ന്യൂഡല്‍ഹി: ‘ ഒരു ജനാധിപത്യ രാജ്യത്ത് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് പ്രായോഗികമല്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ . “ഇതിനോട് യോജിക്കാനാവില്ല. ജനാധിപത്യ രാജ്യത്ത് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പ്രായോഗികമല്ല. ജനാധിപത്യം നിലനില്‍ക്കണ മെങ്കില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടത് അനിവാര്യമാണ്” മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു .ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിര്‍ദേശത്തിന് സെപ്‌തംബര്‍ 18 ന് നടന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് എതിര്‍പ്പുമായി പ്രതിപക്ഷം എത്തിയത്.
നിലവിലെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് കെ.സി.വേണുഗോപാല്‍
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിര്‍ദേശം പ്രായോഗികമല്ലെന്നു കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാലും പറഞ്ഞു. .ഇത് പ്രായോഗികമല്ല. നിലവിലെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അവരുടെ ശ്രമം: കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ജനാധിപത്യത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കും
ജനാധിപത്യത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്ന പ്രധാന ചുവടുവയ്‌പ്പാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.’ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ റിപ്പോര്‍ട്ടിന് പച്ചക്കൊടി കാണിച്ച മന്ത്രിസഭാ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോര്‍ട്ടാണ് റാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
പ്രതിപക്ഷത്തിന് ആന്തരിക സമ്മര്‍ദ്ദമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്
കൂടിയാലോചനാ പ്രക്രിയയില്‍ പങ്കെടുത്തവരില്‍ 80 ശതമാനത്തിലധികം പേരും ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിര്‍ദേശത്തിന് നല്ല പ്രതികരണം നല്‍കിയതോടെ പ്രതിപക്ഷത്തിന് ആന്തരിക സമ്മര്‍ദ്ദം അനുഭവപ്പെട്ടു തുടങ്ങിക്കാണും എന്നായിരുന്നു ഖര്‍ഗെയ്‌ക്കു മറുപടിയായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞത്. യുവാക്കള്‍ പുതിയ നിര്‍ദേശത്തെ നന്നായി അനുകൂലിക്കുന്നുണ്ടെന്നും അശ്വിനി വൈഷ്‌ണവ് വിശദീകരിച്ചു.