ചാർ ഥാം റൂട്ടിലെ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് ഉള്ളിൽ അകപ്പെട്ട 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം വ്യാഴാഴ്ചയോടെ അഞ്ചാം ദിവസത്തിലേക്ക് കടന്നു. പൈപ്പുകൾ വഴി ഓക്സിജൻ, വൈദ്യുതി, മരുന്നുകൾ ആഹാരം, വെള്ളം തുടങ്ങി സുരക്ഷിതമായി തുടരാൻ ആവശ്യമായതെല്ലാം ഇവർക്ക് എത്തിച്ചു നൽകുന്നുണ്ട്. നവംബർ 12 നാണ് ഇവർ തുരങ്കത്തിനുള്ളിൽ അകപ്പെട്ടത്. “നവംബർ 12 മുതൽ തന്നെ എത്രയും വേഗം 40 പേരെയും പുറത്തെത്തിക്കാനുള്ള നടപടികൾ നടത്തി വരുന്നുണ്ട്, രക്ഷാ പ്രവർത്തനത്തിന് രണ്ട് മൂന്ന് ദിവസങ്ങൾ കൂടി വേണ്ടി വന്നേക്കാം” കേന്ദ്ര മന്ത്രി വി.കെ സിംഗ് പറഞ്ഞു.
“വളരെ വേഗം രക്ഷാപ്രവർത്തനം പൂർത്തിയാക്കി എല്ലാവരെയും പുറത്തെത്തിക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷെ അവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെ ഉണ്ടാകാൻ സാധ്യതയുള്ള പ്രതിബന്ധങ്ങളെക്കൂടി മുന്നിൽ കണ്ട് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ. തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളോട് ഞാൻ സംസാരിച്ചു. അവർ ധൈര്യത്തോടെയാണ് ഇരിക്കുന്നത്. അവർ സുരക്ഷിതരായി തന്നെ തുടരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനം നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗതാഗത മന്ത്രി വി.കെ സിംഗ്. സ്ഥലത്തിന്റെ ഭൂമിശാസ്ത്ര വിവരങ്ങൾ അനുസരിച്ച് നാല് നാലര വർഷത്തോളം ഇവിടം സ്ഥിരതയുള്ള പ്രദേശം തന്നെ ആയിരുന്നു. പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒരു അപകടം സംഭവിച്ചു. ഇവിടുത്തെ മലനിരകൾ കാലപ്പഴക്കം കുറഞ്ഞതും ദുർബലവുമാണെന്നും അദ്ദേഹം പറഞ്ഞു.



