റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സേനയ്ക്കുള്ളിൽ അതൃപ്തി : ക്ഷേത്ര നടത്തിപ്പിനു പൊലീസുകാരുടെ ശമ്പളത്തിൽനിന്നു തുക പിടിക്കാനുളള തീരുമാനം ആഭ്യന്തര വകുപ്പ് റദ്ദാക്കി.

July 24, 2023 - 1:40 pm

കോഴിക്കോട് : പൊലീസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിന്റെ നടത്തിപ്പിനു പൊലീസുകാരുടെ ശമ്പളത്തിൽനിന്നുമാസം തോറും പണം പിരിക്കുന്നതു തുടരാനുള്ള സിറ്റി പൊലീസ് അധികൃതരുടെ തീരുമാനം വിവാദമായി. സേനയ്ക്കുള്ളിൽ അതൃപ്തിയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നു തീരുമാനം ആഭ്യന്തര വകുപ്പ് ഇടപെട്ടു റദ്ദാക്കി. സർക്കുലർ പിൻവലിക്കാൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ നിർദ്ദേശം നൽകി.

ബ്രിട്ടിഷുകാരുടെ കാലം മുതൽ പൊലീസിനു ഭരണച്ചുമതലയുള്ള മുതലക്കുളം ഭദ്രകാളീക്ഷേത്രത്തിനു വേണ്ടി വർ‌ഷങ്ങളായി നടന്നു വന്നിരുന്ന പിരിവ്, വിവാദങ്ങളെ തുടർന്നു കഴിഞ്ഞ വർഷം മുതൽ നിർത്തിവച്ചിരിക്കുകയായിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലെ മുഴുവൻ‌ പൊലീസുകാരിൽനിന്നും മാസം 20 രൂപ വീതം വീണ്ടും പിരിച്ചെടുക്കാൻ ക്ഷേത്ര പരിപാലന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും, സംഭാവന നൽകാൻ താൽപര്യമില്ലാത്തവരുടെ വിവരങ്ങൾ 2023 ജൂലൈ 24 നു മുൻപായി അറിയിക്കണമെന്നും അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ പുതിയ സർക്കുലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. വിവാദമായതിനെ തുടർന്ന് തീരുമാനം റദ്ദാക്കി.

പൊലീസ് സേനാംഗങ്ങൾ ഭാരവാഹികളായ കമ്മിറ്റിക്കാണു ക്ഷേത്രത്തിന്റെ പരിപാലനച്ചുമതല. ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളുടെയും ഉത്സവത്തിന്റെയും നടത്തിപ്പു ചുമതലയും പൊലീസിനാണ്. ശമ്പളത്തിൽ നിന്നു നിർബന്ധിത പിരിവു നടത്തി ആരാധനാലയനടത്തിപ്പുകാരായി പൊലീസ് മാറേണ്ടതില്ലെന്ന് സി.ആർ.ബിജു പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രറിയായിരിക്കെ പരസ്യമായി പറഞ്ഞതോടെ വിഷയം വിവാദമായിരുന്നു. തുടർന്നു പിരിവു നിർത്തിവയ്ക്കുകയും ചെയ്തു. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശമ്പളത്തിൽ നിന്നു സംഭാവന പിടിച്ചില്ലെങ്കിലും പിന്നീട് ഓരോ പൊലീസ് സ്റ്റേഷനിൽ നിന്നും യൂണിറ്റ് മേധാവിമാർ നേരിട്ടു കുടിശിക പിരിക്കണമെന്നു നിർദേശം വന്നു.

അതിനു പിന്നാലെയാണു പുതിയ സർക്കുലർ ഇറങ്ങിയത്. മതപരമായ ചിഹ്നങ്ങൾ പോലും ഉപയോഗിക്കുന്നതിനു വിലക്കുള്ള സേനയിൽ ആരാധനാലയത്തിനു വേണ്ടി നിർബന്ധിത പിരിവു ശരിയല്ലെന്നാണു വിമർശകരുടെ വാദം. സംഭാവന നൽകാൻ താൽപര്യമില്ലാത്തവരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കുന്നതിലൂടെ സേനയ്ക്കുള്ളിൽ വിഭാഗീയത സൃഷ്ടിക്കാനാണു ശ്രമമെന്നും ആരോപണമുണ്ടായി. നിസ്സാര തുകയായതിനാൽ പരസ്യമായി വിമർശിക്കാൻ ആരും തയാറായില്ലെങ്കിലും, സിറ്റി പൊലീസ് പരിധിയിലെ 2,200 പൊലീസുകാരിൽ നിന്ന് 20 രൂപ വീതം ഈടാക്കുമ്പോൾ 5,28,000 രൂപയാണ് ഓരോ വർഷവും ക്ഷേത്രത്തിനു ലഭിക്കുന്ന വരുമാനമെന്നു വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. കണക്കു സൂക്ഷിക്കാതെ ഈ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി നേരത്തേ ആരോപണമുണ്ടായിരുന്നതുമാണ്. വിഷയം വീണ്ടും വിവാദമായതോടെ ആഭ്യന്തര വകുപ്പ് .ആസ്ഥാനത്തേക്കു രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകുകയായിരുന്നു….

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *