ഗ്യാന്‍വ്യാപി തര്‍ക്കം കോടതിക്ക് പുറത്ത് തീര്‍ക്കണമെന്ന് ഹിന്ദു സംഘടന

വാരണാസി: ഗ്യാന്‍വ്യാപി തര്‍ക്കം കോടതിക്കു പുറത്തു തീര്‍ക്കണമെന്ന് ഹിന്ദു സംഘടനയുടെ ആഹ്വാനം. വിശ്വവേദിക് സനാതന്‍ സംഘ് എന്ന സംഘടന ഇക്കാര്യം ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റിക്ക് കത്തയച്ചു. ഗ്യാന്‍വ്യാപി പള്ളിയില്‍ വാരണാസി ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടക്കുന്ന ഘട്ടത്തിലാണ് കത്ത്.
ഗ്യാന്‍വ്യാപിയില്‍ ചര്‍ച്ച നടത്താന്‍ ഹിന്ദുക്കളേയും മുസ്‌ലിംകളേയും ക്ഷണിച്ചുകൊണ്ടാണ് സംഘടനയുടെ തലവന്‍ ജിതേന്ദ്ര സിങ് ബിസേനിന്റെ കത്ത്. കേസിലെ ഹര്‍ജിക്കാരിലൊരാളായ രാഖി സിങ്ങിന് വേണ്ടിയാണ് താന്‍ കത്തയക്കുന്നതെന്നും ജിതേന്ദ്ര സിങ് പറയുന്നു. ചര്‍ച്ചകളിലൂടെ തര്‍ക്കം പരിഹരിക്കുന്നതാണ് ഏറ്റവും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
തര്‍ക്കം ഹിന്ദു-മുസ്‌ലിം പ്രശ്‌നമായി വ്യാപിച്ചിട്ടുണ്ട്. ഇത് തുടര്‍ന്നുപോകുന്നത് രാജ്യത്തിനും സമൂഹത്തിനും ഗുണകരമാവില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്ത് ലഭിച്ച കാര്യം മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുഹമ്മദ് യാസിന്‍ സ്ഥിരീകരിച്ചു. പള്ളിക്കമ്മിറ്റി ഇക്കാര്യത്തില്‍ മറുപടി നല്‍കിയെന്നാണ് വിവരം.
അതേസമയം, കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് നടക്കില്ലെന്ന് കേസിലെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. സനാതനധര്‍മ്മം പിന്തുടരുന്നവര്‍ ഒരിക്കലും അവരുടെ അവകാശവാദം പിന്‍വലിക്കില്ല. മുസ്‌ലിം വിഭാഗം നിരുപാധികം മാപ്പ് പറഞ്ഞ് പള്ളിക്കുമേലുള്ള അവകാശവാദം പിന്‍വലിക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം