റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നൈജര്‍: എംബസി ഒഴിപ്പിക്കാന്‍ യു.എസ്

August 3, 2023 - 2:30 pm

നൈജര്‍: പട്ടാള അട്ടിമറി നടന്ന നൈജറില്‍നിന്ന് വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതു തുടരുകയാണ്. നൈജറിലെ എംബസി ഭാഗികമായി ഒഴിപ്പിക്കാന്‍ യു.എസ്. തീരുമാനിച്ചു. ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ഉടന്‍ രാജ്യത്ത്‌നിന്ന് ഒഴിപ്പിക്കും. എന്നാല്‍ മുഴുവന്‍ ഉദ്യോഗസ്ഥരെയും എംബസിയില്‍നിന്ന് മാറ്റില്ല. ചൊവ്വാഴ്ച ഫ്രഞ്ച് സൈന്യം രണ്ട് വിമാനങ്ങളില്‍ നൂറുകണക്കിന് വിദേശികളെ രക്ഷപ്പെടുത്തി. ഇവരില്‍ ഭൂരിഭാഗവും ഫ്രഞ്ച് പൗരന്മാരാണ്. കഴിഞ്ഞയാഴ്ചയാണ് പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ തടവിലാക്കി സൈന്യം ഭരണം പിടിച്ചെടുത്തത്. തങ്ങളുടെ പൗരന്മാരെയും മറ്റ് യൂറോപ്യന്‍ പൗരന്മാരെയും രക്ഷപ്പെടുത്തുമെന്ന് ഫ്രാന്‍സും ഇറ്റലിയും സ്‌പെയിനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അമേരിക്ക ഇതുവരെ രക്ഷാദൗത്യം പ്രഖ്യാപിച്ചിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായത്തോടെ ഏതാനും അമേരിക്കക്കാര്‍ ഇതിനകം രാജ്യം വിട്ടിട്ടുണ്ട്.

99 യാത്രക്കാരുമായി ഇറ്റാലിയന്‍ സൈനിക വിമാനം ബുധനാഴ്ച റോമില്‍ ഇറങ്ങി. ഇതില്‍ 21 പേര്‍ അമേരിക്കക്കാരാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ പാരിസിലെത്തിയ ആദ്യ ഫ്രഞ്ച് വിമാനത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പെടെ 262 പേരാണുണ്ടായിരുന്നത്. പോര്‍ചുഗല്‍, ബെല്‍ജിയം, ഇത്യോപ്യ, ലബനാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരും വിമാനത്തിലുണ്ടായിരുന്നു. സംഘര്‍ഷഭരിതമായ രാജ്യത്തുനിന്ന് രക്ഷപ്പെടുന്നതിനായി ബുധനാഴ്ച പുലര്‍ച്ചതന്നെ നിരവധി പേര്‍ നിയമി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

പുറത്താക്കപ്പെട്ട പ്രസിഡന്റിന് അധികാരം കൈമാറുന്നില്ലെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ എക്കോവാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍, ഈ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ ആക്രമിക്കപ്പെട്ടേക്കാമെന്നുള്ള ആശങ്കയുമുണ്ട്. എക്കോവാസിന്റെ മുന്നറിയിപ്പ് മാലി, ബുര്‍കിനഫാസോ, ഗിനി എന്നിവ തള്ളിക്കളഞ്ഞിരുന്നു. ഈ രാജ്യങ്ങളിലും പട്ടാളമാണ് ഭരണം നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *