താനൂർ : താനൂരിൽ മൂന്നു വള്ളങ്ങൾ അപകടത്തിൽപ്പെട്ടു. എൻജിൻ തകരാറായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ് ടീമിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചതാണ് ഒരു സംഭവം. താനൂർ ഹാർബറിൽനിന്നു പുറപ്പെട്ട സുറൂർ ഇൻബോഡ് വള്ളമാണ് എൻജിൻ തകരാറായി കടലിൽക്കുടുങ്ങിയത്. പതിനെട്ട് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെയെല്ലാം രക്ഷപ്പെടുത്താനായി.
ഉണ്യാൽ പടിഞ്ഞാറ് 10 നോട്ടിക്കൽ മൈൽ ദൂരത്തുവെച്ചാണ് വള്ളം അപകടത്തിൽപ്പെട്ടത്. ശക്തമായ കുത്തൊഴുക്കിൽപ്പെട്ട വള്ളം പൊന്നാനിയിൽ വെച്ച് ഫിഷറീസ് വിഭാഗവും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് നടത്തിയ നാലര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്.
ചെട്ടിപ്പടി സ്വദേശി ഹാജിയാരകത്ത് അബ്ദുൽ ഷുക്കൂരിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. പ്രവർത്തനം നടത്തിയത്.
താനൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ രണ്ടു ചെറുതോണികൾ അപകടത്തിൽപ്പെട്ടതാണ് മറ്റ് രണ്ട് അപകടങ്ങൾ. നാലുപേർക്ക് പരിക്കേറ്റു. ഹാർബറിൽ നിന്ന് 200 മീറ്റർ അകലെ ശക്തമായ തിരമാലയിൽ പെട്ട് തോണികൾ മറിയുകയായിരുന്നു. മറ്റൊരു വള്ളത്തിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. കോട്ടിൽ ശിഹാബ്, ചപ്പാന്റകത്ത് ഹുസൈൻ, എളാരകത്ത് ത്വാഹ, എളാരകത്ത് ഫിറോസ് എന്നിവർക്കാണ് പരിക്കു പറ്റിയത്. ഇവർ തിരൂർ ജില്ലാ ആശുപത്രിയിലും കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സതേടി. കോട്ടിൽ ശിഹാബ്, ചുണ്ടന്റെ പുരക്കൽ ശിഹാബ് എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് തോണികൾ.



