തിരൂർ : സ്‌കൂട്ടറിൽ
കുഴൽപ്പണവുമായി സഞ്ചരിക്കവേ കുഴൽപ്പണ വിതരണക്കാരനെ മർദിച്ച് 5,30,000 രൂപ കവർന്ന കേസിൽ പ്രതികളായ തിരുവനന്തപുരം സ്വദേശികളെ തെളിവെടുപ്പിനും കൂടുതൽ ചോദ്യംചെയ്യലിനുമായി തിരൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി. നെടുമങ്ങാട് സ്വദേശി പാറയിൽ വിളക്കത്ത് സമ്പത്ത് (29), വെമ്പായം വെട്ടുപാറ കുന്നുംപുറത്ത് തടത്തരികത്ത് അഭിജിത്ത് (26), ചീരാണിക്കര കിഴക്കുംകര അഖിൽ ഭവനത്തിൽ അഖിൽ (23) എന്നിവരെയുംകൊണ്ട് പോലീസ് തെളിവെടുപ്പുനടത്തി.
വാവൂർകുന്ന്, തിരുനാവായ, ബീരാഞ്ചിറ എന്നിവിടങ്ങളിൽ എസ്.ഐ. ബി. പ്രദീപ്‌കുമാറിന്റെ നേതൃത്വത്തിൽ കൊണ്ടുപോയാണ് തെളിവെടുത്തത്. ഈ കേസിൽ കൂട്ടുപ്രതിയായ അർഷാദിനെ തിരൂർ പോലീസ് ഉടൻ അറസ്റ്റുചെയ്യും. ഇയാൾ പാലക്കാട് മൊബൈൽ മോഷണക്കേസിലെ പ്രതികൂടിയാണ്.
ഈ മാസം ആറിന് വേങ്ങര സ്വദേശി ചുള്ളിപ്പറമ്പ് വീട്ടിൽ അബ്ദുൾറഷീദ് കൊടക്കൽ ഭാഗത്ത് പണം കൈമാറാനായി സ്‌കൂട്ടറിൽ പോകവേ ബൈക്കിൽ എത്തിയ മൂവർസംഘം ഇയാളെ ആക്രമിച്ച് സ്‌കൂട്ടർ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. പ്രതികളെ തിങ്കളാഴ്‌ച രാവിലെ തെളിവെടുപ്പ് പൂർത്തിയാക്കി വീണ്ടും തിരൂർ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും.



