട് പറഞ്ഞിട്ടുള്ള കാര്യമെല്ലാം ഈ നാടുമായും പൊലീസുമായും ബന്ധപ്പെട്ട കാര്യങ്ങളാണ്. അന്‍വര്‍ പറഞ്ഞു. നായനാര്‍ മന്ത്രിസഭയിലെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്‌ഥാനത്തു നിന്നും അദ്ദേഹം പുറത്തായത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം. ആ മാനസികാവസ്‌ഥയില്‍ നിന്നും അദ്ദേഹം മാറിയിട്ടില്ല.
താന്‍ പഴയ കോണ്‍ഗ്രസുകാരനാണ്. ഇഎംഎസും പഴയ കോണ്‍ഗ്രസാണ്.
.പരാതി നല്‍കിയ രീതി ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് 100 ശതമാനം ശരിയാണ്. എന്നാല്‍ താന്‍ ഈ കാര്യങ്ങളൊക്കെ നിരവധി തവണ എകെജി സെന്ററില്‍ അറിയിച്ചിരുന്നു. കോടിയേരി സഖാവ് ഉള്ള കാലം മുതല്‍ പരാതി കൊടുക്കാറുണ്ട്. നാലോ അഞ്ചോ തവണ പാര്‍ട്ടി സെക്രട്ടറിക്കും പൊളിറ്റിക്കല്‍ സെക്രട്ടറിക്കും പരാതി കൊടുത്തിട്ടുണ്ട്. താന്‍ പഴയ കോണ്‍ഗ്രസുകാരനാണ്. ഇഎംഎസും പഴയ കോണ്‍ഗ്രസാണ്. അദ്ദേഹം കെപിസിസി സെക്രട്ടറിയായിരുന്നു.
ഞാന്‍ മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല.
മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് അജിത് കുമാര്‍ ആദ്യം പറഞ്ഞ പ്രതികരണമാണ്. ആ പ്രതികരണമാണ് മുഖ്യമന്ത്രിയെക്കൊണ്ട് തെറ്റിധരിപ്പിച്ച് പറഞ്ഞത്. ഇവരെന്നെ ചവിട്ടി പുറത്താക്കിയാലും ഞാന്‍ മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. ഇവരെന്നെ വേണ്ടാന്ന് പറയുമ്പോള്‍ ഞാന്‍ എന്റെ മാര്‍ഗം നോക്കും. പൂരം കലക്കലും കണ്ണൂരിലെ രക്തസാക്ഷികളുടെ അമ്മമാരുടെ കണ്ണുനീരുമെല്ലാം എന്റെ ഫോണിലുണ്ട്. അതെല്ലാം ശശിയ്‌ക്കെതിരാണ്.
പലരും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ്
. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവര്‍ മുഖ്യമന്ത്രിയെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്താണ് വിവരങ്ങള്‍ അദ്ദേഹത്തെ അറിയിക്കാത്തത്. മുഖ്യമന്ത്രിയെ ഇവര്‍ പൊട്ടക്കിണറ്റില്‍ ചാടിക്കുകയല്ലേ.? മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റില്‍ ചാടിക്കാന്‍ നോക്കുന്നവരാണ് അദ്ദേഹത്തിന്റെ ആളുകളെന്ന് പറയുന്നവര്‍. പാര്‍ട്ടി അന്വേഷണം നടത്തട്ടെ. ഞാന്‍ പറഞ്ഞത് മുഴുവന്‍ കളവാണെന്ന് പാര്‍ട്ടി പറയുമ്പോള്‍ ആലോചിക്കാം. കാത്തിരുന്നു കാണാം. ബൈബിളില്‍ ഒരു വാക്യമുണ്ട്, ക്ഷമിക്കുന്നവര്‍ക്കാണു വിജയമെന്ന്. ഞാന്‍ ക്ഷമിക്കാന്‍ തയാറാണ്. .