തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രസംഗത്തിനെതിരെയുള്ള എൻഎസ്എസ് നിലപാടിൽ അടുത്തഘട്ടം കാത്തിരിക്കാൻ പ്രധാന മുന്നണികൾ. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമായി ഇത് പരിണമിക്കുമോ എന്ന് പ്രധാന കക്ഷികൾ ഉറ്റുനോക്കുന്നുമുണ്ട്.
എന്നാൽ, സംസ്ഥാനത്തൊട്ടാകെ എൻഎസ്എസ് പ്രക്ഷോഭത്തിൽ ഇന്നലെ ബിജെപി അണിചേർന്നു. എൻഎസ്എസ് പ്രാദേശിക നേതാക്കളായ കോൺഗ്രസ് നേതാക്കളും നാമജപ ഘോഷയാത്ര ഉൾപ്പെടെയുള്ളവയിൽ സജീവമായി പങ്കെടുത്തു.
സ്പീക്കർ മാപ്പു പറയണമെന്ന എൻഎസ്എസ് ആവശ്യത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഷംസീറും വാർത്താസമ്മേളനത്തിൽ നിരാകരിച്ചു. നിലപാടുകളിൽ ഉറച്ചുനിന്ന് വാർത്താസമ്മേളനം നടത്തിയ ഗോവിന്ദനും ഷംസീറും എൻഎസ്എസിന് പ്രക്ഷോഭം നടത്താൻ സ്വാതന്ത്യമുണ്ടെന്നു പറഞ്ഞ് അവരെ പ്രകോപിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് സർക്കാർ പ്രതികരിക്കണമെന്നാണ് എൻഎസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാരും ഇപ്പോഴത്തെ അവസ്ഥയിൽ അനുകൂല നിലപാട് സ്വീകരിക്കാനിടയില്ല. യുഡിഎഫ് സർക്കാരിൽ “താക്കോൽ’ സ്ഥാനങ്ങൾ നേടിയ എൻഎസ്എസിന് ഇപ്പോഴത്തെ സർക്കാരിൽ അത് കിട്ടാത്തതിലെ കെറുവിന്റെ പ്രതിഫലനമാണിപ്പോഴത്തേതെന്ന് സിപിഎം കരുതുന്നു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ രൂക്ഷ പ്രതികരണത്തിനു ശേഷമാണ് ഷംസീർ മാപ്പു പറയണമെന്ന നിലപാട് പരസ്യമായി പറയാൻ കോൺഗ്രസ് തയാറായത്. എൻഎസ്എസ് ഈ വിഷയത്തിൽ ബിജെപിയുമായി അടുക്കുന്നതിലെ ആപത്തും കോൺഗ്രസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശബരിമല വിവാദം അനുകൂലമായതിന്റെ പശ്ചാത്തലത്തിൽ, അടുത്ത തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ എൻഎസ്എസിന്റെ പ്രക്ഷോഭത്തിനൊപ്പം നിൽക്കുന്നത് ഗുണകരമാവുമെന്നു തന്നെയാണ് കോൺഗ്രസ് വിലയിരുത്തൽ.
എന്നാൽ, കോൺഗ്രസ് എംപി ശശി തരൂർ ഇതിനെക്കാൾ രൂക്ഷമായി ഇതേ കാര്യം പറഞ്ഞിട്ടും വിവാദമാവാത്തത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് സിപിഎം. സംഘ പരിവാർ അജൻഡയിലേയ്ക്ക് എൻഎസ്എസ് കടക്കുകയാണ് എന്നതിനുതെളിവാണ് ഷംസീറിനെ പേരെടുത്ത് പറഞ്ഞ് ആക്രമിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സിപിഎം വാദം. ഷംസീറിനെതിരെ ഒറ്റപ്പെട്ട ആക്രമണം ഉണ്ടായാൽ പാർട്ടി പ്രതിരോധിക്കുമെന്ന് എം.വി. ഗോവിന്ദൻ പറയുമ്പോൾ എൻഎസ്എസിന്റെ എതിർവശത്ത് ഒരു ഏകീകരണം പാർട്ടി കാണുന്നു. മിത്തും സയൻസും രണ്ടാണെന്ന് അദ്ദേഹം ആവർത്തിക്കുമ്പോൾ സുകുമാരൻ നായർ സയൻസിനെക്കാൾ പ്രാധാന്യം വിശ്വാസത്തിനാണെന്ന് പറഞ്ഞതിൽ ചെറുപ്പക്കാരുടെ പിന്തുണയും സിപിഎം പ്രതീക്ഷിക്കുന്നു.
അതേസമയം, ഒരിക്കലും പിന്തുണയ്ക്കാത്ത എൻഎസ്എസ് ഈ വിഷയത്തിൽ തങ്ങളെക്കാൾ തീവ്ര നിലപാടുമായി തെരുവിലേക്കിറങ്ങിയതിന്റെ ആഹ്ലാദത്തിലാണ് ബിജെപി. ശബരിമല വിഷയത്തിൽ ജയിലിൽ പോകാൻ വരെ ബിജെപി സംസ്ഥാന പ്രസിഡന്റ് തയാറായിട്ടും അന്നത്തെ എൻഎസ്എസ് പ്രക്ഷോഭത്തിന്റെ നേട്ടം കോൺഗ്രസ് കൊണ്ടുപോയത് ആവർത്തിക്കാൻ പാടില്ലെന്ന ജാഗ്രത പുലർത്തണമെന്ന അഭിപ്രായവും ബിജെപിയിൽ ഉയർന്നിട്ടുണ്ട്.




