100 മിനിറ്റിനുള്ളില്‍ നടപടി, പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ സി വിജില്‍ ആപ്പ് വഴി പരാതി നല്‍കാം; ചെയ്യേണ്ടത് ഇത്രമാത്രം

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെ പരാതികളും ക്രമക്കേടുകളും ജനങ്ങള്‍ക്ക് സി- വിജില്‍ ആപ്പ് വഴി അറിയിക്കാം. പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ സി വിജില്‍ (cVIGIL) എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭിക്കും. പരാതി കിട്ടി 100 മിനിറ്റിനുള്ളില്‍ നടപടിയെടുത്ത് മറുപടി നല്‍കുന്ന രീതിയിലാണ് ക്രമീകരണം.

പെരുമാറ്റച്ചട്ടലംഘനമോ ചെലവുസംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിക്കാരന് ആപ്പ് വഴി ചിത്രം അല്ലെങ്കില്‍ വീഡിയോയെടുത്ത് അപ്ലോഡ് ചെയ്ത് പരാതി രജിസ്റ്റര്‍ ചെയ്യാം. ജില്ലാ കണ്‍ട്രോള്‍ റൂമിലാണ് പരാതി ലഭിക്കുക. ആപ്പ് ഉപയോഗിച്ച് എടുക്കുന്ന തത്സമയചിത്രങ്ങള്‍ മാത്രമേ അയക്കാനാകൂ. അപ്ലോഡ് ചെയ്യാനുള്ള സമയം അഞ്ചു മിനിറ്റ് മാത്രമാണ്. ഏത് സ്ഥലത്തുനിന്നാണ് ഫോട്ടോയും വീഡിയോയും എടുക്കുന്നതെന്ന് ആപ്പ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനാല്‍ ഈ ഡിജിറ്റല്‍ തെളിവ് ഉപയോഗിച്ച് സ്‌ക്വാഡിന് സമയബന്ധിതമായി നടപടി എടുക്കാം.

Share
അഭിപ്രായം എഴുതാം